പ്രസവിച്ച യുവതിയുടെ വയറിൽ തുണിക്കഷണം; കേസെടുത്ത് പൊലീസ്
ശരീരഭാഗത്തിൽനിന്നു രണ്ട് കഷണം തുണിയാണ് ലഭിച്ചത്

വയനാട്: മാനന്തവാടി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് മാനന്തവാടി പൊലീസ്.
മാനന്തവാടി എസ്ഐ എം.സി പവനനാണ് അന്വേഷണ ചുമതല. ചികിത്സാപ്പിഴവ് സംബന്ധിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പൊലീസ് യുവതിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. ശരീരത്തിൽനിന്നു ലഭിച്ച തുണിയുടെ കഷണം അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ എടുത്തു.
ശരീരഭാഗത്തിൽനിന്നു രണ്ട് കഷണം തുണിയാണ് ലഭിച്ചത്. ഇതിൽ ഒന്ന് കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ ആരോഗ്യവകുപ്പ് ഡയറക്ടറുടെ സംഘത്തിന് കൈമാറിയിരുന്നു. അസഹനീയമായ വേദനയെ തുടർന്ന് 21കാരി ആശുപത്രിയിലെത്തിയെങ്കിലും സ്‌കാനിങ്ങിന് തയാറായില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. ഇതിന് ശേഷം തുണിക്കഷണം ശരീരത്തിൽ നിന്ന് പുറത്തുവന്നെന്നാണ് പരാതി.
മാനന്തവാടി പാണ്ടിക്കടവ് സ്വദേശിയായ യുവതിയാണ് മെഡിക്കൽ കോളജിലെ സ്ത്രീരോഗ വിഭാഗം ഡോക്ടർക്കെതിരെ പരാതി നൽകിയത്. മന്ത്രി ഒ.ആർ കേളു, ഡിഎംഒ, ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. പ്രസവ ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് തവണ ആശുപത്രിയിൽ പോയെങ്കിലും ആശുപത്രി സ്‌കാനിങ്ങിന് തയാറായില്ല. ഡോക്ടറുടെ ശ്രദ്ധക്കുറവാണ് തുണി കുടുങ്ങാൻ കാരണമെന്ന് കുടുംബം ആരോപിച്ചു.
Adjust Story Font
16

