Quantcast

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി

ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തതെന്ന് പരാതിക്കാരി

MediaOne Logo

Web Desk

  • Updated:

    2022-12-28 06:53:00.0

Published:

28 Dec 2022 6:48 AM GMT

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് പരാതിക്കാരി
X

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്ന് സോളാർ പീഡന കേസിലെ പരാതിക്കാരി. ഉമ്മൻചാണ്ടിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് നിയമ നടപടിക്ക് പോകാത്തത്. ബാക്കിയുള്ളവർക്ക് ക്ലീന്‍ചിറ്റ് നല്‍കിയ സി.ബി.ഐ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ക്ലിഫ് ഹൌസില്‍ വെച്ച് ശാരീരിക ചൂഷണം നടത്തിയെന്നായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായ പരാതി. എന്നാല്‍ പരാതിക്കാരി പീഡിപ്പിക്കപ്പെട്ടതായി പറയുന്ന ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൌസില്‍ ഉണ്ടായിരുന്നില്ലെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. മാത്രമല്ല പരാതിക്കാരിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സി.ബി.ഐ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡിപ്പിക്കുന്നത് പി.സി ജോര്‍ജ് കണ്ടുവെന്ന പരാതിക്കാരിയുടെ മൊഴിയും വസ്തുതാപരമല്ലെന്ന് സി.ബി.ഐ കണ്ടെത്തി. താന്‍ കണ്ടില്ലെന്ന പി.സി ജോര്‍ജിന്‍റെ മൊഴിയും സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു.

മസ്കോറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ ആരോപണവും നിലനില്‍ക്കില്ലെന്ന് സി.ബി.ഐ കണ്ടെത്തി. ഇതിനാവശ്യമായ തെളിവ് അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട്. എ.പി അനില്‍ കുമാര്‍, കെ.സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരായ ആരോപണത്തിലും കഴമ്പില്ലെന്ന് സി.ബി.ഐ നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെ.സി വേണുഗോപാല്‍ പണം നല്‍കിയെന്ന പരാതിക്കാരിയുടെ മുന്‍ മാനേജരുടെ മൊഴി തെറ്റാണെന്നത് അടക്കമുള്ള കണ്ടെത്തലുകള്‍ സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്.


TAGS :

Next Story