സ്ഥാനാർത്ഥിയാകാൻ നിരവധി പേർ; ലീഗിന്‍റെ വനിതാ സ്ഥാനാർഥിത്വം അനിശ്ചിതത്വത്തില്‍
വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് പ്രാഥമിക ധാരണയായത്

നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടെ മുസ്‍ലിം ലീഗിന്‍റെ വനിതാ സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം. സ്ഥാനാർത്ഥിയാകാൻ അവകാശവാദവുമായി കൂടുതൽ പേർ രംഗത്ത് എത്തുന്നതാണ് നേതൃത്വത്തെ കുഴക്കുന്നത്.
1996 ല്‍ കോഴിക്കോട് സൗത്തില്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച് തോറ്റത് ഒഴിച്ചാല്‍ മുസ്‍ലിം ലീഗ് ഇതുവരെ വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പു കാലത്തും വനിതാ പ്രാതിനിധ്യം ചർച്ചയാകുമെങ്കിലും നിരാശയാണ് ഫലം. ഇത്തവണ ഒരാളെ എങ്കിലും പരിഗണിക്കാൻ തന്നെയാണ് ലീഗ് നേതൃത്വത്തിന്‍റെ തീരുമാനം. പക്ഷേ ആരെ പരിഗണിക്കണമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.
വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനെ മത്സരിപ്പിക്കാനാണ് പ്രാഥമിക ധാരണയായത്. ഇത്തവണ അധികമായി ആവശ്യപ്പെട്ട സീറ്റുകളിലൊന്നായ തൃശൂർ ജില്ലയിലെ ചേലക്കര മണ്ഡലം ലീഗിന് ലഭിച്ചാൽ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ആലോചന. എന്നാൽ വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിനാ റഷീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കുല്‍സു, സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, എം.എസ്.എഫ് ഹരിതാ നേതാവ് ഫാത്തിമ തഹിലിയ എന്നിവരിലാർക്കെങ്കിലും പരിഗണന നൽകണമെന്ന ആവശ്യവും ശക്തമാണ്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പ്രവൃത്തി പരിചയമാണ് സുഹറ മമ്പാടിന് അനുകൂല ഘടകം. സ്ഥാപക നേതാവായിട്ടും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല എന്നത് നൂർബിന റഷീദിനും സാധ്യത നൽകുന്നു.
എം.എസ്.എഫിന്‍റെ ദേശീയ വൈസ് പ്രസിഡന്‍റായ ഫാത്തിമ തഹ്‍ലിയ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ തഹ്‌ലിയക്ക് അവസരം നല്‍കുന്നതിനെതിരെ പ്രതിഷേധവുമായി വനിതാ ലീഗ് തന്നെ രംഗത്തുണ്ട്. ഏറെ കാലമായി പ്രവർത്തിക്കുന്ന വനിതാ ലീഗിനെ തഴഞ്ഞ് വിദ്യാർത്ഥി വിഭാഗമായ ഹരിതയുടെ പ്രതിനിധിക്ക് അവസരം നൽകിയാൽ പരസ്യ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയും ലീഗ് നേതൃത്വത്തിനുണ്ട്.
Adjust Story Font
16

