''മുണ്ഡനം ചെയ്ത മുടി വളരും, പക്ഷെ പാർട്ടിക്ക് ഉണ്ടാക്കിയ അവമതിപ്പ് മാറില്ല''
ലതിക സുഭാഷിന് പിന്തുണയുമായും വനിതാ നേതാക്കള്‍ രംഗത്തെത്തി

ലതിക സുഭാഷിന്റെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിൽ പ്രതികരണവുമായി നേതാക്കൾ. ലതിക സുഭാഷ് എല്ലാ സീമകളും ലംഘിച്ചുവെന്ന് എം.എം ഹസൻ പറഞ്ഞു. ഇനിയെങ്കിലും മാറി ചിന്തിക്കാൻ നേതൃത്വം തയ്യാറാവണമെന്ന് കെ.സി റോസക്കുട്ടി ടീച്ചർ പറഞ്ഞു. അതിനിടെ, ലതിക സുഭാഷിന് പിന്തുണയുമായി വനിതാ നേതാക്കള്‍ രംഗത്തെത്തി.
പക്വമതിയായ ലതിക സുഭാഷ്, പാർട്ടിയെ തെരഞ്ഞെടുപ്പ് കാലത്തു പ്രതിരോധത്തിലാക്കുകയാണുണ്ടായതെന്ന് ലാലി വിൻസെന്റ് പറഞ്ഞു. എല്ലാ കാലത്തും സ്ത്രീകൾക്ക് പ്രതിനിധ്യം നൽകിയ പാർട്ടിയാണ് കോൺഗ്രസ്. കെ.പി.സി.സി ആസ്ഥാനത്തു ലതിക സുഭാഷ് നടത്തിയ സംഭവങ്ങളെ പുച്ഛത്തോടെ കാണുന്നതായും ലാലി വിൻസെന്റ് പറഞ്ഞു.
മുണ്ഡനം ചെയ്ത മുടി വളരും പക്ഷെ പാർട്ടിക്ക് ഉണ്ടാക്കിയ അവമതിപ്പ് മാറില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആദ്യം പാര്‍ട്ടിക്കകത്ത് പറയുകയാണ് വേണ്ടതെന്ന് ചില വനിതാ നേതാക്കളും പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് ലഭിക്കാത്തതിൽ ദുഖമുണ്ടെന്ന് പറഞ്ഞ എം.എം ഹസൻ, പ്രതിഷേധിക്കരുതെന്ന് പറഞ്ഞിട്ട് കേട്ടില്ലെന്നും കുറ്റപ്പെടുത്തി.
സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് റോസക്കുട്ടി ടീച്ചർ പറഞ്ഞു. ഇനിയെങ്കിലും മാറി ചിന്തിക്കാൻ നേതൃത്വം തയ്യാറാവണം. പുരുഷന്മാർ വച്ചു നീട്ടുന്ന അപ്പകഷ്ണം കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണുള്ളത്. തലമുണ്ഡനം ചെയ്ത സംഭവം ദോഷകരമായി ബാധിക്കുമെന്നും റോസക്കുട്ടി ടീച്ചർ പറഞ്ഞു.
നേതൃത്വവുമായി ഇടഞ്ഞ ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. നിലപാട് ഉടന്‍ പ്രഖ്യാപിക്കും.
Adjust Story Font
16

