വിദേശ തൊഴിൽ തട്ടിപ്പും സാമ്പത്തിക വഞ്ചനയും: ലോകത്തെവിടെ നിന്നും പരാതി നൽകാം
www.nricommission.kerala.gov.in എന്ന വെബ്സൈറ്റിൽ പരാതി നൽകാമെന്ന് പ്രവാസി കമീഷൻ

കൊച്ചി: വിദേശ തൊഴിൽ തട്ടിപ്പുകൾക്കും സാമ്പത്തിക വഞ്ചനകൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്. കമ്മീഷന്‍റെ വെബ്സൈറ്റായ www.nricommission.kerala.gov.in വഴി പ്രവാസികൾക്കോ ബന്ധുക്കൾക്കോ വിസ തട്ടിപ്പുകളിൽ പെടുന്നവരെ സംബന്ധിക്കുന്ന സിവിൽ-ക്രിമിനൽ പരാതികൾ ലോകത്തെവിടെനിന്നും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഈ സൈറ്റിൽ നിന്ന് അദാലത്തിലെ ഓർഡറുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഈ വർഷം ഇതുവരെ 268-ലധികം പുതിയ പരാതികൾ ലഭിച്ചിട്ടുണ്ട്. കമ്മീഷന്റെ പരിഗണനയിലുള്ള കേസുകളിൽ 30 ശതമാനത്തിലധികം സാമ്പത്തിക-വിസ തട്ടിപ്പുകളാണെന്നും കമ്മീഷൻ അറിയിച്ചു.
എറണാകുളം കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു ജസ്റ്റിസ് സോഫി തോമസ്. 75 ഓളം പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.വിസ, റിക്രൂട്ട്‌മെന്റ്, സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിച്ച ഭൂരിഭാഗം കേസുകളും. നോർക്ക വകുപ്പ് അംഗീകരിച്ച റിക്രൂട്ടിംഗ് ഏജൻസികൾ വഴി മാത്രം വിദേശ തൊഴിൽ സാധ്യതകൾ തെരഞ്ഞെടുക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.വിദേശത്ത് മരണപ്പെടുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക തട്ടിയെടുക്കാൻ വ്യാജ ഏജൻസികളും അനധികൃത നിയമോപദേശക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബന്ധുക്കൾ പവർ ഓഫ് അറ്റോർണി നൽകുമ്പോൾ എംബസി അംഗീകൃത അഭിഭാഷകരെ മാത്രം ചുമതലപ്പെടുത്തണമെന്നും കമ്മീഷൻ അറിയിച്ചു.
പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ് വ്യക്തമായ പഠനസാധ്യതകളോ യൂണിവേഴ്‌സിറ്റി അംഗീകാരമോ പരിശോധിക്കാതെ കുട്ടികളെ വിദേശത്തേക്ക് അയക്കുന്നതിലൂടെ പ്രായോഗിക ബുദ്ധിമുട്ടുകളും കടബാധ്യതകളും നേരിടുന്ന കുടുംബങ്ങൾ നിരവധിയാണ്.അദാലത്തിൽ പ്രവാസി കമ്മീഷൻ അംഗങ്ങളായ പി.എം ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം നഈം, പ്രവാസി കമ്മീഷൻ സെക്രട്ടറി ആർ. ജയറാം കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Adjust Story Font
16

