ഫ്രിഡ്ജിൽ വെറുതെയൊരു എ4 പേപ്പർ വെച്ചു നോക്കൂ; ഗുണങ്ങൾ നിങ്ങളെ അതിശയിപ്പിക്കും!
വലിയ ചെലവുകളില്ലാത്തതും വളരെ ലളിതവുമായ ഈ വിദ്യ ഫ്രിഡ്ജിന്റെ കാര്യക്ഷമത കൂട്ടാനും കറന്റ് ബിൽ പിടിച്ചുനിർത്താനും ഏറെ സഹായിക്കും

അടുക്കളയിലെ പ്രധാനപ്പെട്ട ഒരു വസ്തുവായി ഒരിക്കലും ഒരു സാധാരണ എ4 പേപ്പർ (A4) നമ്മൾ കണക്കാക്കില്ല. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു വിദ്യയിലൂടെ ഇതൊരു കിടിലൻ കിച്ചൺ ഹാക്കായി മാറിയിരിക്കുകയാണ്. ഫ്രിഡ്ജിനുള്ളിലെ അധിക ഈർപ്പം വലിച്ചെടുക്കാനും, ഡോറിന്റെ സീൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമെല്ലാം വെറുമൊരു എ4 പേപ്പർ മാത്രം മതി! വലിയ ചെലവുകളില്ലാത്തതും വളരെ ലളിതവുമായ ഈ വിദ്യ ഫ്രിഡ്ജിന്റെ കാര്യക്ഷമത കൂട്ടാനും കറന്റ് ബിൽ പിടിച്ചുനിർത്താനും ഏറെ സഹായിക്കും.
അങ്ങനെയെങ്കിൽ, ഈ വൈറൽ ട്രെൻഡിന് പിന്നിലെ ശാസ്ത്രം എന്താണ്? അറിയാം
ഫ്രിഡ്ജിനുള്ളിൽ എ4 പേപ്പർ വെച്ചാൽ എന്ത് സംഭവിക്കും?
എ4 പേപ്പർ നിർമിച്ചിരിക്കുന്നത് സെല്ലുലോസ് ഫൈബറുകൾ കൊണ്ടാണ്. ഇവയ്ക്ക് അന്തരീക്ഷത്തിലെ ഈർപ്പം സ്വാഭാവികമായി വലിച്ചെടുക്കാനുള്ള കഴിവുണ്ട്. നമ്മൾ ഫ്രിഡ്ജ് തുറക്കുന്ന ഓരോ തവണയും പുറത്തുനിന്നുള്ള ചൂടുള്ള വായു അകത്ത് കയറുകയും ഈർപ്പമായി മാറുകയും ചെയ്യും. ഇത് ഫ്രിഡ്ജിൽ ദുർഗന്ധമുണ്ടാക്കാനും ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടാകാനും കാരണമാകും. എന്നാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു എ4 പേപ്പർ ഫ്രിഡ്ജിനുള്ളിൽ വെക്കുന്നതിലൂടെ ഈ അധിക ഈർപ്പം ഒരു പരിധി വരെ വലിച്ചെടുക്കാൻ സാധിക്കും.
പച്ചക്കറികളും ഭക്ഷണവും കൂടുതൽ കാലം ഫ്രഷ് ആയിരിക്കും
ഈർപ്പം കൂടുന്നത് ബാക്ടീരിയയും പൂപ്പലും വേഗത്തിൽ വളരാൻ കാരണമാകും. പേപ്പർ ഈർപ്പം വലിച്ചെടുക്കുന്നതിലൂടെ പച്ചക്കറികൾ, പഴങ്ങൾ, ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ എന്നിവ കൂടുതൽ കാലം കേടാകാതെ ഫ്രഷ് ആയി സൂക്ഷിക്കാൻ കഴിയും. ഇലക്കറികളും പച്ചക്കറികളും സൂക്ഷിക്കുന്ന ക്രിസ്പർ ഡ്രോയറിന് സമീപം പേപ്പർ വെക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
ദുർഗന്ധം അകറ്റാൻ സഹായിക്കുന്നു
കൃത്യമായി വൃത്തിയാക്കിയിട്ടും ഫ്രിഡ്ജിൽ നിന്ന് അസുഖകരമായ ഗന്ധം വരുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം അധികമായുള്ള ഈർപ്പമായിരിക്കും. ഈർപ്പം വലിച്ചെടുക്കാൻ പേപ്പർ സഹായിക്കുന്നതിനാൽ ഫ്രിഡ്ജിലെ ദുർഗന്ധവും വലിയൊരു പരിധി വരെ കുറയും. എങ്കിലും അഴുകിയ ഭക്ഷണങ്ങളിൽ നിന്നുള്ള ദുർഗന്ധം മാറാൻ ഫ്രിഡ്ജ് പതിവായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
കറന്റ് ബിൽ കുറയ്ക്കാൻ ഒരു 'എ4 പേപ്പർ ടെസ്റ്റ്'
ഫ്രിഡ്ജിന്റെ ഡോർ കൃത്യമായി അടയുന്നുണ്ടോ എന്ന് പരിശോധിക്കാനും എ4 പേപ്പർ ഉപയോഗിക്കാം. ഒരു എ4 പേപ്പർ പകുതി ഫ്രിഡ്ജിനുള്ളിലും പകുതി പുറത്തുമായി വെച്ച് ഡോർ അടയ്ക്കുക. ശേഷം പേപ്പർ പതുക്കെ പുറത്തേക്ക് വലിച്ചു നോക്കുക. പേപ്പർ വലിക്കാൻ അല്പം ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോറിന്റെ റബ്ബർ ഗാസ്കറ്റ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാം. എന്നാൽ വളരെ എളുപ്പത്തിൽ പേപ്പർ ഊരിപ്പോരുകയാണെങ്കിൽ ഡോർ സീൽ തകരാറിലാണെന്ന് മനസിലാക്കാം. സീൽ തകരാറിലായാൽ ഫ്രിഡ്ജിലെ തണുപ്പ് പുറത്തുപോകുകയും ഇത് കറന്റ് ബിൽ കുത്തനെ ഉയരാൻ കാരണമാവുകയും ചെയ്യും.
ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഈർപ്പം വലിച്ചെടുക്കാൻ വെക്കുന്ന പേപ്പർ 10 മുതൽ 14 ദിവസങ്ങൾ കൂടുമ്പോൾ മാറ്റാൻ ശ്രദ്ധിക്കണം.
- നനഞ്ഞതോ ചുരുണ്ടതോ ആയ പേപ്പറുകൾ ഉപയോഗിക്കരുത്. എപ്പോഴും വൃത്തിയുള്ള പേപ്പർ മാത്രം ഉപയോഗിക്കുക.
- തുറന്നുവെച്ച ഭക്ഷണസാധനങ്ങളിൽ മുട്ടുന്ന രീതിയിൽ പേപ്പർ വെക്കാൻ പാടില്ല.
ഇതൊരു മികച്ച സൂത്രമാണെങ്കിലും ഫ്രിഡ്ജ് കൃത്യമായി പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഫ്രിഡ്ജിൽ എന്തെങ്കിലും തൂവിപ്പോയാൽ ഉടൻ തുടച്ചുമാറ്റാനും, ചൂടുള്ള ഭക്ഷണങ്ങൾ തണുത്ത ശേഷം മാത്രം ഫ്രിഡ്ജിൽ വെക്കാനും എപ്പോഴും ശ്രദ്ധിക്കുക.
Adjust Story Font
16

