Quantcast

കളമശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് ലീഗ് ജില്ലാനേതൃത്വം

വിമതനെ നിർത്തേണ്ടെന്ന് ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്‍ദുൽ മജീദിന്‍റെ നേതൃത്വത്തിൽ കളമശേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

MediaOne Logo

  • Published:

    15 March 2021 1:17 PM IST

കളമശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന്  ലീഗ് ജില്ലാനേതൃത്വം
X

കളമശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി വി.ഇ അബ്‍ദുൽ ഗഫൂറിനെതിരെ വിമത സ്ഥാനാർഥിയെ നിർത്തില്ല. വിമതനെ നിർത്തേണ്ടെന്ന് ലീഗ് ജില്ലാ പ്രസിഡന്‍റ് അബ്‍ദുൽ മജീദിന്‍റെ നേതൃത്വത്തിൽ കളമശേരിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടി എം അഹമ്മദ് കബീറിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കൺവെൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. വി.ഇ അബ്‍ദുൽ ഗഫൂറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗ് സംസ്ഥാന നേതൃത്വത്തെ വീണ്ടും സമീപിക്കുമെന്നും അബ്‍ദുൽ മജീദ് പറഞ്ഞു.

അഴിമതിക്കേസിൽ പ്രതിയായ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെയും നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രതിയായ എംസി കമറുദ്ദീനെയും ഒഴിവാക്കിയാണ് മുസ്‌ലിംലീഗിന്‍റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്‍റെ മകൻ വി.ഇ അബ്ദുൽ ഗഫൂറാണ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് എ.കെ.എം അഷ്‌റഫ് മത്സരിക്കും.

കാൽനൂറ്റാണ്ടിന് ശേഷം പട്ടികയിൽ വനിതകളും ഇടം പിടിച്ചു. കോഴിക്കോട് സൗത്തിലാണ് നൂർബിന മത്സരിക്കുക. സുഹറ മമ്പാട്, പി കുൽസു, അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവരെ മറികടന്നാണ് നൂർബിന പട്ടികയിൽ ഇടംപിടിച്ചത്.

1996-ലാണ് ലീഗിന്‍റെ വനിത സ്ഥാനാർത്ഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ൽ മത്സരിച്ച വനിത ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

കുന്ദമംഗലത്ത് യു.ഡി.എഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേഷ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വവും അപ്രതീക്ഷതമായിരുന്നു. പ്രതീക്ഷിക്കപ്പെട്ട പോലെ മുൻ മന്ത്രി എം.കെ മുനീർ കോഴിക്കോട് സൗത്തിൽ നിന്ന് കൊടുവള്ളിയിലേക്ക് മാറി. കഴിഞ്ഞ തവണ തോറ്റ താനൂർ പിടിക്കാൻ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെയാണ് നിയോഗിച്ചത്

TAGS :

Next Story