Quantcast

മന്ത്രിക്ക് അയിത്തം: സംഘാടകരിൽ നിന്ന് വീഴ്ച വന്നെങ്കിൽ തിരുത്തുമെന്ന് ക്ഷേത്ര ട്രസ്റ്റ്‌

ഇന്ന് ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2023-09-20 17:31:55.0

Published:

20 Sept 2023 9:53 PM IST

will correct there was any fault says temple trust on cast discrimination to minister
X

കണ്ണൂർ: ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ക്ഷേത്രം ട്രസ്റ്റ്‌. സംഘാടകരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെങ്കിൽ തിരുത്തുമെന്ന് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രം ട്രസ്റ്റ്‌ അറിയിച്ചു.

ദേവസ്വം ബോർഡിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് വീഴ്ച പരിഹരിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു. ഇന്ന് ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.

കണ്ണൂർ പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് ജാതിവിവേചനമുണ്ടായതായി മന്ത്രി വെളിപ്പെടുത്തിയത്. എന്നാൽ ഓരോ അമ്പലങ്ങളിലും ഓരോ രീതിയാണെന്നും ജാതിവിവേചനം നിലനിൽക്കുന്നു എന്ന് പറയാൻ കഴിയില്ലെന്നുമായിരുന്നു നേരത്തെ, ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് പ്രതികരിച്ചത്.

സംഭവം നടക്കുമ്പോൾ താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മന്ത്രിയോ എംഎൽഎയോ ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് മന്ത്രിയുടെ പരാതി അറിഞ്ഞതെന്നും തന്ത്രി മീഡിയവണിനോട് പറഞ്ഞിരുന്നു.

ക്ഷേത്രചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചെന്നും അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നുമായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജാതിവ്യവസ്ഥയുടെ ദുരന്തങ്ങളിൽ നിന്ന് ഏറെ മുന്നോട്ടുപോയ നാടാണ് കേരളമെങ്കിലും ഇപ്പോഴും ചിലരുടെ മനസിൽ ജാതിചിന്തയുണ്ടെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. ജാതിചിന്ത മനസിൽ പിടിച്ച കറയാണ്. പെട്ടെന്ന് മാറ്റാൻ കഴിയില്ല. ക്ഷേത്രത്തിൽ നടന്നത് ഇവിടുത്തെ പൊതുസമൂഹം അംഗീകരിക്കാത്തതു കൊണ്ട് അതു വലിയ വിവാദമാക്കാൻ നിന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.







TAGS :

Next Story