Quantcast

സ്വന്തമായി പൊലീസും കോടതിയുമില്ല, പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല: യൂത്ത് കോണ്‍ഗ്രസ്

'പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്'

MediaOne Logo

Web Desk

  • Published:

    7 July 2022 10:39 AM GMT

സ്വന്തമായി പൊലീസും കോടതിയുമില്ല, പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ല: യൂത്ത് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: ചിന്തന്‍ ശിബിര്‍ ക്യാമ്പില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി. യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടും പൊലീസിന് കൈമാറിയിട്ടില്ല എന്ന രീതിയിൽ വാർത്ത കണ്ടു. അത് തീർത്തും അടിസ്ഥാനരഹിതമാണ്. പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺകുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കിൽ കഴിയാവുന്ന എല്ലാ നിയമസഹായവും നൽകും. പൊലീസിനെ സമീപിക്കാൻ പിന്തുണ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

സ്വന്തമായി പൊലീസും കോടതിയുമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വിശദീകരിച്ചു. കുറ്റക്കാരനെങ്കിൽ ആരെയും സംരക്ഷിക്കില്ല. സ്വയം വികസിപ്പിച്ചെടുത്ത തീവ്രത അളക്കുന്ന യന്ത്രം കൊണ്ടുനടക്കുന്ന അന്വേഷണ കമ്മീഷനുകളുളള സിപിഎം, യൂത്ത് കോൺഗ്രസിനെ സ്ത്രീ സംരക്ഷണം പഠിപ്പിക്കേണ്ട. പരാതിയുണ്ടെങ്കിൽ അത് പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വിശദീകരിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേക്‌ എച്ച്‌ നായർക്കെതിരായ പെണ്‍കുട്ടിയുടെ പരാതിക്കത്താണ് സോഷ്യല്‍ മീഡിയയിലെത്തിയത്. സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആ പരാതിയില്‍ പറയുന്നത്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് വിശദീകരിക്കുന്നത് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റമുണ്ടായതിനാണ് വിവേകിനെതിരെ നടപടിയെടുത്തത് എന്നാണ്. ക്യാമ്പിൽ വിവേകിന്റെ ഭാഗത്ത്‍ നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റവും സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതും സംബന്ധിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് ലഭിച്ച പരാതിയിൽ സംഘടനാപരമായി നടപടി എടുത്തിട്ടുണ്ടെന്നാണ് വിശദീകരണം. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് കുറിപ്പില്‍ വ്യക്തമാക്കി.


യൂത്ത് കോൺഗ്രസ്സിന് സ്വന്തമായി പോലീസും കോടതിയുമില്ല. അത് കൊണ്ട് തന്നെ ഏതെങ്കിലും പരാതി ലഭിച്ചാൽ നടപടിക്രമങ്ങൾ...

Posted by Indian Youth Congress Kerala on Thursday, July 7, 2022


TAGS :

Next Story