കുവൈത്തിൽ മത്സ്യസമ്പത്തിന് വംശനാശ ഭീഷണിയെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ മത്സ്യസമ്പത്തിന് വംശനാശ ഭീഷണിയെന്ന് മുന്നറിയിപ്പ്. പരിധി വിടുന്ന മത്സ്യ ബന്ധനവും പരിസ്ഥിതി നശീകരണവും മത്സ്യ ഇനങ്ങളുടെ നാശത്തിന് കാരണമാകുന്നതായി വിദഗ്ദർ അഭിപ്രായപ്പെടുന്നു.
കുവൈത്ത് സർവകലാശാല മറൈൻ സയൻസ് വിഭാഗം സംഘടിപ്പിച്ച സെമിനാറിലാണ് വിദഗ്ധർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി പ്രതിവർഷം മത്സ്യസമ്പത്തിലുണ്ടാകുന വർധനവ് . എന്നാൽ ഓരോ വർഷവും മത്സ്യ ബന്ധനത്തിന്റെ തോതിലുണ്ടാകുന്ന വർദ്ധന 30 ശതമാനം വരെയാണ്. ഇത് ചില മത്സ്യങ്ങളുടെ വംശനാശത്തിന് തന്നെ കാരണമാവുമെന്ന് ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽനിന്ന് ഗവേഷണ ബിരുദം നേടിയ അബ്ദുറഹ്മാൻ ബിൻ ഹസൻ പറഞ്ഞു. പിടിക്കാവുന്ന മത്സ്യത്തിന് ഒരു പരിധിയും രാജ്യത്തില്ല. പ്രത്യക്ഷവും പരോക്ഷവുമായ സബ്സിഡി മത്സ്യബന്ധനം ആകർഷകമാക്കുന്നു. ലൈസൻസ് നടപടികളും താരതമ്യേന ലളിതമാണ്. ഇതുമൂലം വൻതോതിലാണ് മത്സ്യം പിടിക്കപ്പെടുന്നത്. സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട ഇനങ്ങളായ ആവോലി, ഹമൂർ, അയക്കൂറ, അൽ ശഅം, മീദ് പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെമ്മീൻ ലഭ്യത 40 ശതമാനം കുറഞ്ഞു. പരിസ്ഥിതി നശീകരണ പ്രവർത്തനത്തിലൂടെ മീനുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കുന്നതും ഭീഷണിയാണെന്ന് സെമിനാർ ചൂണ്ടിക്കാട്ടി. മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ കുവൈത്ത് ശാസ്ത്ര-ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പരിശ്രമിച്ചുവരികയാണ്.
Adjust Story Font
16

