Quantcast

'കുറേ പേര്‍ കൂടിനിന്ന് ഒരാളെ അടിക്കുന്നതു കണ്ടു, അടിയേറ്റയാള്‍ വീണുകിടക്കുകയായിരുന്നു': യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലെ ദൃക്സാക്ഷി

മലമ്പുഴ കടുക്കാംകുന്നം സ്വദേശിയായ 27കാരന്‍ റഫീഖ് ആണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-04-08 02:52:46.0

Published:

8 April 2022 2:48 AM GMT

കുറേ പേര്‍ കൂടിനിന്ന് ഒരാളെ അടിക്കുന്നതു കണ്ടു, അടിയേറ്റയാള്‍ വീണുകിടക്കുകയായിരുന്നു: യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലെ ദൃക്സാക്ഷി
X

ഒലവക്കോട്: പാലക്കാട് ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശിയായ 27കാരന്‍ റഫീഖ് ആണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ റഫീഖിനെ മര്‍ദിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷിയായ ബിനു പറഞ്ഞു.

മര്‍ദനം നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടില്‍ താമസിക്കുന്ന ബിനു പറയുന്നതിങ്ങനെ- "ഇന്നലെ രാത്രി 12 മണിയോടെ ബഹളം കേട്ടു വീടിനു മുകളിലത്തെ നിലയില്‍ നിന്ന് നോക്കിയതാണ്. അപ്പോള്‍ കുറേപ്പേര്‍ കൂടിനില്‍ക്കുന്നതു കണ്ടു. പതിനഞ്ചോളം പേരുണ്ടായിരുന്നു. ഒരാളെ കൂടിനിന്നവര്‍ അടിക്കുന്നതാണ് കണ്ടത്. അടിയേറ്റയാള്‍ നിലത്തുവീണതു കണ്ടു. അപ്പോള്‍ത്തന്നെ പൊലീസിനെ വിളിച്ചു. 10 മിനിറ്റ് കൊണ്ട് പൊലീസ് വന്നു. അപ്പോഴേക്കും തല്ലിയവരില്‍ കുറച്ചുപേര്‍ തിരിച്ചുവന്നിരുന്നു. അടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വണ്ടി മോഷ്ടിച്ചതിനാണ് മര്‍ദിച്ചതെന്ന് പറയുന്നതുകേട്ടു"

ഇന്നലെ മുണ്ടൂര്‍ കുമ്മാട്ടി ഉത്സവമായിരുന്നു. അതുകഴിഞ്ഞ് ബാറിലേക്കുവന്ന പ്രതികളില്‍ ഒരാളുടെ ബൈക്ക് റഫീഖ് മോഷ്ടിച്ചു എന്നാണ് ആരോപണം. റഫീഖ് ബൈക്ക് തള്ളിക്കൊണ്ടുപോവുന്നതു കണ്ടെന്ന് പറഞ്ഞാണ് പ്രതികള്‍ റഫീഖിനു പിന്നാലെ ചെന്നത്. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. റഫീഖ് അടിയേറ്റ് ബോധരഹിതനായതോടെ പ്രതികളില്‍ ചിലര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പ്രതികളില്‍ മൂന്നു പേരെ തടഞ്ഞുവെച്ചു. ഇവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

കൊല്ലപ്പെട്ടയാളും പ്രതികളും തമ്മില്‍ മുന്‍പരിചയമില്ലെന്നാണ് പ്രാഥമിക വിവരം. ക്രിമിനൽ കേസുകളിൽ പ്രതിയാണ് റഫീഖെന്ന് പൊലീസ് അറിയിച്ചു. റഫീഖിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

TAGS :

Next Story