Quantcast

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടിക്കൊപ്പം രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

അസം കരട് പൌരത്വ പട്ടികയുടെ മറവിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.

MediaOne Logo

Web Desk

  • Published:

    4 Aug 2018 2:04 PM GMT

മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടിക്കൊപ്പം രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
X

rahul gandhi

കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളെ അണിനിരത്തി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. അസം കരട് പൌരത്വ പട്ടികയുടെ മറവിൽ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാനും യോഗം തീരുമാനിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കത്തിനാണ് കോണ്‍ഗ്രസ് തുടക്കമിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. പ്രതിഷേധ പരിപാടിക്ക് തുടക്കം കുറിച്ച് കര്‍ണാടകയിലെ ബദായിയില്‍ 13 ന് നടക്കുന്ന കര്‍ഷക പ്രതിഷേധ പരിപാടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. റാഫേല്‍ ഇടപാട്, രാജ്യത്തെ സാമ്പത്തിക നില, കര്‍ഷക പ്രശ്നങ്ങള്‍, മോദി സര്‍ക്കാരിന്‍റെ വാഗ്ദാന ലംഘനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയായിരിക്കും സമരം. ഇക്കാര്യം സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്.

അസം കരട് പൌരത്വ രജിസ്റ്റര്‍ വിഷയത്തില്‍ മമത ബാനര്‍ജിയുടേതിന് സമാനമായി തീവ്ര നിലപാട് വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. വൻകിടക്കാരുടെ കടങ്ങൾ എഴുതി തള്ളിയ അതേ ഉത്സാഹം പി.എന്‍.ബി തട്ടിപ്പ് കേസില്‍ പ്രതി മെഹുൽ ചോക്‌സിക്ക് ആന്‍റിഗ്വ പൗരത്വം കിട്ടാനും മോദി സർക്കാർ കാണിച്ചു. രാജ്യത്തെ നിലവിലെ പ്രശ്നങ്ങളില്‍ മോദി സർക്കാർ അസത്യം പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

TAGS :

Next Story