Quantcast

ബഷീറിനോടല്ലാതെ വേറെ ആരോട് എന്നെ കംപയർ ചെയ്താലും ഇൻസൽട്ട് ചെയ്യുകയാണ്: ജയമോഹൻ

''ഞാൻ മലയാളികളെ പുച്ഛിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ പുച്ഛിച്ചോളൂ. എല്ലാവരും ചേർന്ന് എന്നെ ഡിസ്മിസ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങൾക്ക് എന്നെ ഡിസ്മിസ് ചെയ്യാൻ കഴിഞ്ഞാൽ ഞാൻ അത്രയേയുള്ളൂ''- ജയമോഹൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    27 March 2024 3:56 PM GMT

Writer Jayamohan Madhyamam Inteview
X

വൈക്കം മുഹമ്മദ് ബഷീറിനോടല്ലാതെ മറ്റാരോട് തന്നെ താരതമ്യപ്പെടുത്തിയാലും അത് ഇൻസൽട്ട് ചെയ്യലാണെന്ന് എഴുത്തുകാരൻ ജയമോഹൻ. ഒരു എഴുത്തുകാരൻ തനിക്ക് ഇത്ര മാത്രമാണ് ചെയ്യാനുള്ളതെന്ന് കരുതിയാൽ അത് അത്രയേ ഉള്ളൂ. ആധുനിക എഴുത്തുകാരുടെ രീതിയാണിത്. ഇവർ ജീവിതത്തിലെ ഏകാന്തതയും അർഥ ശൂന്യതയുമൊക്കെ ആവർത്തിച്ച് എഴുതിക്കൊണ്ടിരിക്കും. ക്ലാസിക്കൽ ഏഴുത്തുകാർ അങ്ങനെയായിരുന്നില്ല. വോള്യം വെച്ചുനോക്കിയാൽ ഇന്ത്യയിൽ ഏറ്റവും അധികം എഴുതിയ എഴുത്തുകാരൻ താനായിരിക്കും. പക്ഷേ, ഇപ്പോഴും ടോൾസ്റ്റോയിയോ ദസ്തേവ്സ്കിയോ ബൽസാകോ എഴുതിയ അത്ര എഴുതിയിട്ടില്ലെന്നും 'മാധ്യമം' ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞു.

എന്റെ മിഷൻ എന്നത് തമിഴ് സമുദായത്തോട് സംസാരിക്കുക എന്നതാണ്. എല്ലാ തരത്തിലും അവരോട് സംവദിക്കുകയും അവരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യും. ഞാനൊരു യുദ്ധത്തിലാണ്. യുദ്ധത്തിൽ ഒരാൾ ഞാൻ ഇത്ര യുദ്ധം ചെയ്താൽ മതിയെന്ന് വിചാരിക്കില്ല. ഞാനെന്തൊക്കെയാണ് ചെയ്യുന്നത്. സാഹിത്യം എഴുതുന്നുണ്ട്. 150ലേറെ നിരൂപണ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്ത്യൻ തത്ത്വചിന്തയെക്കുറിച്ച് 20ലേറെ പുസ്തകങ്ങൾ. പൊള്ളിറ്റിക്സ് പറയുന്ന പുസ്തകങ്ങൾ 30ലേറെ. മൊത്തം തമിഴിൽ 350 ടൈറ്റിലുകൾ ഏന്റേതായുണ്ട്. എന്റെ രചനകൾ പ്രസിദ്ധീകരിക്കാൻ സ്വന്തമായി ഒരു പ്രസിദ്ധീകരണാലയം നടത്തുന്നു. വിഷ്ണുപുരം ലിറ്റററി സർക്കിൾ എന്നൊരു സ്ഥാപനം ഉണ്ടാക്കി. ഇവിടെയും യു.കെയിലും അമേരിക്കയിലുമൊക്കെ അതിന് ശാഖകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ സ്ഥാപനങ്ങളിലൊന്നാണത്. ഒരു കൊല്ലത്തിൽ മൂന്ന് മേജർ അവാർഡുകൾ നൽകുന്നു. തമിഴിലെ ഏറ്റവും വലിയ അവാർഡ് ഞങ്ങൾ കൊടുക്കുന്നതാണ്. നിത്യ ചൈതന്യയതിയുടെ പേരിൽ കൊല്ലംതോറും സെമിനാർ നടത്തുന്നു. ഇതിനൊക്കെ പുറമെ നിത്യ ചെതന്യയതിയുടെ പേരിൽ നിത്യവനം എന്ന പേരിൽ ഒരു സ്ഥാപനം ഞാൻ തുടങ്ങിയിട്ടുണ്ട്. ഇതിനകം നൂറുലധികം ക്ലാസുകളാണ് വിവിധ വിഷയങ്ങളിൽ അവിടെ നടന്നത്. ഇത് എഴുത്തുകാരൻ ചെയ്യുന്നതാണ്. അയാൾക്ക് ചുറ്റുമുള്ളവർ കൂടി ചെയ്യുന്നതാണ്. ഇങ്ങനെയായിരുന്നു ക്ലാസിക്കൽ എഴുത്തുകാരെന്നും ജയമോഹൻ പറഞ്ഞു.

പുതിയ എഴുത്തുകാർക്ക് ‍ഞാൻ നല്ലൊരു മാതൃകയാണ്. ഒരു എഴുത്തുകാരന് ഒരിക്കലും ഇൻഫീരിയോരിറ്റി കോംപ്ലക് ഉണ്ടാവാൻ പാടില്ല. ഞാനൊരു മുഖ്യമന്ത്രിയെ കാണുകയാണെങ്കിൽ ഞാൻ പോയി അദ്ദേഹത്തെ ​ഗ്രീറ്റ് ചെയ്യില്ല. ഒരു മിനിസ്റ്ററുടെ മുന്നിലും ഞാൻ നിൽക്കില്ല. ഒരിടത്തും സബ്മിസീവ് ആയിരിക്കില്ല. എന്റെ തലമുറയിലെ ഏറ്റവും വലിയ പേഴ്സണാലിറ്റി ഞാനാണ്. ഇന്ന് തമിഴ്നാട്ടിൽ ജീവിച്ചിരിക്കുന്നവരിൽ 200-300 കൊല്ലം കഴിഞ്ഞാലും ചരിത്രത്തിൽ ബാക്കിയാകുന്ന രണ്ടോ മൂന്നോ പേരിൽ ഒരാളാണ് ഞാൻ. അങ്ങനെയുള്ള ഞാൻ ഒരു രാഷ്ട്രീയക്കാരന്റെ മുന്നിലും പോയി നിൽക്കില്ല. അതുകൊണ്ടാണ് പത്മശ്രീ വേണ്ടെന്ന് വെച്ചത്. ഇന്ത്യ ​ഗവൺമെന്റ് പത്മശ്രീ ഓഫർ ചെയ്തു. ഞാൻ വേണ്ട എന്ന് പറയുകയായിരുന്നു. ഒരു രാഷ്ട്രീയക്കാരന്റെ കയ്യിൽനിന്ന് അതെനിക്ക് വാങ്ങാൻ കഴിയില്ല. അയാളൊരു ചെറിയ ആളാണ്. 10 കൊല്ലം കഴിഞ്ഞാൽ ഈ രാഷ്ട്രീയക്കാരനെ ആര് ഓർക്കാൻ പോകുന്നു? സാഹിത്യ അക്കാദമി അവാർഡിലും താൽപ്പര്യമില്ല. അങ്ങനെയൊരു സ്ഥാപനത്തെ ഞാൻ അം​ഗീകരിക്കുന്നില്ല. അതിലും വലിയ ആളാണ് ഞാൻ. ഈ ഒരു അഹംഭാവം ഓരോ ചെറുപ്പക്കാരനും ഉണ്ടാവണം. ഇത് ഞാൻ പഠിച്ചത് പി.കെ ബാലകൃഷ്ണനിൽനിന്നാണ്. ഒരിക്കൽ ഞാൻ ബഷീറിനെ കാണാൻ പോയി. എന്റെ ഒരു ഐഡിയൽ ഫി​ഗറാണ് അദ്ദേഹം. തകഴിക്ക് ജ്ഞാനപീഠം കിട്ടിയതിനെ കുറിച്ച് ചോദിച്ചപ്പോൾ നല്ല കാര്യമാണ്, നല്ല എഴുത്തുകാരനാണ് എന്നായിരുന്നു പ്രതികരണം. താങ്കൾക്ക് കിട്ടിയില്ലല്ലോ എന്ന് ചോദിച്ചപ്പോൾ അതുകൊണ്ടാണോ ബഷീർ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ജയമോഹൻ പറഞ്ഞു.

എഴുത്തുകാർ രണ്ട് തരത്തിലാണ്. ഫെയിമിന് വേണ്ടി പോകുന്നവരാണ് ആദ്യത്തെ വിഭാ​ഗം. അവർക്ക് വേണ്ടത് അവർക്ക് കിട്ടും. ബൈക്കിൽ വീലിങ് ചെയ്താൽ തന്നെ നിങ്ങൾക്ക് ഒരുലക്ഷം ഫോളോവേഴ്സ് ഉണ്ടാവും. യൂട്യൂബിൽ എന്ത് വിളിച്ചുപറഞ്ഞാലും ഒരുലക്ഷം പേരെ കിട്ടും. എഴുത്തുകാരന്റെ മിഷൻ അതല്ല. ഞാൻ തമിഴിലെ ഏറ്റവും പോപ്പുലറായ സിനിമകൾ ഏഴുതുന്ന ആളാണ്. പക്ഷേ എല്ലാ സിനിമ സ്റ്റേജിലും പോയി നിൽക്കാറില്ല. എനിക്ക് എന്റെ വായനക്കാരോട് സംവദിക്കുകയാണ് വേണ്ടത്. അവരുടെ ചിന്തകളെ സ്വാധീനിക്കുകയും അടുത്ത തലമുറയിലെ മികച്ച ചിന്തകരോട് കമ്യൂണിക്കേറ്റ് ചെയ്യുകയുമാണ് വേണ്ടത്. അല്ലാതെ പോപ്പുലാരിറ്റിയല്ല തന്റെ ഉദ്ദേശം. ഇന്ന് എഴുതുന്നവർക്ക് എത്രയും പെട്ടെന്ന് പ്രശസ്തരാവണം. ഒന്നോ രണ്ടോ നോവൽ എഴുതി നോക്കിയിട്ട് വിജയിച്ചില്ലെങ്കിൽ നേരെ പോയി ഫേസ്ബുക്കിൽ എഴുതുന്നവരാണ് ഇന്നുള്ളതെന്നും ജയമോഹൻ പറഞ്ഞു.

മലയാളത്തിൽ എനിക്ക് ബഹുമാനമുള്ള നിരവധി ഏഴുത്തുകാരുണ്ട്. കൽപ്പറ്റ നാരായണൻ ഞാൻ ആരാധിക്കുന്ന എഴുത്തുകാരനാണ്. ടി.പി രാജീവൻ, സുഭാഷ് ചന്ദ്രൻ, ആർ. ഉണ്ണി തുടങ്ങി എനിക്ക് ഇഷ്ടമുള്ള നിരവധി എഴുത്തുകാരുണ്ട്. കെ.ആർ മീര അടക്കമുള്ള പല എഴുത്തുകാരും ജനറൽ പൊളിറ്റിക്കൽ ഐഡിയകൾ പറയുന്നവരാണ്. അവരെ ഞാനെന്തി വായിക്കണം? അല്ലാതെ, മലയാളി എഴുത്തുകാരെ ഞാൻ എന്തിന് പുച്ഛിക്കണം? എന്റെ ആദർശ ​ഗുരുക്കൻമാരെല്ലാം മലയാളി എഴുത്തുകാരാണ്. ​ഗോവിന്ദന്റെ ട്രഡീഷനിൽ വരുന്ന ആളല്ലേ ഞാൻ. ഇന്ത്യയിലെ ഏറ്റവും വലിയ കവിയാണ് പി. രാമൻ. അങ്ങനെ മഹാൻമാരായ കവികൾ മലയാളത്തിലുണ്ട്. എഴുതിയിരുന്ന കാലത്ത് മഹത്തായ രചനകൾ നടത്തിയിരുന്ന ആളാണ് പി.പി രാമചന്ദ്രൻ. ഇപ്പോൾ അദ്ദേഹം എഴുതുന്നില്ല. അങ്ങനെയുള്ള ആൾക്കാരുമുണ്ട്.

ഞാൻ മലയാളികളെ പുച്ഛിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എല്ലാവരും ചേർന്ന് എന്നെ പുച്ഛിച്ചോളൂ. എല്ലാവരും ചേർന്ന് എന്നെ ഡിസ്മിസ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങൾക്ക് എന്നെ ഡിസ്മിസ് ചെയ്യാൻ കഴിഞ്ഞാൽ ഞാൻ അത്രയേയുള്ളൂ. അങ്ങനെ എന്റെ എഴുത്ത് വിലയില്ലാത്തതാകുമെങ്കിൽ ആയിക്കോട്ടെ. എന്റെ മിഷൻ സാഹിത്യകാരനായി ഇവിടെ നിൽക്കുകയല്ല. സൊസൈറ്റിയോട് ധാർമികമായും സൗന്ദര്യശാസ്ത്രപരമായും സംസാരിക്കുകയാണ് എന്റെ ലക്ഷ്യം. അത് മാത്രമേ ഞാൻ ചെയ്യൂ. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിന്റെ ആശയങ്ങളെ സാഹിത്യത്തിലേക്ക് കുത്തിത്തിരുകി ചവിട്ടിപ്പിടിച്ച് വെക്കുന്നവരോട് ഒരു താൽപ്പര്യവുമില്ലെന്നും ജയമോഹൻ വ്യക്തമാക്കി.

TAGS :

Next Story