'അതുമൊരു ജീവനല്ലേ...'; തെരുവ് നായക്ക് വേണ്ടി നാലു ചെറുപ്പക്കാര്‍ ഉറക്കമൊഴിച്ച് കൂട്ടിരുന്നത് ഒരു രാത്രി, കൊല്ലത്ത് നിന്നൊരു സ്നേഹക്കാഴ്ച
ഉറക്കം നഷ്ടമായെങ്കിലും ഒരു ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് യുവാക്കള്‍

കൊല്ലം: തെരുവ് നായയ്ക്ക് വേണ്ടി കൊല്ലത്തെ നാലു ചെറുപ്പക്കാര്‍ ഉറക്കമൊഴിച്ച് കൂട്ടിരുന്നത് ഒരു രാത്രി. വാഹനമിടിച്ച് വഴിയിൽ കിടന്ന നായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശസ്ത്രക്രിയ രാത്രി നടക്കാതിരുന്നതാണ് പ്രശ്നമായത്. കൂട്ടിരിപ്പുകാര്‍ വേണമെന്ന് ആശുപത്രിക്കാര്‍ പറഞ്ഞതോടെ നാലു സുഹൃത്തുക്കൾ മാറി മാറി നിന്നാണ് നേരം വെളുപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി കൊല്ലം ഉളിയക്കോവിലിന് സമീപത്ത് വച്ചാണ് നായ അപകടത്തിൽപ്പെട്ടത്. ഇടിച്ച വാഹനം നിർത്താതെ പോയി. വേദന സഹിക്കാൻ ആകാതെയുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ ചെറുപ്പക്കാര്‍ നായയെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ചു. നാല് പേരും മാറി മാറി നായയ്‌ക്ക് കൂട്ടിരുന്നു. യുവാക്കൾക്ക് പുറമെ സഹായത്തിന് മറ്റൊരാളും ഒപ്പം ഉണ്ടായിരുന്നു.കൂട്ടിരിക്കാൻ സഹായം ചോദിച്ചെങ്കിലും മറ്റാരും തയ്യാറായില്ല. മനുഷ്യനല്ലല്ലോ,ചത്തോട്ടെയെന്നായിരുന്നു ആളുകളുടെ മനോഭാവമെന്നും ഇവര്‍ പറയുന്നു.
പിന്നാലെ കാലിന് ഉണ്ടായ ഒടിവ് ശസ്ത്രക്രിയ ചെയ്തു. മൃഗസംരക്ഷണ വകുപ്പ് നായയെ ഏറ്റെടുത്ത് അഞ്ചാലുംമൂട് മൃഗാശുപത്രിയിലേക്ക് മാറ്റി. ഉറക്കം നഷ്ടമായെങ്കിലും ഒരു ജീവൻ രക്ഷിക്കാനായ സന്തോഷത്തിൽ നാൽവർ സംഘം മടങ്ങി.
വിഡിയോ സ്റ്റോറി കാണാം..
Adjust Story Font
16

