Quantcast

'കടുവ' ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത് . സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിച്ചു .

MediaOne Logo

Web Desk

  • Updated:

    2021-11-07 11:36:43.0

Published:

7 Nov 2021 11:35 AM GMT

കടുവ ഷൂട്ടിങ് സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
X

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പൃഥ്വിരാജ് നായകനായ ചിത്രം കടുവയുടെ സെറ്റിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. വഴി തടഞ്ഞ് ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ചിറക്കടവ് മണ്ഡലം കമ്മിറ്റി ആണ് മാർച്ച് നടത്തിയത്. സ്ഥലത്തുണ്ടായിരുന്ന കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രവർത്തകരെ പിന്തിരിപ്പിച്ചു .

റോഡിന് നടുവിലായിരുന്നു ഷൂട്ടിങ് നടന്നിരുന്നത് എന്നാണ് ആരോപണം. അത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമുണ്ടായി. ഇതേതുടർന്നാണ് ചിറക്കടവ് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എന്നാൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ മറ്റൊരു സംഘം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് അവർക്കിടയിൽ ചെറിയ തോതിൽ വാക്ക്തർക്കത്തിന് കാരണമായി.

പിന്നാലെ സിനിമ സെറ്റിലുള്ളവരുമായും പ്രവർത്തകർ വാക്ക് തർക്കത്തിലേർപ്പെട്ടു. പ്രതിഷേധ പ്രകടനത്തിനിടെ നടൻ ജോജു ജോർജിനെതിരെയും പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നു. ഇന്ധന വിലയ്ക്ക് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജ് രംഗത്ത് എത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാതലത്തിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച് എന്നാണ് വിവരം.

അതേസമയം, ജോജുവുമായി കോൺഗ്രസ് നേതാക്കൾ ഫോണിൽ നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിന് ഏകദേശ ധാരണയായിരുന്നു. എന്നാൽ ചർച്ചയ്ക്ക് പിന്നാലെ ചില നേതാക്കൾ വീണ്ടും രൂക്ഷവിമർശനം നടത്തിയതോടെ നടൻ നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു. വൈറ്റിലയിലെ സംഭവത്തിന് ശേഷവും വ്യക്തികേന്ദ്രീകൃതമായ അധിക്ഷേപം തുടരുകയാണെന്നും ഇതിൽ ഇടപെടൽ വേണമെന്നുമാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ ജോജുവിന്‍റെ ആവശ്യം.



TAGS :

Next Story