Quantcast

ഒരു മാസത്തേക്ക്​ ഇറാനെ ആ​ക്രമിക്കില്ലെന്ന്​ ട്രംപ്​; സമാധാന ചർച്ചകളും സജീവം

ഹോർമുസിൽ കപ്പലിന്​ നേരെ വീണ്ടും ആക്രമണം, എണ്ണ വില ഉയർന്നു

MediaOne Logo

Gulf Desk

  • Published:

    9 Oct 2026 9:58 AM IST

ഒരു മാസത്തേക്ക്​ ഇറാനെ ആ​ക്രമിക്കില്ലെന്ന്​ ട്രംപ്​;   സമാധാന ചർച്ചകളും സജീവം
X

ദുബൈ: ഒരു മാസത്തേക്ക്​ ഇറാനിൽ ആക്രമണം നടത്തില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ​ട്രംപ്​. നവംബർ മൂന്നിന്​ നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന്​ ശേഷം മാത്രമേ ഇറാനിൽ ആക്രമണം നടത്തുന്നത്​ സംബന്ധിച്ച്​ തീരുമാനിക്കൂവെന്നും അ​ദ്ദേഹം വ്യക്​തമാക്കി. ഇറാനുമായി ഫലപ്രദമായ ചർച്ചകൾ നടക്കുന്നതായും അമേരിക്കൻ പ്രസിഡന്‍റ്​ പറയുന്നു. ഏഴ്​ മാസത്തിലധികം നീണ്ട അമേരിക്ക - ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ​ശ്രമങ്ങളാണ്​ നടക്കുന്നത്​. അ​തേസമയം, അമേരിക്കയുമായി നേരിട്ട്​ ചർച്ച നടക്കുന്ന കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. ഇറാൻ മുന്നോട്ടുവെച്ച ഏഴിന സമാധാന പദ്ധതി സംബന്ധിച്ച അമേരിക്കയുടെ പ്രതികരണത്തിന്​ ഏതാനും ദിവസങ്ങൾക്കുള്ളിൽ മറുപടി നൽകുമെന്ന്​ ഇറാൻ വിദേശകാര്യ മ​ന്ത്രി അബ്ബാസ്​ അറാഗ്​ചി പ്രഖ്യാപിച്ചിട്ടുണ്ട്​. എന്നാൽ, യുറേനിയം സമ്പുഷ്ടീകരണ തോത് കുറയ്ക്കില്ലെന്നും സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ലെന്നും ഇറാൻ അണവോർജ മേധാവിയും വ്യക്​തമാക്കി. ഹോർമുസ്​ കടലിടുക്ക്​ തുറക്കാനും യുദ്ധം അവസാനിപ്പിക്കാനുമാണ്​ ഇറാൻ മധ്യസ്ഥരായ ഖത്തറും പാകിസ്​താനും മുഖേന ഏഴിന നിർദേശം കൈമാറിയത്​.

ലെബനൻ എല്ലാ മേഖലകളിലും വെടിനിർത്തൽ, അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കൽ, ഇറാന്‍റെ എണ്ണ കയറ്റുമതി ഉപരോധം നീക്കൽ, 12 ബില്യൺ ​ഡോളറിന്‍റെ മരവിപ്പിച്ച പണം വിട്ടുനൽകൽ, ആണവ ചർച്ച പുനരാരംഭിക്കൽ, ദീർഘകാല സമാധാന കരാർ, ഹോർമുസ്​ തുറക്കൽ എന്നിവയാണ്​ ഇറാന്‍റെ നിർദേശങ്ങളിലുള്ളത്​. ഈ ഏഴിന നിർദേശങ്ങളിൽ ഹോർമുസും ആണവ ചർച്ചയും അടക്കം വിഷയങ്ങളിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ്​ സൂചന.അതിനിടെ, ഹോർമുസ്​ കടലിടുക്കിൽ കപ്പലുകൾക്ക്​ നേരെ ആക്രമണവും സ്​ഫോടനവും നടന്നതായും റിപ്പോർട്ടുണ്ട്. കടലിടുക്കിൽ സ്​​ഫോടനങ്ങളുണ്ടായതായി​ ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.ഇറാൻ നിർദേശിച്ച നിർദിഷ്ട റൂട്ടിലൂടെയല്ലാതെ യാത്ര ചെയ്ത കപ്പലുകളാണ്​ ആക്രമിക്കപ്പെട്ടതെന്നാണ്​ റിപ്പോർട്ട്.ഹോർമുസ്​ പ്രതിസന്ധിയും ​യെമൻ സംഘർഷവും കുതിച്ചുയരുന്ന ആഗോള തലത്തിൽ ​എണ്ണ വിലയും ഉയരുകയാണ്​. നാല്​ ശതമാനമാണ്​ വില വർധിച്ചത്​. ബ്രെന്‍റ്​ ക്രൂഡ്​ ബാരലിന്​​ 104 ഡോളറിന്​ മുകളിലെത്തി.

Next Story