വിസ മാറ്റത്തിന് നിയന്ത്രണം കൊണ്ടുവന്ന് കുവെെത്ത്
വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ വരവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസമാറ്റത്തിന് സമയപരിധി വെക്കാൻ അധികൃതർ ഒരുങ്ങുന്നത്

കുവൈത്തിൽ സ്വകാര്യമേഖലയിലേക്ക് പുതുതായി എത്തുന്നവർക്ക് വിസ മാറ്റത്തിനു നിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. മൂന്നു വർഷത്തേക്ക് വിസമാറ്റം വിലക്കുന്നത് സംബന്ധിച്ച് മാൻപവർ അതോറിറ്റിയുടെ ഉത്തരവ് വൈകാതെ ഉണ്ടാവമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

നിലവിൽ സ്വകാര്യ തൊഴിൽ വിസയിലുള്ളവർക്കു ഒരു വര്‍ഷം പൂർത്തിയാക്കിയാൽ കമ്പനി മാറാൻ കഴിയും. ആറ് മാസത്തിന് ശേഷം കമ്പനി മാറ്റം ആഗ്രഹിക്കുന്നവർക്ക് 300 ദീനാർ അടച്ചും ഇത് സാധ്യമാക്കാം. എന്നാൽ വിസക്കച്ചവടവും അവിദഗ്ധ തൊഴിലാളികളുടെ വരവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിസമാറ്റത്തിന് സമയപരിധി വെക്കാൻ അധികൃതർ ഒരുങ്ങുന്നത്. പ്രോജക്ടുകൾ ഏറ്റെടുത്ത് നടത്തുന്ന കമ്പനികൾക്ക് അനുകൂലമാണ് പുതിയ തീരുമാനം.

തൊഴിലുടമകൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിസ സമ്പാദിക്കുകയും പണം വാങ്ങി നിശ്ചിത ജോലി നൽകാതെ വിദേശിയെ പുറത്തേക്ക് പറഞ്ഞു വിടുകയും ചെയ്യുന്നതാണ് അവിദഗ്ധ തൊഴിലാളികൾ കൂടാൻ കാരണമാകുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിസയെടുത്ത് കൊണ്ടുവരുന്ന തൊഴിലാളികൾ ഒരു വർഷത്തിന് ശേഷം മാറ്റം ആവശ്യപ്പെടുന്നത് സ്ഥാപനങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കുന്നതായും പരാതിയുണ്ട്.
Adjust Story Font
16

