യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി; സമ്മർദമുണ്ടാക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് സംഘാടനം
സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വർക്കിയെ പിന്തുണക്കുന്ന ഗ്രൂപ്പുകളാണ് ഏറ്റവും സജീവം

Photo| വാട്സാപ്പ്
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിക്കായി സമ്മർദമുണ്ടാക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചേരി തിരിഞ്ഞ് സംഘാടനം. വിവിധ പേരുകളിലുള്ള വാട്സാപ് ഗ്രൂപ്പുകളില്‍ പ്രസിഡന്‍റ് സ്ഥാനം പ്രതീക്ഷിക്കുന്നരെ അധിക്ഷേപിച്ച് പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിന്‍ വർക്കിയെ പിന്തുണക്കുന്ന ഗ്രൂപ്പുകളാണ് ഏറ്റവും സജീവം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് പേരുകളാണ് പരിഗണിക്കുന്നത്. ബിനു ചുള്ളിയില്‍ , കെ.എം അഭിജിത്, ഒ.ജെ ജനീഷ്, അബിന്‍ വർക്കി എന്നിവരാണ് നാലു പേർ. ബിനു , അഭിജിത്, ജനീഷ് എന്നിവരെ അധിക്ഷേപിക്കുന്ന പോസ്റ്ററുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. നേതാക്കളുടെ പെട്ടിപിടുത്തക്കാരാണെന്നും വിദ്യാഭ്യാസ യോഗ്യതയില്ലെന്നുമാണ് പ്രധാന ആക്ഷേപം. അബിന്‍ വർക്കിക്കായി സമ്മർദമുണ്ടാക്കാനും പദവി ലഭിച്ചില്ലെങ്കില്‍ കൂട്ടരാജി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍ പാലക്കുറിശ്ശി ഒരു ഗ്രൂപ്പില്‍ പറയുന്നുണ്ട്.
കെ.സി വേണുഗോപാലും വി.ഡി സതീശനും പിന്തുണക്കുന്ന ബിനു ചുള്ളിയില്‍ സംസ്ഥാന അധ്യക്ഷനാകാനാണ് കൂടുതല്‍ സാധ്യത. രമേശ് ചെന്നിത്തലയാണ് അബിന്‍ വർക്കിയെ പിന്തുണക്കുന്നത്. ഒ.ജെ ജനീഷിന് ഷാഫി പറമ്പിലിന്‍റെയും കെ.എം അഭിജിതിന് എം. കെ രാഘവന്‍റെയും പിന്തുണയുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം വൈകിയതോടെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണയുണ്ടാക്കി സമ്മർദമുണ്ടാക്കാനാണ് ചിലരുടെ ശ്രമം.
Adjust Story Font
16

