Quantcast

യുഎസ്​ - ഇറാൻ യുദ്ധം: ആദ്യ മാസം അറബ്​ സമ്പദ്​വ്യവസ്ഥക്ക്​ നഷ്ടം 150 ബില്ല്യൺ ഡോളർ

മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ നാല്​ ശതമാനം നഷ്ടമെന്ന്​ യുഎൻ ഏജൻസി

MediaOne Logo

Gulf Desk

  • Published:

    18 Sept 2026 12:22 PM IST

യുഎസ്​ - ഇറാൻ യുദ്ധം: ആദ്യ മാസം അറബ്​ സമ്പദ്​വ്യവസ്ഥക്ക്​ നഷ്ടം 150 ബില്ല്യൺ ഡോളർ
X

ന്യൂയോർക്ക്​/മനാമ: അമേരിക്കയും ഇസ്രായേലും ചേർന്ന്​ ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിന്‍റെ ആദ്യ മാസത്തിൽ മാത്രം അറബ്​ സമ്പദ്​വ്യവസ്ഥക്ക്​ നഷ്ടം 150 ബില്ല്യൺ ഡോളറെന്ന്​ യുഎൻ ഏജൻസി. അറബ്​ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ നാല്​ ശതമാനമാണ്​ ഒരു മാസം മാത്രം നഷ്ടമുണ്ടായതെന്നും യുഎൻ സാമ്പത്തിക സാമൂഹിക കമീഷൻ ഫോർ വെസ്​റ്റേൺ ഏഷ്യ (ഇഎസ്​സിഡബ്ലിയുഎ) വ്യക്​തമാക്കി. 14,36,400 കോടി രൂപക്ക്​ തുല്യമായ നഷ്​ടമാണ്​ ഒരു മാസം ഉണ്ടായതെന്ന് എസ്​സിഡബ്ലിയുഎ എക്സിക്യൂട്ടീവ്​ സെക്രട്ടറി റാനിയ അൽ മഷാത്ത്​ വ്യക്​തമാക്കി. ഐക്യരാഷ്​!ട്ര സഭ രക്ഷാസമിതിയുടെ അനൗപചാരിക യോഗത്തിലാണ്​ കണക്കുകൾ അവതരിപ്പിച്ചത്​. ബഹ്റൈൻ വിളിച്ച യോഗത്തിൽ കടൽസുരക്ഷയും കപ്പൽഗതാഗത സ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചയിലാണ് അവർ മേഖല നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ വിശദീകരിച്ചത്.

യുദ്ധത്തിന്‍റെ പ്രത്യാഘാതം സൈനിക-സുരക്ഷാ പ്രശ്നങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് റാനിയ അൽ മഷാത്ത് ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്കിലെയും ബാബ് അൽ മന്ദബിലെയും കപ്പൽഗതാഗതത്തിനുള്ള ഭീഷണി വ്യാപാരം, സാമ്പത്തിക സ്ഥിരത, അവശ്യവസ്തുക്കളുടെ ലഭ്യത, ചെറുകിട ബിസിനസുകൾ എന്നിവയെ നേരിട്ട് ബാധിക്കുന്നതായി അവർ പറഞ്ഞു.പേർഷ്യൻ ഗൾഫിൽ നിന്ന് ഹോർമുസ് കടലിടുക്ക് കടന്ന് ചെങ്കടലിലേക്കും ബാബ് അൽ മന്ദബിലേക്കും നീളുന്ന കടൽപാതകൾ ബന്ധിപ്പിക്കപ്പെട്ട വിതരണ ശൃംഖലയാണ്. ഏതെങ്കിലും കണ്ണിയിൽ തടസ്സമുണ്ടായാൽ ഊർജം, ഭക്ഷണം, മറ്റ് ചരക്കുകൾ എന്നിവയുടെ ആഗോള വിതരണത്തെ അത് ബാധിക്കും.

യുദ്ധം മേഖലയിൽ നടക്കുന്ന നിക്ഷേപങ്ങളെയും സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളെയും വൈകിപ്പിക്കാനിടയുണ്ടെന്ന് റാനിയ അൽ മഷാത്ത് മുന്നറിയിപ്പ് നൽകി.എണ്ണ–വാതക വരുമാനത്തെ ആശ്രയിക്കുന്നത് കുറച്ച് പുതിയ വ്യവസായങ്ങളും സേവനമേഖലകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ അറബ് ലോകത്ത് ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. യുദ്ധം നീളുകയാണെങ്കിൽ നിക്ഷേപ തീരുമാനങ്ങൾ മാറ്റിവെക്കപ്പെടുകയും സാമ്പത്തിക അനിശ്ചിതത്വം വർധിക്കുകയും ചെയ്യാമെന്നാണ് ഇഎസ്​സിഡബ്ലിയുഎ വിലയിരുത്തൽ.

യുദ്ധത്തിന് മുമ്പുതന്നെ അറബ് ലോകത്തെ 22 രാജ്യങ്ങളിൽ ഒമ്പത് രാജ്യങ്ങൾ സംഘർഷത്തിലോ സംഘർഷത്തിൽനിന്ന് കരകയറുന്ന ഘട്ടത്തിലോ ആയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ നാശം, പരിമിതമായ ധനശേഷി, ഭക്ഷണ–ഇന്ധന ഇറക്കുമതിയിലെ ഉയർന്ന ആശ്രിതത്വം തുടങ്ങിയ വെല്ലുവിളികൾ ഈ രാജ്യങ്ങൾ നേരിടുന്നുണ്ട്.പ്രതിസന്ധിയുടെ സാമ്പത്തികവും മാനുഷികവുമായ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ മൂന്ന് മേഖലകളിലാണ് അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അൽ മഷാത്ത് പറഞ്ഞു. കപ്പൽഗതാഗത സ്വാതന്ത്ര്യവും വാണിജ്യ കപ്പലുകളുടെ സുരക്ഷയും ഉറപ്പാക്കൽ,

സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയൽ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും തുടർച്ച ഉറപ്പാക്കാൻ മേഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തൽ എന്നിവയാണിവ. കടൽപാതകളുടെ സുരക്ഷയെ കേവലം സൈനിക വിഷയമായി കാണാതെ വികസനം, വ്യാപാരം, ഭക്ഷ്യ–ഊർജ സുരക്ഷ, സാമ്പത്തിക സ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട വിഷയമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഹോർമുസ്, ബാബ് അൽ മന്ദബ് തുടങ്ങിയ പ്രധാന കടലിടുക്ക്​ വഴിയുള്ള ഗതാഗത തടസ്സം അറബ് രാജ്യങ്ങളെ മാത്രമല്ല ബാധിക്കുക. ഏഷ്യ, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളിലേക്കുള്ള ഊർജ–വ്യാവസായിക വിതരണ ശൃംഖലകളിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകാം.

Next Story