Quantcast

ആദ്യമായി അറേബ്യൻ ഗൾഫ് കപ്പ് എത്തുന്നു; ഫുട്ബാൾ ചരിത്രം പറയുന്ന നഗരമൊരുങ്ങുന്നു

27-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ എട്ട് ഗൾഫ് രാജ്യങ്ങളാണ് മാറ്റുരക്കുന്നത്

MediaOne Logo

Gulf Desk

  • Published:

    19 Sept 2026 4:10 PM IST

ആദ്യമായി അറേബ്യൻ ഗൾഫ് കപ്പ് എത്തുന്നു; ഫുട്ബാൾ ചരിത്രം പറയുന്ന നഗരമൊരുങ്ങുന്നു
X

ജിദ്ദ: ഫുട്ബാളിൽ പതിറ്റാണ്ടുകളുടെ ചരിത്രവും ആവേശവും സ്വന്തമായ ജിദ്ദ ആദ്യമായി അറേബ്യൻ ഗൾഫ് കപ്പിന് വേദിയാകുന്നു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 6 വരെ നടക്കുന്ന 27-ാമത് അറേബ്യൻ ഗൾഫ് കപ്പിൽ എട്ട് ഗൾഫ് രാജ്യങ്ങളാണ് മാറ്റുരക്കുന്നത്.കിങ് അബ്ദുല്ല സ്‌പോർട്സ് സിറ്റിയിലും പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്‌പോർട്സ് സിറ്റിയിലുമായാണ് മത്സരങ്ങൾ. വലിയ ജനപങ്കാളിത്തത്തോടെ പ്രാദേശികവും രാജ്യാന്തരവുമായ മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ജിദ്ദക്ക്​ പുതിയൊരു അധ്യായം കൂടിയാണ് ഗൾഫ് കപ്പ്. രണ്ട്​ ഗ്രൂപ്പുകളിലായി എട്ട്​ ഗൾഫ്​ രാജ്യങ്ങളാണ്​ പ​ങ്കെടുക്കുന്നത്​. ഗ്രൂപ്പ്​ എയിൽ ആതിഥേയരായ സൗദിക്കൊപ്പം ഇറാഖ്​, ഒമാൻ, കുവൈത്ത്​ എന്നീ രാജ്യങ്ങളും ഗ്രൂപ്പ്​ ബിയിൽ യുഎഇ, ഖത്തർ, ബഹ്​റൈൻ, ​യമൻ എന്നീ രാജ്യങ്ങളുമാണ്​ മാറ്റുരക്കുന്നത്​.

വലിയൊരു ഫുട്​ബാൾ സംസ്കാരമുള്ള ജിദ്ദയിലേക്ക്​ ആദ്യമായാണ്​ ഗൾഫ്​ കപ്പ്​ എത്തുന്നത്​ എന്നത്​ വലിയൊരു അതിശയം കൂടിയാണ്​. ജിദ്ദയുടെ ഫുട്ബാൾ സംസ്കാരം വലിയ സ്റ്റേഡിയങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ചെറു മൈതാനങ്ങളാണ് തലമുറകളായി നിരവധി താരങ്ങളുടെ ആദ്യ പരിശീലന വേദികളായത്. പിന്നീട് ഇവരിൽ പലരും പ്രാദേശിക ക്ലബുകളിലേക്കും ദേശീയ ടീമുകളിലേക്കും വളർന്നു.ജിദ്ദയുടെ ഔദ്യോഗിക കായിക ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായിരുന്നു 1950ൽ അൽ-ഖുറയ്യാത്ത് മേഖലയിൽ അൽ-സബ്ബാൻ സ്റ്റേഡിയം തുറന്നത്. സൗദിയിലെ ആദ്യ ഔദ്യോഗിക കായിക വേദിയായി കണക്കാക്കപ്പെടുന്ന സ്റ്റേഡിയത്തിന് 12,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടായിരുന്നു. ആദ്യ കിങ്‌സ് കപ്പ് ഫൈനലിനും തുടർന്നുള്ള നിരവധി ഫൈനൽ മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയായി. 1973ൽ ബ്രസീലിയൻ ക്ലബ് സാന്‍റോസിന്‍റെ സന്ദർശനത്തോടെയും അൽ-സബ്ബാൻ ശ്രദ്ധേയമായി. ലോക ഫുട്ബോളിലെ ഇതിഹാസതാരം പെലെയുടെ നേതൃത്വത്തിലായിരുന്നു സാന്‍റോസ് ജിദ്ദയിലെത്തിയത്. വലിയ ജനക്കൂട്ടമാണ് അന്ന് എത്തിയത്.1970ൽ അൽ-വസീരിയ മേഖലയിൽ ജിദ്ദ യൂത്ത് വെൽഫെയർ സ്റ്റേഡിയം തുറന്നതോടെ നഗരത്തിലെ കായിക അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ വികസിച്ചു. ഏകദേശം 22,000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ടായിരുന്ന സ്റ്റേഡിയം 2001ൽ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയം എന്ന പേരിലേക്ക് മാറി.

2012 മുതൽ സ്റ്റേഡിയത്തിൽ വലിയ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2021ൽ പുനർ നിർമിച്ച​പ്പോൾ ഏകദേശം 27,000 സീറ്റുകളുള്ള ആധുനിക വേദിയായി മാറി. പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്‌പോർട്സ് സിറ്റിയുടെ ഭാഗമായാണ് ഇപ്പോൾ സ്റ്റേഡിയം പ്രവർത്തിക്കുന്നത്.ജിദ്ദയുടെ ആധുനിക കായിക മുഖത്തിന് വലിയ മാറ്റം കൊണ്ടുവന്നത് 2014ൽ കിങ് അബ്ദുല്ല സ്‌പോർട്സ് സിറ്റി തുറന്നതോടെയാണ്. 62,000ത്തിലധികം സീറ്റുകളുള്ള സ്റ്റേഡിയം വലിയ അന്താരാഷ്ട്ര ടൂർണമെന്‍റുകൾ സംഘടിപ്പിക്കാൻ നഗരത്തിന്‍റെ ശേഷി വർധിപ്പിച്ചു. ഇതോടെ ലോകോത്തര ഫുട്ബാൾ മത്സരങ്ങൾ കാണാൻ വൻ ജനക്കൂട്ടങ്ങളെ സ്വീകരിക്കുന്ന പ്രധാന കായിക കേന്ദ്രമായി ജിദ്ദ മാറി.ഈ ചരിത്രത്തിന്റെ തുടർച്ചയായാണ് 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ജിദ്ദയിലെത്തുന്നത്. 1950ൽ ആദ്യ ഔദ്യോഗിക സ്റ്റേഡിയം തുറന്ന ജിദ്ദ ഇന്ന് പതിനായിരക്കണക്കിന് കാണികളെ ഉൾക്കൊള്ളുന്ന ആധുനിക കായിക വേദികളുമായി ഗൾഫ് ഫുട്ബാളിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി വളർന്ന ഫുട്ബാൾ സംസ്കാരത്തിന് മുന്നിൽ വലിയ വേദിയാണ് ഗൾഫ് കപ്പ് തുറക്കുന്നത്.

Next Story