Quantcast

ദിവസവും 30 മിനിറ്റ് ജാപ്പനീസ് നടത്തത്തിനായി നീക്കിവെക്കാമോ...?; ശരീരഭാരം കുറക്കാം,ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം

മാനസികാരോഗ്യത്തെയും ജാപ്പനീസ് നടത്തം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു

MediaOne Logo

Web Desk

  • Published:

    12 Nov 2025 2:18 PM IST

ദിവസവും 30 മിനിറ്റ് ജാപ്പനീസ് നടത്തത്തിനായി നീക്കിവെക്കാമോ...?; ശരീരഭാരം കുറക്കാം,ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം
X

ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ വ്യായാമ രീതിയാണ് നടത്തം. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. ദിവസം 10,000 അടി ചുവട് വെക്കാനാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ ഇത് എല്ലാവർക്കും സാധിക്കണമെന്നില്ല. ഇത്തരക്കാർക്ക് ജാപ്പനീസ് നടത്ത രീതി പരീക്ഷിക്കാവുന്നതാണ്. സാധാരണ നടക്കുന്നതിനേക്കാൾ ഗുണങ്ങൾ ജാപ്പനീസ് നടത്തത്തിന് ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ലോകമെമ്പാടും ജാപ്പനീസ് നടത്തത്തിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്.

എന്താണ് ജാപ്പനീസ് നടത്ത രീതി...

ഇന്റർവെൽ വോക്കിങ് ട്രെയിനിങ് എന്നാണ് ജാപ്പനീസ് നടത്തം അറിയിപ്പെടുന്നത്. ജപ്പാനിലെ ഷിൻഷു യൂണിവേഴ്‌സിറ്റിയിലെ ഡോ.ഹിരോഷി നോസ് ആണ് ജപ്പാനിലെ മുതിർന്ന പൗരന്മാർക്കായി ഈ നടത്ത രീതി വികസിപ്പിച്ചെടുത്തത്. എത്ര ചുവട് വെക്കുന്നു എന്നതിനേക്കാൾ നടത്തിന്റെ സ്പീഡിലാണ് ഇതിൽ പ്രധാനം. മൂന്ന് മിനിറ്റ് വേഗത്തിൽ നടന്നതിന് ശേഷം മൂന്ന് മിനിറ്റ് സാവകാശത്തിൽ നടക്കും. 30 മിനിറ്റുള്ളിൽ അഞ്ച് തവണ ഇങ്ങനെ ആവർത്തിക്കും.ഇതിനായി ആദ്യം അഞ്ചോ പത്തോ മിനിറ്റ് വാം അപ് ചെയ്യാം.ഇത് പേശികളെ ആയാസകരമാക്കാൻ സഹായിക്കും. 30 മിനിറ്റിന് ശേഷം സ്‌ട്രെച്ചിങ് വ്യായാമങ്ങളോ കൂൾ ഡൗൺവ്യായാമങ്ങളോ ഉപയോഗിച്ച് ഇത് അവസാനിപ്പിക്കാം...

ജാപ്പനീസ് നടത്തത്തിന്റെ ആരോഗ്യ ഗുണങ്ങൾ

മാനസികാരോഗ്യം

സ്ഥിരമായി ജാപ്പനീസ് വ്യായാമം ശീലമാക്കിയാൽ മൊത്തത്തിലുള്ള മാനസികാരോഗ്യം വർധിപ്പിക്കും.വിഷാദം കുറയുമെന്നും ഗവേഷകർ പറയുന്നു.

ശരീരഭാരം കുറയ്ക്കൽ

മിതമായ വേഗതയിലുള്ള നടത്തത്തെ അപേക്ഷിച്ച് ജാപ്പനീസ് നടത്ത രീതി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വേഗത്തിലുള്ള നടത്തം കലോറി കൂടുതലായി എരിച്ചുകളയും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നതിലൂടെയും രക്താതിമർദ്ദത്തിനും അനുബന്ധ സങ്കീർണതകൾക്കും സാധ്യത കുറയ്ക്കും..ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും.വേഗത്തിൽ നടക്കുന്ന സമയത്ത് ഹൃദയമിടിപ്പ് ഉയരും. പേശികൾക്കും വ്യായാമം ലഭിക്കും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും ധമനികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കും. ഹൃദയ സംബന്ധമായ ഫിറ്റ്‌നസ് വർധിപ്പിക്കാനും പക്ഷാഘാത സാധ്യത കുറയ്ക്കാനും ഈ രീതിക്ക് കഴിയും.

സന്ധി വേദന കുറക്കും

ഓട്ടത്തേക്കാൾ ജാപ്പനീസ് നടത്തം എല്ലുകൾക്കും സന്ധികൾക്കും സമ്മർദ്ദം കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

നല്ല ഉറക്കം കിട്ടും

ജാപ്പനീസ് നടത്ത രീതി പതിവായി തുടരുന്നത് ഉറക്കത്തിന്റെ നിലവാരം വർധിപ്പിക്കാൻ സഹായിക്കുന്നു.

തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ടത്

ആദ്യമായി ജാപ്പനീസ് നടത്ത രീതി ചെയ്യുന്നവർ വാം അപ് ചെയ്തതിന് ശേഷം വ്യായാമം ആരംഭിക്കുക. ആദ്യം കുറഞ്ഞ സമയം നടത്തം ആരംഭിക്കുകയും പിന്നീട് സമയം കൂട്ടിവരികയും ചെയ്യാം. ആവശ്യത്തിന് വെള്ളം കുടിക്കുകയും ശരീരത്തില് ജലാംശം നിലനിർത്തുകയും വേണം.

TAGS :

Next Story