Quantcast

അംബാനിക്ക് സമ്പാദിക്കാൻ സാധാരണക്കാർ പട്ടിണികിടക്കണോ?

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഗുണം ചെയ്യുന്നത് അംബാനി ഉൾപ്പെടെയുള്ള വമ്പൻമാർക്ക് മാത്രമാണ്. എന്നാൽ അതിന്റെ പേരിൽ ചുമത്തപ്പെടുന്ന തീരുവ ഉണ്ടാക്കുന്ന ദുരിതം നേരിടുന്നതാകട്ടെ രാജ്യത്തെ സാധാരണക്കാരും. ആ നീതികേടിനു ഭരണകൂടം മറുപടി പറയുമോ? അതിനെ അമേരിക്കയ്‌ക്കെതിരായ ചെറുത്തുനിൽപ്പ് എന്ന പേരിൽ മറച്ചുപിടിക്കാൻ ആകുമോ?

MediaOne Logo

Web Desk

  • Updated:

    2025-08-29 06:33:24.0

Published:

29 Aug 2025 12:01 PM IST

അംബാനിക്ക് സമ്പാദിക്കാൻ സാധാരണക്കാർ പട്ടിണികിടക്കണോ?
X

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയെ ചൊല്ലി, ഇന്ത്യയും അമേരിക്കയും തമ്മിൽ തർക്കം രൂക്ഷമാണ്. അതിന്റെ പേരിൽ അമേരിക്ക ഇന്ത്യക്ക് മേൽ ചുമത്തിയ അധികത്തീരുവയും നിലവിൽ വന്നുകഴിഞ്ഞു. അധിക തീരുവ കൂടി വന്നതോടെ ഇന്ത്യൻ ഇറക്കുമതിക്ക് അമേരിക്കയിൽ 50 ശതമാനം വിലയാകും അധികരിക്കുക. അതായത് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ആവശ്യക്കാർ കുറയുമെന്ന് ചുരുക്കം

അമേരിക്കയെന്ന വമ്പൻ ശക്തിയുടെ താത്പര്യങ്ങൾക്ക് വഴങ്ങാൻ വേണ്ടിയുള്ള സമ്മർദ്ദ തന്ത്രത്തിന് മുന്നിൽ വഴങ്ങില്ല എന്നാണ് മോദി ഭരണകൂടം പറയുന്നത്. വിലക്കുറവിൽ റഷ്യയിൽനിന്ന് ലഭിക്കുന്ന എണ്ണ ഒഴിവാക്കാൻ സാധിക്കില്ല എന്നതാണ് നിലപാട്. എന്നാൽ ഈ വിലകുറഞ്ഞ എണ്ണയുടെ എന്തെങ്കിലും ഗുണം ഇവിടുത്തെ സാധാരണക്കാർക്ക് ലഭിക്കുന്നുണ്ടോ?. അതേസമയം, അധികതീരുവ സാധാരണക്കാരനെ വലിയതോതിൽ ബാധിക്കുകയും ചെയ്യുന്നു

റിലയൻസ് ഉടമസ്ഥതയിലുള്ള ജാംനഗറിലെ ഓയിൽ റിഫൈനറിയാണ് ലോകത്തെ ഏറ്റവും വലിയ ഓയിൽ റിഫൈനറി. റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഏറ്റവുമധികം നടക്കുന്നത് ഇവിടേക്കാണ്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് അമേരിക്കൻ ട്രെഷറി സെക്രട്ടറി സ്കോട്ട് ബസന്റ്, CNBCക്ക് നൽകിയ പ്രതികരണത്തിൽ ഇന്ത്യയിലെ ചില സമ്പന്ന കുടുംബങ്ങളാണ് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുടെ ഗുണഭോക്താക്കൾ എന്ന് പറഞ്ഞിരുന്നു. ബ്ലൂംബർഗിന്റെയും Centre for Research on Energy and Clean Air അഥവാ സി ആർ ഇ എയുടെയും റിപോർട്ടുകൾ പരിശോധിച്ചാൽ ആ വാദത്തിൽ ചില കാര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്യും.

റഷ്യൻ ക്രൂഡ് ഓയിലിന്റെ 37 ശതമാനവും എത്തുന്നത് ഇന്ത്യയിലേക്കാണ്. അതിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ഇറക്കുമതിക്കാർ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ് എന്നാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെയാണ് ഈ ഇറക്കുമതി വലിയ തോതിൽ വർധിച്ചത്. 2022ൽ ആരംഭിച്ച യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ, റഷ്യൻ എണ്ണയുടെ യൂറോപ്യൻ വിപണി നഷ്ടമായിരുന്നു. ഈ അവസരം മുതലെടുത്താണ്, വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ വലിയ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. യൂറോപ്പ് നഷ്‌ടമായ റഷ്യയ്ക്ക് ഇന്ത്യയെന്ന വലിയ വിപണി തുറന്നുലഭിച്ചപ്പോൾ വിലകുറഞ്ഞ എണ്ണ ലഭിച്ചു എന്നതായിരുന്നു ഇന്ത്യയുടെ നേട്ടം.

ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അഥവാ ആർ ഐ എല്ലിന്റെ ശുദ്ധീകരണ പ്ലാന്റ് 2021ൽ ഇറക്കുമതി ചെയ്തിരുന്ന ആകെ ക്രൂഡ് ഓയിലിന്റെ മൂന്നുശതമാനം മാത്രമായിരുന്നു റഷ്യയിൽനിന്നുള്ളത്. എന്നാൽ നാലുവർഷങ്ങൾക്ക് ഇപ്പുറം 2025ൽ അത് 50 ശതമാനമായിട്ടാണ് വർധിച്ചത്. അതായത് നിലവിൽ ജാംനഗർ റിഫൈനറിയിൽ എത്തുന്ന ക്രൂഡ് ഓയിലിൽ പകുതിയും റഷ്യയിൽ നിന്നുള്ളതാണെന്ന് ചുരുക്കം. 2025 ലെ ആദ്യ ഏഴ് മാസങ്ങളിൽ മാത്രം, ജാംനഗർ റിഫൈനറി റഷ്യയിൽ നിന്ന് 18.3 ദശലക്ഷം ടൺ അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തത്.

ഈ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് ഗ്യാസോലീനും ഡീസലും പെട്രോകെമിക്കൽ ഉത്പന്നങ്ങളും ആക്കിയ ശേഷം, അവ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ആർ ഐ എൽ ചെയ്യുന്നത്. ആർ ബി സി യുക്രെയ്‌ന്റെ കണക്കുപ്രകാരം, 2024 ജനുവരി മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ ഇത്തരം കയറ്റുമതിയിലൂടെ 6,900 കോടി രൂപയാണ് റിലയൻസ് സമ്പാദിച്ചത്. ഈ വർഷമാദ്യം റഷ്യൻ കമ്പനികളുമായി പത്തുവർഷത്തെ കരാറിലും റിലയൻസ് ഒപ്പുവച്ചിട്ടുണ്ട്. കരാറിന്റെ ഭാഗമായി ഇതിനകം തന്നെ 141 മില്യന്‍ ബാരല്‍ എണ്ണ കമ്പനി ഇറക്കുമതി ചെയ്തതായി 'ബ്ലൂംബെര്‍ഗ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് ചുക്കാൻ പിടിക്കുന്നത് അംബാനി ഉള്‍പ്പെടുന്ന ഇന്ത്യന്‍ എണ്ണ ഭീമന്മാരാണ് എന്ന ആരോപണം പോലും വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നനവറോ അടുത്തിടെ ഉന്നയിച്ചിരുന്നു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് പിന്നിൽ തദ്ദേശീയമായ എണ്ണ ഉപഭോഗ താല്‍പര്യങ്ങളൊന്നും മോദി സർക്കാരിനില്ല എന്നത് നേരത്തെ പറഞ്ഞ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്. മോദിയുടെ അടുപ്പക്കാരനായ അംബാനിക്ക് ലാഭമുണ്ടാക്കി കൊടുക്കുക എന്ന ഒറ്റലക്ഷ്യം മാത്രമാണ് അതിനുപിന്നിലുള്ളത്. അതങ്ങനെയല്ല രാജ്യത്തിൻറെ പൗരന്മാരുടെ നന്മയാണ് ലക്ഷ്യമെന്ന് വാദിക്കാൻ ബിജെപിക്കോ ഭരണകൂട വക്താക്കൾക്കോ സാധിക്കുമോ? വാദിച്ചാൽ തന്നെ കണക്കുകൾ പറയും അങ്ങനെയല്ലെന്ന്...

ബാരലിന്റെ വില കുറഞ്ഞുനിൽക്കുമ്പോഴും, ഇന്ത്യൻ എണ്ണ വിപണിയിൽ അതിന്റെ പ്രതിഫലനമൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ മാർച്ചിൽ

42 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ക്രൂഡ് ഓയിലിന്റെ വില താണിരുന്നു. എന്നാൽ കേന്ദ്രസർക്കാർ ചെയ്തത് ഏപ്രിലിൽ എക്സൈസ് തീരുവ രണ്ടുരൂപ കൂട്ടുകയായിരുന്നു. അങ്ങനെ എണ്ണവിലയിൽ ഒരുതരം ഗുണവും സാധാരണക്കാരന് ലഭിക്കാതിരിക്കുമ്പോഴാണ്, അംബാനി അടക്കമുള്ള കുത്തകഭീമന്മാർ, വലിയ നേട്ടം കൊയ്യുന്നത്. അധികതീരുവ ഉൾപ്പെടെയുള്ള രൂപത്തിൽ അതിന്റെ തിരിച്ചടികൾ നേരിടുന്നതാകട്ടെ ഇന്ത്യയിലെ സാധാരണക്കാരും.

ഇന്ത്യയുമായി നടക്കുന്ന ഉഭയകക്ഷി വ്യാപാരചർച്ചകളിൽ അമേരിക്കയുടെ താത്പര്യത്തിന് വഴങ്ങാൻ വേണ്ടിയുള്ള സമ്മർദ്ദ തന്ത്രമാണ് ട്രംപിന്റേത് എന്ന വസ്തുത ഒരുവശത്ത് നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബിജെപി സർക്കാരിന്റേത് അമേരിക്കയ്‌ക്കെതിരായ ചെറുത്തുനിൽപ്പായൊക്കെ ദേശീയമാധ്യമങ്ങൾ ആഘോഷിക്കുന്നുണ്ട്. അപ്പോഴും ഒരുചോദ്യം അവശേഷിക്കുന്നു.

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഗുണം ചെയ്യുന്നത് അംബാനി ഉൾപ്പെടെയുള്ള വമ്പൻമാർക്ക് മാത്രമാണ്. എന്നാൽ അതിന്റെ പേരിൽ ചുമത്തപ്പെടുന്ന തീരുവ ഉണ്ടാക്കുന്ന ദുരിതം നേരിടുന്നതാകട്ടെ രാജ്യത്തെ സാധാരണക്കാരും. ആ നീതികേടിനു ഭരണകൂടം മറുപടി പറയുമോ? അതിനെ അമേരിക്കയ്‌ക്കെതിരായ ചെറുത്തുനിൽപ്പ് എന്ന പേരിൽ മറച്ചുപിടിക്കാൻ ആകുമോ?

TAGS :

Next Story