Quantcast

''എല്ലാവര്‍ക്കും കിട്ടിയതിനേക്കാള്‍ കൂടുതല്‍ ബോണസ് ആണ് ഞങ്ങള്‍ക്ക് കിട്ടിയത്...''

വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പ്... ശേഷം ഒരു പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍... അതും മൂന്ന് കുട്ടിക്കുറുമ്പന്മാര്‍.. സന്തോഷങ്ങള്‍ പങ്കുവെച്ച് അനുമോഹനും നിഷയും

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-09-27 10:48:31.0

Published:

27 Sep 2021 10:31 AM GMT

എല്ലാവര്‍ക്കും കിട്ടിയതിനേക്കാള്‍ കൂടുതല്‍ ബോണസ് ആണ് ഞങ്ങള്‍ക്ക് കിട്ടിയത്...
X

കുഞ്ഞുങ്ങളാണ് ഒരു വീടിനെ വീടാക്കുന്നത്.. അത്രയേറെ കൊതിച്ചിട്ടും കാത്തിരുന്നിട്ടും ഒരു കുഞ്ഞ് പിറക്കാതെ നിരാശരായും ടെന്‍ഷനടിച്ചിട്ടും ജീവിക്കുന്ന നിരവധി ദമ്പതികളുണ്ട് നമുക്ക് ചുറ്റിലും... വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കാത്തിരിപ്പിന് അവസാനം ഒരു അനുഗ്രഹം പോലെ പലര്‍ക്കും കുഞ്ഞുങ്ങളുണ്ടാകാറുമുണ്ട്...

അത്തരമൊരു കഥയാണ് കോഴിക്കോട് ചെറുവണ്ണൂര്‍ ചിറക്കല്‍ വീട്ടിലെ അനുമോഹന്‍, നിഷ ദമ്പതികളുടേത്. കല്യാണം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവര്‍ക്കും കുട്ടികളുണ്ടായത്. മൂന്ന് കുട്ടിക്കുറുമ്പന്മാരാണ് ഇപ്പോള്‍ ഈ വീടിന്‍റെ ജീവന്‍- അമല്‍, അലന്‍, അമന്‍ എന്നാണ് ഇരുവരും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയ പേരുകള്‍.


ഈ എട്ടുവര്‍ഷവും ഭാര്യ നിഷ അനുഭവിച്ച ടെന്‍ഷനും സമ്മര്‍ദ്ദവും അത്രയേറെയായിരുന്നുവെന്ന് അനുമോഹന്‍ പറയുന്നു. ''ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും ടെന്‍ഷനുണ്ടായാല്‍ ഒന്നുകില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്ര പോകാം, അതുപോലെ മറ്റു പലതുമായി റിലാക്സ് ആകാന്‍ നിരവധി വഴികളുണ്ട്. പക്ഷേ, പല ചടങ്ങുകള്‍ക്കും പോകുമ്പോള്‍ സമപ്രായക്കാരോ ഞങ്ങളിലും താഴെ പ്രായമുള്ളവരെയോ കാണുമ്പോള്‍, അവരുടെ കുട്ടികളെ കാണുമ്പോള്‍ ഞങ്ങളനുഭവിച്ച, എന്നേക്കാള്‍ എന്‍റെ ഭാര്യ അനുഭവിച്ച ടെന്‍ഷനുണ്ട്. കാരണം ആരുടെ കയ്യിലും കുട്ടികളെ കണ്ടാല്‍ ഞാനൊന്ന് എടുക്കും. എനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടാണ്. അതു കണ്ടാല്‍ അവള്‍ക്ക് വിഷമമാകും. പിന്നെ ഞാനത് ശ്രദ്ധിക്കാന്‍ തുടങ്ങി.. അവളുടെ മുമ്പില്‍ വെച്ച് മറ്റ് കുട്ടികളെ എടുക്കാതിരിക്കാന്‍ മാക്സിമം ശ്രദ്ധിച്ചു. അവസാനം എല്ലാവര്‍ക്കും കിട്ടിയതിനേക്കാള്‍ കൂടുതല്‍ ബോണസ് ആണ് എനിക്ക് കിട്ടിയത്...''- അനുമോഹന്‍ പറയുന്നു.


ജോലിക്ക് പോകലും അതിന്‍റെ ടെന്‍ഷനും അതിനിടയില്‍ ട്രീറ്റ്മെന്‍റും എല്ലാം കൂടി നടക്കില്ലെന്ന് മനസ്സിലായി. അതുകൊണ്ട് ഒരു വര്‍ഷം ചികിത്സയ്ക്കായി തന്നെ ലീവെടുത്തു. നിങ്ങള്‍ റിലാക്സ് ആയാല്‍ മതി, ടെന്‍ഷന്‍ ഫ്രീ ആയാല്‍ മതി എന്നാല്‍ തന്നെ നിങ്ങളുടെ പ്രശ്നങ്ങള്‍ കുറേ തീരും എന്നായിരുന്നു ഡോക്ടര്‍ ആദ്യം പറഞ്ഞതെന്ന് പറയുന്ന നിഷ.

ആദ്യ സ്കാനിംഗില്‍ അറിഞ്ഞത് ഇരട്ടക്കുട്ടികള്‍ ഉണ്ടെന്നായിരുന്നു. അതുതന്നെ ഒരു ഹാപ്പി ന്യൂസ് ആയിരുന്നു. അതിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോള്‍ നിഷയ്ക്ക് ചില ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് രണ്ടാമതൊന്നുകൂടി സ്കാന്‍ ചെയ്ത് നോക്കുന്നത്. ശരിക്കും ആ ദിവസങ്ങളില്‍ അനുഭവിച്ചത് വല്ലാത്ത ടെന്‍ഷനായിരുന്നു എന്ന് പറയുന്നു അനുമോഹന്‍.

''എട്ടുവര്‍ഷം കഴിഞ്ഞ് കിട്ടുന്ന കുഞ്ഞുങ്ങള്‍, വല്ലാത്തൊരു ആശങ്കയായിരുന്നു അപ്പോള്‍ മനസ്സില്‍. അങ്ങനെ ആ സ്കാനിംഗിലാണ് ഡോക്ടര്‍ ഞങ്ങളോട് ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞത്. നിങ്ങള്‍ക്ക് മൂന്ന് കുട്ടികളാണ്... കിട്ടിയത് മൂന്ന് ആണ്‍കുട്ടികളെയാണ്.. ആ കുട്ടികളെ കയ്യില്‍ കിട്ടിയ ആ നിമിഷമുണ്ടല്ലോ.. മറക്കാന്‍ പറ്റില്ല അത്....''


''ആദ്യമൊക്കെ കുട്ടികള്‍ രാത്രി എപ്പോഴും കരഞ്ഞുകൊണ്ടിരിക്കും. അതും മൂന്നാളും ഒരുമിച്ച് ഉണരും.. ഒരുമിച്ച് കരയും.. അങ്ങനെയൊക്കെയായിരുന്നു... പാല് കൊടുക്കണം.. എടുത്തോണ്ട് നടക്കണം.. ഒരുമണിക്കൂറൊക്കെ ഒരാളെ എടുത്തോണ്ട് നടക്കേണ്ട സമയമൊക്കെ ഉണ്ടായിരുന്നു...'' - കഴിഞ്ഞ ഒരുവര്‍ഷത്തെ ഓര്‍ത്തെടുക്കുകയാണ് നിഷ.

ജനിച്ചയുടെ മക്കളെ എടുക്കാന്‍ തന്നെ പേടിയായിരുന്നു... നിഷയുടെ അനിയത്തിമാരും അമ്മയും കൂടി വീട്ടിലുള്ളതുകൊണ്ടാണ് കുട്ടികളെ കൃത്യമായി പരിചരിക്കാന്‍ കഴിഞ്ഞതെന്നും അനുമോഹന്‍ പറയുന്നു. ആദ്യത്തെ ആറുമാസം നിഷയുടെ വീട്ടില്‍ തന്നെ ആയിരുന്നു.. ആറുമാസം കഴിഞ്ഞതിന് ശേഷമാണ് വീട്ടിലേക്ക് വന്നതെന്നും അനുമോഹന്‍ കൂട്ടിച്ചേര്‍ത്തു.


''പലരും എന്നെ കളിയാക്കുകയും പേടിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. മൂന്നു കുട്ടികളാണ്.. നീ തീര്‍ന്നുമോനെ എന്ന ലൈനിലൊക്കെ ആയിരുന്നു എല്ലാവരുടെയും വര്‍ത്തമാനം. പക്ഷേ ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടെന്നും അവര് രാത്രി ഉണരുമെന്നും കരയുമെന്നും പ്രതീക്ഷിച്ചു കൊണ്ടാണ് ഞങ്ങള്‍ രാത്രി കിടക്കുന്നത്. രാത്രി എഴുന്നേല്‍ക്കും കുഞ്ഞുങ്ങളെ എടുക്കും.. നമ്മളെ മക്കളെ വേറെ ആര് നോക്കാനാണ്.. നമ്മളല്ലേ അവര്‍ക്കുള്ളത്...''- ചെറിയൊരു ചിരിയോടെ, അതിലുമേറെ ആത്മനിര്‍വൃതിയോടെ അനുമോഹന്‍ പറയുന്നു.

അവരെ ഒരേ സമയത്ത് എഴുന്നേല്‍പ്പിക്കാനും ഉറക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ ശ്രദ്ധിക്കാറുണ്ട്. ആറുമാസത്തിന് ശേഷമാണ് കട്ടിയുള്ള ആഹാരം കൊടുത്ത് തുടങ്ങിയത്. ഭക്ഷണം കഴിപ്പിച്ചെടുക്കാനാണ് ബുദ്ധിമുട്ട്.. പാല് കുടിക്കും... ഇപ്പോ തന്നെ രാത്രി കിടത്തിയുറക്കിയാല്‍ രണ്ട് മൂന്ന് മണിയാകുമ്പോഴേക്ക് ആരെങ്കിലും ഒരാള്‍ എഴുന്നേറ്റിരിക്കും.. ഉണര്‍ന്ന ഉടനെ കരയാനും തുടങ്ങും.. അത് കേള്‍ക്കാന്‍ കാത്തുനിന്ന പോലെ മറ്റ് രണ്ട് പേരും എഴുന്നേല്‍ക്കും കരച്ചില് തുടങ്ങും. ചില സമയത്ത് മൂന്നുപേരും ഒരുമിച്ച് എഴുന്നേറ്റ് കരയുന്ന സമയമൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോ രണ്ടു പേര്‍ നടക്കാന്‍ തുടങ്ങി.. ഒരാള്‍ പിടിച്ചുപിടിച്ച് നടക്കാനും.. ഇരുന്ന് കളിക്കുമ്പോള്‍ പിടിച്ചു വാങ്ങലും തള്ളിയിടലും ഒക്കെ തുടങ്ങിയിട്ടുണ്ട്. - നിഷ മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവെക്കുകയാണ്.

നമ്മള്‍ മക്കള്‍ക്ക് വേണ്ടി ഡെഡിക്കേറ്റഡ് ആയി നിന്നാല്‍ മതി. ഒരു പ്രശ്നവും ഉണ്ടാവില്ല. ഈ പ്രായത്തില്‍ കൊടുക്കേണ്ട ശ്രദ്ധയും പരിഗണനയും ഈ പ്രായത്തില്‍ തന്നെ കൊടുക്കണം. പിന്നെ കൊടുത്തിട്ട് കാര്യമില്ല. അതുകൊണ്ടുതന്നെ ഒരുബുദ്ധിമുട്ടുമില്ലാതെ ഞങ്ങളിങ്ങനെ മുന്നോട്ടു പോകുന്നു - അനുമോഹന്‍ പറഞ്ഞു നിര്‍ത്തി.


'ഹാപ്പി കിഡ്'- പേരുപോലെത്തന്നെ കുട്ടികളുടെ സന്തോഷമാണത്.. ഏത് പ്രായത്തിലുമുള്ള കുഞ്ഞുമേനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍... ഒപ്പം മറ്റ് അനുബന്ധ ഉപകരണങ്ങളും, രക്ഷിതാക്കളുടെ മനസ്സറിഞ്ഞ സെലക്ഷനും...

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കൂ:

Website: www.happykid.in

Instagram: www.instagram.com/happykidbabycare/

Facebook: www.facebook.com/happykidbabycare

TAGS :

Next Story