Quantcast

'മസ്കിന്റെ പരിഷ്ക്കാരങ്ങൾ' ബിടിഎസ് മുതൽ വിജയ് വരെ, ട്വിറ്ററിൽ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ നഷ്ടമായി

ബി.ടി.എസ്, ബിയോൺസ്, പോപ്പ് ഫ്രാൻസിസ്, ഓപ്ര വിൻഫ്രി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരും ബ്ലൂടിക്ക് നഷ്ടപ്പെട്ട മറ്റ് പ്രമുഖരാണ്.

MediaOne Logo

Web Desk

  • Updated:

    2023-04-21 04:52:15.0

Published:

21 April 2023 3:33 AM GMT

Blue tick Remove
X

പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷൻ പിൻവലിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ. ലോകമെമ്പാടുമുള്ള പ്രമുഖരുടെ വെരിഫിക്കേഷൻ മാർക്കായ ബ്ലൂടിക്കാണ് ട്വിറ്റർ പിൻവലിച്ചത്. ബ്ലൂടിക്ക് തുടരുന്നതിന് പ്രതിമാസ തുക നൽകണമെന്ന് നേരത്തെ ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള പ്രമുഖരുടെ ബ്ലുടിക്ക് ട്വിറ്റർ പിൻവലിച്ചത്.

ബോളിവുഡ് നടൻമാരായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, തമിഴ് താരം വിജയ്, പ്രകാശ് രാജ്, തൃഷ തുടങ്ങി ഇന്ത്യക്കാരായ നിരവധി പ്രമുഖരുടെ ട്വിറ്റർ ബ്ലൂടിക്ക് നഷ്ടമായിട്ടുണ്ട്.

ബി.ടി.എസ്, ബിയോൺസ്, പോപ്പ് ഫ്രാൻസിസ്, ഓപ്ര വിൻഫ്രി, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരും ബ്ലൂടിക്ക് നഷ്ടപ്പെട്ട മറ്റ് പ്രമുഖരാണ്. പ്രതിമാസം എട്ട് ഡോളർ (644.20 രൂപ) അടയ്ക്കുന്ന ആർക്കും ഇനി മുതൽ ബ്ലൂടിക്ക് ലഭ്യമാകും. ബ്ലൂടിക്ക് ചിഹ്നത്തിനായി ഒരു മാസത്തിൽ 719 രൂപയാണ് ഇന്ത്യയിൽ നൽകേണ്ടത്.

ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് ബ്ലൂടിക്കിന് പണം വാങ്ങാനുള്ള തീരുമാനം കമ്പനിയെടുത്തത്. തീരുമാനത്തിന് പിന്നാലെ നിരവധി വ്യാജ പ്രൊഫെെലുകൾ ട്വിറ്ററിൽ ഉണ്ടാവുകയും ഇതിന് ബ്ലൂടിക്ക് ചിഹ്നം ലഭിക്കുകയും ചെയ്തിരുന്നു. ജീസസ് ക്രൈസ്റ്റ് മുതൽ ജോർജ് വാഷിംഗ്ഡൺ വരെയുള്ളവർക്കാണ് ട്വിറ്ററിൽ വെരിഫിക്കേഷൻ ലഭിച്ചത്.

ഇലോൺ മസ്‌ക് ട്വിറ്റർ ഉടമസ്ഥാവകാശം ഏറ്റെടുത്തിനു പിന്നാലെ ട്വിറ്റർ സി.ഇ.ഒ പരാഗ് അഗ്രവാളിനെ പുറത്താക്കിയിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ, പോളിസി ചീഫ് വിജയ ഗദ്ദെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കി. തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇലോൺ മസ്‌ക് ഉദ്യോഗസ്ഥരെ പുറത്താക്കിയത്. സ്പാം ബോട്ടുകളെ ഒഴിവാക്കാനും ട്വിറ്റർ ഉപയോക്താക്കൾക്ക് ഉള്ളടക്കം എങ്ങനെ ലഭ്യമാക്കണമെന്ന് നിർണയിക്കുന്ന അൽഗോരിതം പൊതുവായി ലഭ്യമാക്കാനും ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് വ്യക്തമാക്കി. വിദ്വേഷത്തിനും വിഭജനത്തിനുമുള്ള പ്ലാറ്റ്‌ഫോമായി ട്വിറ്ററിനെ മാറ്റുന്നത് തടയുമെന്നും മസ്‌ക് അവകാശപ്പെട്ടു.

ട്വിറ്ററിലെ ഏകദേശം 7500 ജീവനക്കാർ ഭാവിയെ കുറിച്ച് ആശങ്കയിലാണ്. 75 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ മസ്‌ക് പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ കൂടുതൽ പണം സമ്പാദിക്കാനല്ല താൻ ട്വിറ്റർ വാങ്ങിയതെന്നും മനുഷ്യരാശിയെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഇലോൺ മസ്‌ക് അവകാശപ്പെടുന്നു. 4400 കോടി ഡോളറാണ് ട്വിറ്ററിന് ഇലോൺ മസ്‌കിട്ട വില.

എന്നാൽ ഇടയ്ക്ക് ഇടപാടിൽ നിന്നും പിൻമാറുകയാണെന്ന് മസ്‌ക് വ്യക്തമാക്കുകയുണ്ടായി. കരാറിലെ വ്യവസ്ഥകൾ ട്വിറ്റർ ലംഘിച്ചെന്നും വ്യാജഅക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നുമായിരുന്നു പരാതി. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് പിന്നോട്ടുപോകുമെന്നാണ് മസ്‌ക് മുന്നറിയിപ്പ് നൽകിയത്. ഇത് സങ്കീർണമായ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചതോടെ ട്വിറ്റർ ഏറ്റെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കുകയായിരുന്നു.

TAGS :

Next Story