കോഴിക്കോട് വില്യാപ്പള്ളിയിൽ ഒന്നേകാൽ കോടി മുടക്കി നിര്‍മിച്ച വനിതാഹോസ്റ്റൽ നശിക്കുന്നു
ജില്ലാ പഞ്ചായത്ത് നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും പ്രവർത്തനമാരംഭിച്ചില്ല

കോഴിക്കോട്: വില്യാപ്പള്ളിയിൽ കോഴിക്കോട് ജില്ലാപഞ്ചായത്ത് പണികഴിപ്പിച്ച വനിതാഹോസ്റ്റൽ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും പ്രവർത്തനമാരംഭിച്ചില്ല. ഒന്നേകാൽ കോടി രൂപയോളം ചെലവിട്ട് നിർമിച്ച കെട്ടിടം ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. മിനിക്കുപണികള്‍ കാരണമാണ് തുറക്കല്‍ വൈകിയതെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതർ പറയുന്നത്.
വടകരയിലും വില്യാപ്പള്ളി പഞ്ചായത്തിലുമായി ദൂരസ്ഥലങ്ങളിൽ നിന്നെത്തി ജോലിചെയ്യുന്നവർക്കായാണ് ജില്ലാപഞ്ചായത്ത് വനിതാഹോസ്റ്റൽ നിർമിച്ചത്. വില്യാപ്പള്ളി പഞ്ചായത്തിന്‍റെ സ്ഥലത്ത് മയ്യണ്ണൂർ അരകുളങ്ങരയിൽ ഒന്നേകാൽ കോടിയോളം മുടക്കിയായിരുന്നു നിർമാണം. 2020 ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലെ ഫലകം പോലും മുറിക്കുള്ളിൽ മാറ്റിവെച്ചിരിക്കുകയാണ്. മിനിക്കുപണികള്‍ ബാക്കിയുണ്ടായിരുന്നതിനാലാണ് ഹോസ്റ്റല്‍ തുറക്കാത്തതെന്നാണ് ജില്ലാ പഞ്ചായത്ത് നൽകുന്ന വിശീദകരണം.
'കോവിഡ് സമയത്ത് ചെറിയ സൗകര്യത്തെ ഒരുക്കി കൊടുത്തു എന്നല്ലാതെ ഇവിടെയിപ്പോൾ ഇലക്ട്രിസിറ്റി സൗകര്യം പോലുമില്ല. കുടിവെള്ള പ്രശ്നം കൊണ്ടാണ് കെട്ടിടം അടഞ്ഞു കിടക്കുന്നത് എന്നാണ് വിശദീകരണം. എന്നാൽ അഞ്ച് വർഷമാണ് ഇതിനുള്ള കാലതാമസമെങ്കിൽ എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നതെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കും. ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇതിൽ മുൻകൈയെടുത്ത് പരിഹാരം കണ്ടില്ലായെങ്കിൽ ജില്ലാ പച്ചയത്തിലെ യുഡിഎഫ് അംഗങ്ങൾ മുന്നോട്ട് പോകും' ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ വിപി പറഞ്ഞു.
വനിതകൾക്ക് സുരക്ഷയോടെ താമസിക്കാൻ നിർമിച്ച കെട്ടിടത്തിലേക്കെത്താനും കുറച്ചൊന്നു പാടുപെടണം. ജനവാസ മേഖലയിൽ നിന്ന് മാറി ഉൾപ്രദേശത്താണ് കെട്ടിടംമുള്ളത്. തൊട്ടടുത്തായി വില്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ബഡ്സ് സ്കൂളും ബിആർസിയുടെ ഓട്ടിസം സെന്ററുമുണ്ടെങ്കിലും ഇവിടേക്കുള്ള വഴി വളരെ മോശമാണ്.
ജനങ്ങളുടെ ശ്രദ്ധയെത്താത്ത ഇടമായതുകൊണ്ട്തന്നെ രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാവുകയാണ് ഇവിടം. പഴയ ഭരണസമിതിയുടെ കാലത്ത് നിർമിച്ച കെട്ടിടം പുതിയ ഭരണസമിതി കാലാവധി പൂർത്തിയാക്കാൻ മൂന്ന് മാസം മാത്രം ഉള്ളപ്പോഴും തുറന്ന് കൊടുക്കാത്തത് അനാസ്ഥയല്ലാതെ മറ്റെന്താണ്.
Adjust Story Font
16

