Quantcast

മെഡിക്കല്‍ സ്കോളര്‍ഷിപ്പില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങള്‍ പുറത്ത്; അധികം അടക്കേണ്ടത് നാലരലക്ഷം രൂപ

മുസ്ലീം, ലത്തീന്‍ കത്തോലിക്ക്, ഈഴവ, മറ്റ് പിന്നോക്ക ക്യിസ്ത്യന്‍-ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ് ആനുകൂല്യത്തില്‍ നിന്ന് പുറത്തായ എല്‍.ഐ.ജി, എസ്.ഇ.ബി.സി വിഭാഗത്തില്‍പെട്ടവര്‍.

MediaOne Logo

Web Desk

  • Published:

    5 Aug 2018 5:02 AM GMT

മെഡിക്കല്‍ സ്കോളര്‍ഷിപ്പില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങള്‍ പുറത്ത്; അധികം അടക്കേണ്ടത് നാലരലക്ഷം രൂപ
X

മെഡിക്കല്‍ പ്രവേശനം നേടുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സ്കോളര്‍ഷിപ്പില്‍ നിന്ന് പിന്നോക്ക വിഭാഗങ്ങള്‍ പുറത്ത്. ആനുകൂല്യം ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സ്കോളര്‍ഷിപ്പിന് ഇതുവരെ അര്‍ഹരായിരുന്ന എല്‍.ഐ.ജി, എസ്.ഇ.ബി.സി വിഭാഗത്തില്‍പെട്ടവര്‍ ഒരുവര്‍ഷം നാലരലക്ഷത്തോളം രൂപ അധികമായി അടക്കേണ്ടി വരും. മീഡിയാവണ്‍ എക്സ്ക്ലൂസീവ്.

കരാറൊപ്പിട്ട സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ ആകെയുള്ള 100 സീറ്റില്‍ 50 സീറ്റാണ് സര്‍ക്കാരിന് നല്‍കുന്നത്. ഇതില്‍ 13 സീറ്റ് സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ കൊടുക്കും. 7 സീറ്റ് ബിപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും നല്‍കും. ആകെ ഫീസിന്റെ 10 ശതമാനം തുക മാത്രം ഇവര്‍ നല്‍കിയാല്‍ മതി. ബാക്കി പണം സ്കോളര്‍ഷിപ്പായി സര്‍ക്കാരായിരുന്നു കോളേജുകള്‍ക്ക് കൊടുത്തിരുന്നത്.

എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസായി വാങ്ങുന്ന 20 ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം സഞ്ചിത നിധിയില്‍ നിക്ഷേപിച്ചാണ് സ്കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ കണ്ടെത്തിയിരുന്നത്. പക്ഷെ ഇനി മുതല്‍ ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന്റെ ആനുകൂല്യം കിട്ടൂ. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉത്തരവിറക്കി. ഇതോടെ സാമൂഹ്യപരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ മുഴുവന്‍ ഫീസും നല്‍കേണ്ടി വരും.

മുസ്ലീം, ലത്തീന്‍ കത്തോലിക്ക്, ഈഴവ, മറ്റ് പിന്നോക്ക ക്യിസ്ത്യന്‍-ഹിന്ദു വിഭാഗത്തില്‍ പെട്ടവരാണ് ആനുകൂല്യത്തില്‍ നിന്ന് പുറത്തായ എല്‍.ഐ.ജി, എസ്.ഇ.ബി.സി വിഭാഗത്തില്‍പെട്ടവര്‍.

TAGS :

Next Story