രാഹുലിനെ പുറത്താക്കൽ ഇപ്പോഴില്ല, ഉചിതമായ സമയത്ത് നടപടിയെന്ന് സണ്ണി ജോസഫ്
'പുറത്താക്കലിനൊക്കെ അതിന്റേതായ നടപടിക്രമങ്ങളുണ്ട്. എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടത് ആ വ്യക്തിയാണ്'.

ആലപ്പുഴ: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നത് വൈകും. അത്തരം നടപടികൾ ഇപ്പോഴില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടിയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദ്യം വാർത്ത വന്നപ്പോൾ തന്നെ രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു. നിയമസഭ സമ്മേളിക്കുന്ന ഘട്ടമായപ്പോൾ പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. അക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പ്രതിപക്ഷനേതാവ് കത്ത് കൊടുത്തു. അങ്ങനെ രാഹുൽ നിയമസഭയിൽ പ്രത്യേകമായാണ് ഇരുന്നത്. അത്രയും നിലപാട് തങ്ങൾ സ്വീകരിച്ചെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
ഇനി എന്ത് നടപടി വേണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. പുറത്താക്കലിനൊക്കെ അതിന്റേതായ നടപടിക്രമങ്ങളുണ്ട്. ഓരോ സാഹചര്യവും അതിന്റേതായ അർഥത്തിൽ പരിഗണിക്കും. സസ്പെൻഷന് ശേഷം രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ല. എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടത് ആ വ്യക്തിയാണെന്നും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തയാൾ സ്വയം ഉചിതമായ തീരുമാനമെടുക്കണമെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഇതുവരെ തനിക്ക് പരാതികൾ വന്നിരുന്നില്ല. കൃത്യമായൊരു പരാതി വന്നത് ഇന്നലെയാണ്. അതിൽ പേരോ സ്ഥലമോ ഇല്ലാതിരുന്നിട്ടും ഡിജിപിക്ക് കൈമാറി. പരാതിക്കാരിക്ക് മറുപടിയും അയച്ചു. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ച ശേഷമാണ് മറ്റൊരു പരാതി തനിക്കും പ്രതിപക്ഷ നേതാവിനും കിട്ടിയത്. അതിൽ കേസെടുക്കാൻ മുഖ്യമന്ത്രി പൊലീസിന് കൈമാറുകയും നിയമനടപടിയാരംഭിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ആ കേസിൽ പാർട്ടിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അതായിരുന്നു സാഹചര്യം.
തങ്ങൾക്ക് കോടതിയും പൊലീസുമുണ്ടെന്ന് സിപിഎം നേതാവ് നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ കോൺഗ്രസിന് അങ്ങനെ കോടതിയും പൊലീസുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് എല്ലാ കോൺഗ്രസ് നേതാക്കളും പറഞ്ഞത്. നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകട്ടെ. സിപിഎം പ്രതികളെ ഭരണത്തിന്റെ ബലത്തിലും പാർട്ടിയുടെ തണലിലും സംരക്ഷിക്കുമ്പോൾ തങ്ങൾ പരാതി സംബന്ധിച്ച് വാർത്തകൾ വന്നപ്പോൾ തന്നെ ഉചിതമായ നടപടി സ്വീകരിച്ചു, വിഷയത്തെ ഗൗരവമായി കണ്ടു- സണ്ണി ജോസഫ് വിശദമാക്കി.
തങ്ങൾ രാഹുലിനെതിരെ സംഘടനാപരമായ നടപടി സ്വീകരിച്ചപ്പോൾ സ്വർണക്കൊള്ള കേസിൽ നേതാക്കൾ റിമാൻഡിലായിട്ടും അവരെ പാർട്ടിയിൽ പുറത്താക്കാനോ കാരണംകാണിക്കൽ നോട്ടീസ് നൽകാനോ സിപിഎം തയാറായിട്ടില്ല. ശബരിമല സ്വർണക്കൊള്ളയിൽ കോടതി അന്വേഷണസംഘത്തിന് കാലാവധി നീട്ടിക്കൊടുക്കുകയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളുകയുമാണ് ചെയ്തത്. ജനങ്ങൾ വളരെ ഗൗരവത്തിൽ വീക്ഷിക്കുന്ന കാര്യമാണിത്. നഷ്ടപ്പെട്ട സ്വർണം തിരികെക്കിട്ടണം. കളവുമുതൽ കണ്ടെടുക്കണം. പ്രതികളെ ചോദ്യം ചെയ്യണം. ഇതുവരെ അത്തരം നടപടികൾ ഉണ്ടാവാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്. അതെല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. തികഞ്ഞ വിജയപ്രതീക്ഷയാണ് പാർട്ടിക്കുള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
Adjust Story Font
16

