റിയാദിൽ അടക്കം ഹൂതി ആക്രമണം; അപലപിച്ചു സഖ്യ സേന
വിമാനത്താവളത്തിന് നേരെ അടക്കമാണ് ആക്രമണ ശ്രമം നടത്തിയത്

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ അടക്കം യമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അപലപിച്ച് സൗദി സഖ്യസേന. റിയാദിൽ അടക്കം സിവിലിയൻ കേന്ദ്രങ്ങളെയാണ് ഹൂതി വിമതർ ലക്ഷ്യം വെച്ചതെന്ന് സഖ്യ സേന വ്യക്തമാക്കി. ഹൂതികളുടെ ആക്രമണങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. എല്ലാ ആക്രമണങ്ങളെയും പരാജയപ്പെടുത്തിയതായും സഖ്യസേന അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച റിയാദ് എയർപോർട്ടിനു സമീപം അടക്കം ആക്രമണ ശ്രമം നടത്തിയിരുന്നു.
റിയാദിലെയും യാമ്പുവിലെയും സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചതായി ഹൂതി വിമതരുടെ അവകാശവാദം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും അടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂതി വിമതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.അതിനിടെ, യമനിലും സൗദി അറേബ്യയിലും സംഘർഷം വ്യാപകമാകുന്നതിനിടെ അമേരിക്ക തങ്ങളുടെ പൗരൻമാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമ്പത് അറബ് -ഗൾഫ് രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരൻമാർക്കാണ് ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയത്.
സൗദി അറേബ്യക്കെതിരെ ഹൂതി വിമതരുടെ ആക്രമണം നിരന്തരം തുടരുന്ന പക്ഷം ആവശ്യമായ സഹായം നൽകുമെന്ന സൂചന തുർക്കി നൽകിയിട്ടുണ്ട്. സൗദിയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും ആക്രമണങ്ങളെ പ്രതിരോധിക്കാൻ ആവശ്യമായ സൈനിക സഹായം നൽകാൻ തയാറാണെന്നും തുർക്കി വിദേശ കാര്യ മന്ത്രി ഹകാൻ ഫിദൻ പറഞ്ഞു. സൗദിയും തുർക്കിയും പാകിസ്താനും ഒപ്പുവെച്ച മക്ക കരാർ അനുസരിച്ചു സൗദിക്ക് സഹായം നൽകുമെന്ന് സൂചിപ്പിച്ചാണ് തുർക്കി വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്. ഇന്‍റലിജൻസ്, സാങ്കേതിക സഹായം തുടങ്ങിയവ നൽകുമെന്നാണ് സൂചിപ്പിച്ചത്. ശനിയാഴ്ച ഉച്ചയോടെ റിയാദിലേക്ക് ഹൂതി വിമതരുടെ ആക്രമണ ശ്രമത്തെ തുടർന്ന് വിമാനത്താവളത്തിന് സമീപം തീപിടിത്തമുണ്ടായി. ഇന്ധന ടാങ്കിനാണ് തീപിടിച്ചത്. ഇതോടെ വിമാന സർവീസുകൾ വൈകി. രണ്ട് മണിക്കൂറോളമാണ് വിമാന സർവിസുകൾ വൈകിയത്.കരിപ്പൂരിൽ നിന്ന് റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനം ബുറൈദയിൽ ഇറക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെയും ഹൂതികൾ റിയാദിലേക്ക് ആക്രമണ ശ്രമം നടത്തിയിരുന്നു. പുലർച്ചെ മുതൽ റിയാദിലും ഖർജിലും ആണ് മുന്നറിയിപ്പ് ലഭിച്ചത്. ചില ഭാഗങ്ങളിൽ സ്ഫോടന ശബ്ദമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Adjust Story Font
16

