Quantcast

'കൊടുവള്ളിയിൽ ആര് സ്ഥാനാര്‍ഥിയായാലും വിജയിപ്പിക്കും'; ലീഗ് മണ്ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് ലീഗ്

മണ്ഡലത്തിൽ നിന്ന് പുറത്തുള്ളവരെയും ജയിപ്പിച്ച ചരിത്രമാണ് കൊടുവള്ളിയുടേതെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം.നസീഫ്

MediaOne Logo

Web Desk

  • Published:

    27 Feb 2026 9:56 AM IST

കൊടുവള്ളിയിൽ ആര് സ്ഥാനാര്‍ഥിയായാലും വിജയിപ്പിക്കും; ലീഗ് മണ്ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് ലീഗ്
X

കോഴിക്കോട്: കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി തന്നെ വേണമെന്ന മുസ്‍ലിം ലീഗ് മണ്‌ഡലം കമ്മിറ്റി നിലപാട് തള്ളി യൂത്ത് ലീഗ്. സംസ്ഥാന നേതൃത്വമാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നതെന്നും ആര് സ്ഥാനാർഥിയായാലും കൊടുവള്ളിയിലെ ലീഗുകാർ വിജയിപ്പിക്കുമെന്നും യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻ്റ് എം. നസീഫ് മീഡിയവണിനോട് പറഞ്ഞു. മണ്ഡലത്തിൽ നിന്ന് പുറത്തുള്ളവരെയും ജയിപ്പിച്ച ചരിത്രമാണ് കൊടുവള്ളിയുടേതെന്നും എം.നസീഫ് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളായ കെ.എം ഷാജി, പി.കെ ഫിറോസ് എന്നിവരുടെ പേരുകൾ പരി​ഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർഥി വേണമെന്നാവശ്യവുമായി മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കത്ത് നൽകിയത്.

ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വി.എം ഉമ്മർ മാസ്റ്റർ എന്നിവരാണ് മണ്ഡലത്തിൽ നിന്നുള്ള പ്രധാന നേതാക്കൾ. എം.കെ മുനീറാണ് നിലവിലെ കൊടുവള്ളി എംഎൽഎ. ലീ​ഗിനെ സംബന്ധിച്ച് വിഭാ​ഗിയത വലിയ തലവേദന സൃഷ്ടിക്കുന്ന മണ്ഡലമാണ് കൊടുവള്ളി. പിടിഎ റഹീം, കാരാട്ട് റസാഖ് എന്നിവരെ ഇടതുമുന്നണിയിലേക്ക് എത്തിച്ചതും കൊടുവള്ളിയിലെ പ്രാദേശിക വിഭാ​ഗീയതയാണ്. നിലവിലെ എംഎൽഎ ആയ എം.കെ മുനീർ കോഴിക്കോട് സൗത്തിലേക്ക് മാറി മത്സരിക്കാൻ ആ​ഗ്രഹിക്കുന്നുണ്ട്. ഈ സാഹ​ചര്യത്തിലാണ് മണ്ഡലത്തിന് പുറത്തുള്ളവരെ കൊടുവള്ളിയിലേക്ക് പരി​ഗണിക്കരുത് എന്ന ആവശ്യം പ്രാദേശിക നേതൃത്വം ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ലീ​ഗ് മണ്ഡലം കമ്മിറ്റിയുടെ യോ​ഗം ചേർന്നിരുന്നു. യോ​ഗത്തിലെ തീരുമാനപ്രകാരമാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന് കത്ത് നൽകിയിരിക്കുന്നത്. മുസ് ലിം ലീ​ഗിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് കൊടുവള്ളി. നിരവധി നേതാക്കളും മണ്ഡലത്തിൽ തന്നെയുണ്ട്. ഇനിയും പുറത്ത് നിന്നുള്ള നേതാക്കളെ കൊണ്ടുവന്ന് മണ്ഡലത്തിലുള്ള നേതാക്കളുടെ അവസരം നഷ്ടപ്പെടുത്തരുത് എന്നാണ് പ്രദേശിക നേതൃത്വം പറയുന്നത്.


TAGS :

Next Story