മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു
ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന പെരുമ്പാവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ചു. ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുന്ന അസ്മ അഞ്ചാമത്തെ പ്രസവത്തിലാണ് മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ യുവതിയുടെ സ്വദേശമായ പെരുമ്പാവൂരിലേക്ക് കൊണ്ടുപോകുകയും ശേഷം പൊലീസ് ഇടപെട്ട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് അസ്മ പ്രസവിക്കുന്നത്.ആലപ്പുഴ സ്വദേശിയായ ഭർത്താവ് സിറാജുദ്ദീൻ കുഞ്ഞ് ജനിച്ച ഉടനെ വാട്സാപ്പിൽ ഈ വിവരം സ്റ്റാറ്റസ് ഇട്ടതായി നാട്ടുകാർ പറയുന്നു. എന്നാൽ പിന്നീടുണ്ടായ അമിത രക്തസ്രാവം മൂലം യുവതി മരിക്കുകയായിരുന്നു. ഇതോടെ ആരുമറിയാതെ രാത്രിയോടെ തന്നെ യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി..
ഭാര്യയ്ക്ക് ശ്വാസം മുട്ടലാണന്ന് ആംബുലൻസ് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര. തുടര്‍ന്ന് പുലര്‍ച്ചയോടെ അസ്മയുടെ മൃതദേഹം ഭര്‍ത്താവ് പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. ഇതറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.രാവിലെ പോലീസ് വിളിക്കുമ്പോഴാണ് പ്രദേശവാസികൾ വിവരം അറിയുന്നത്. സിറാജുദ്ദീൻ അയൽവാസികളുമായി അടുപ്പം പുലർത്തിയിരുന്നില്ലന്നാണ് നാട്ടുകാർ പറയുന്നത്.ഭാര്യ ഗർഭിണിയായ വിവരം ആശാവർക്കറെ പോലും അറിയിക്കാതെ മറച്ചുവച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തില്‍ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. അമിത രക്തസ്രാവമുണ്ടായിട്ടും ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നാണ് കുടുംബം പറയുന്നത്. പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16

