മിഡിലീസ്റ്റിലെ സൈനിക സാന്നിധ്യം കുറയ്ക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്
ഇറാഖിൽ നിന്ന് സെപ്റ്റംബർ 30ഓടെ പൂർണമായി പിൻമാറും

വാഷിങ്ടൺ/ദുബൈ: മിഡിലീസ്റ്റിലെ സൈനിക സാന്നിധ്യവും സൈനിക താവളങ്ങളും കുറക്കുന്നത് അമേരിക്ക പരിഗണിക്കുന്നതായി റിപ്പോർട്ട്. സൈനികരുടെ എണ്ണം കുറക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിലുള്ള സൈനിക താവളങ്ങൾ ഒഴിവാക്കുന്നതും പരിഗണിക്കുന്നതായാണ് അമേരിക്കൻ മാധ്യമമായ സിഎൻഎന്നിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. അതിനിടെ, ഇറാഖിൽ നിന്ന് അമേരിക്കൻ സൈനിക പിൻമാറ്റം സെപ്റ്റംബർ 30ഓടെ പൂർത്തിയാകും. ഇതുസംബന്ധിച്ച് നേരത്തേ തന്നെ ധാരണയായിരുന്നു.
മിഡിലീസ്റ്റിലെ സൈനിക സാന്നിധ്യം കുറക്കൽ സംബന്ധിച്ച് അമേരിക്കൻ സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ചർച്ച തുടങ്ങിയതായി അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പെന്‍റഗൺ ഉദ്യോഗസ്ഥരെ അടക്കം ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ഇറാൻ യുദ്ധം അവസാനിക്കുന്നതോടെ സൈനിക സാന്നിധ്യം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്. നേരത്തേ 2027ന്‍റെ തുടക്കത്തിൽ സൈനിക സാന്നിധ്യം കുറക്കുന്നത് പരിഗണിച്ചിരുന്നു. പുതിയ സാഹചര്യത്തിലാണ് ഇറാൻ യുദ്ധം അവസാനിച്ച ശേഷം നടപടികൾ തീരുമാനിക്കാൻ ആലോചിക്കുന്നത്.
2001 സെപ്റ്റംബർ 11 ആക്രമണങ്ങൾക്ക് പിന്നാലെ ആരംഭിച്ച യുദ്ധങ്ങളുടെയും ഭീകരവിരുദ്ധ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് രണ്ട് പതിറ്റാണ്ടിലേറെയായി മിഡിൽ ഈസ്റ്റിൽ വലിയ സൈനിക സാന്നിധ്യം നിലനിർത്താൻ അമേരിക്കയെ പ്രേരിപ്പിച്ചത്.എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത്രയും വലിയ സൈനിക സാന്നിധ്യം മേഖലയിൽ തുടരേണ്ടതുണ്ടോ എന്നതിനെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ പുനഃപരിശോധന നടത്തുകയാണ്. അടുത്ത വർഷം മുതൽ തന്നെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തുന്നതിനുള്ള വിവിധ സാധ്യതകൾ തയാറാക്കിയതായാണ് റിപ്പോർട്ട്. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ സൈനിക നടപടികൾക്കും വ്യോമാക്രമണങ്ങൾക്കും ആവശ്യമായ ചില പ്രധാന കേന്ദ്രങ്ങൾ നിലനിർത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
മിഡിൽ ഈസ്റ്റിൽ നിലവിൽ ഏകദേശം 50,000 അമേരിക്കൻ സൈനികരാണുള്ളത്. രണ്ട് വിമാനവാഹിനിക്കപ്പലുകളും ഒരു ഡസനിലേറെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളും മേഖലയിലുണ്ട്. ഇറാന്‍റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ പലതവണ ലക്ഷ്യമാക്കപ്പെട്ടിട്ടുണ്ട്. ആക്രമണങ്ങളിൽ 18 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ സമയത്ത് മാത്രം മിഡിലീസ്റ്റിലേക്ക് സൈനികരെയും സൈനിക ഉപകരണങ്ങളെയും അമേരിക്കയിൽ നിന്ന് എത്തിക്കുന്ന രീതിയും പരിഗണനയിലുണ്ട്.ഇതോടൊപ്പം ഇറാന്‍റെ ആക്രമണത്തിൽ യുദ്ധത്തിൽ തകർന്നതോ നശിച്ചതോ ആയ ചില സൈനിക കേന്ദ്രങ്ങൾ പുനർനിർമിക്കേണ്ടതില്ലെന്നും അമേരിക്ക തീരുമാനിച്ചതായും സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കേന്ദ്രങ്ങൾ പുനർനിർമിക്കാൻ വലിയ തുക ചെലവാകുമെന്നതിനാലാണ് ഈ തീരുമാനം.ബഹ്റൈനിൽ പ്രവർത്തിക്കുന്ന അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആണ് മേഖലയിൽ അമേരിക്കയുടെ പ്രധാന സൈനിക സാന്നിധ്യങ്ങളിലൊന്ന്. ഇവിടെ വിന്യസിച്ചിരുന്ന നാവികസേനാ ഉദ്യോഗസ്ഥർ ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് യു.എസ്. നാവികസേനാ മേധാവി അഡ്മിറൽ ഡാരിൽ കൗഡിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇറാഖിലെ അമേരിക്കൻ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സൈനിക സഖ്യത്തിന്റെ ദൗത്യമാണ് സെപ്റ്റംബർ 30ന് അവസാനിക്കുന്നത്. സഖ്യസേനയുടെ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതോടെ പുതിയ സഹകരണ ഘട്ടത്തിലേക്ക് കടക്കുമെന്ന് ഇറാഖ് സായുധസേന അറിയിച്ചു.2024ലെ കരാർ പ്രകാരമാണ് യു.എസ് സൈനികർ പിൻമാറുന്നത്. ഇറാഖിലെ കുർദിഷ് സ്വയംഭരണ മേഖലയിലെ തലസ്ഥാനമായ എർബിലിൽ വിന്യസിച്ചിട്ടുള്ള അമേരിക്കൻ വ്യോമപ്രതിരോധ സംവിധാനങ്ങളും പിന്മാറ്റത്തിന്റെ ഭാഗമാകും. പ്രദേശത്തേക്ക് ഇറാനിൽ നിന്ന് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കിടെ ഈ സംവിധാനങ്ങൾ വ്യോമപ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2003ലാണ് അമേരിക്ക ഇറാഖിൽ അധിനിവേശം നടത്തിയത്. തുടർന്നുണ്ടായ സംഘർഷങ്ങളിലും ആഭ്യന്തര യുദ്ധത്തിലും ഏകദേശം രണ്ട് ലക്ഷം സാധാരണക്കാർ കൊല്ലപ്പെട്ടതായി വിവിധ കണക്കുകൾ പറയുന്നു. 2011ൽ അമേരിക്കൻ സൈന്യം ഇറാഖിൽ നിന്ന് പിന്മാറിയെങ്കിലും ഐ.എസ് വിരുദ്ധ അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി 2015ൽ വീണ്ടും സൈനിക സാന്നിധ്യം സ്ഥാപിക്കുകയായിരുന്നു.
Adjust Story Font
16

