മൂന്ന് ലക്ഷം കോടി ആസ്തിയുള്ള അമേരിക്കൻ കമ്പനിയുടെ നിയമങ്ങൾ തിരുത്തിച്ച ഇന്ത്യൻ യുവതി; ആരാണ് ദമയന്തി
ഇന്ത്യൻ ചരിത്രത്തിലാദ്യമായി എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷനെടുത്ത് പഠിക്കാനെത്തിയ ആദ്യ വനിത കൂടിയാണവർ

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള സ്ത്രീകൾക്കൊരു മാതൃകയാണ് എഞ്ചിനീയറായ ദമയന്തി ഹിംഗോറാണി ഗുപ്ത. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഈ സ്ത്രീയാണ് ഇന്ത്യയിലാദ്യമായി എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം നേടിയത്.
1942ൽ ഇന്നത്തെ പാകിസ്താനിലെ താരൂഷായിലാണ് ദമയന്തിയുടെ ജനനം. വിഭജനത്തിനു ശേഷം കുടുംബം ഇന്ത്യയിലേക്ക് മാറിത്താമസിച്ചു. ആ കാലഘട്ടത്തിലെ സ്ത്രീകൾ കേട്ടിട്ടു പോലുമില്ലാത്ത എഞ്ചിനീയറാകാനാണ് പഠനത്തിൽ മിടുക്കിയായ ദമയന്തി തീരുമാനിച്ചത്. ജവഹർലാൽ നെഹ്റുവിന്റെ വാക്കുകളാണ് അതിന് പ്രചോദനമായതെന്ന് ദമയന്തി ഓർത്തെടുക്കുന്നുണ്ട്. അങ്ങനെ ഇന്ത്യൻ ചരിത്രത്തിലാദ്യമായി എഞ്ചിനീയറിംഗ് കോളേജിലേക്ക് ഒരു വനിതയെത്തി, മെക്കാനിക്കൽ എഞ്ചിനീയറിംഗിലേക്ക്.
സ്ത്രീകൾ ഇല്ലാത്ത മേഖലയായിരുന്നതിനാൽ കോളേജിൽ സ്ത്രീകൾക്കു വേണ്ടിയുള്ള ടോയ്ലറ്റ് സൗകര്യവുമുണ്ടായിരുന്നില്ല. കോളേജിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരെയുള്ള പൊതു ടോയ്ലറ്റായിരുന്നു ഏക ആശ്രയം. ഇതെല്ലാം മറികടന്നാണ് മെക്കാനിക്കൽ എഞ്ചിനീയറിംഗിലെ തന്റെ ബിരുദം ദമയന്തി നേടിയെടുത്തത്.
ദമയന്തിയുടെ ചരിത്ര പ്രാധാന്യം ഇവിടെ തീരുന്നില്ല. മൂന്ന് ലക്ഷം കോടി ആസ്തിയുള്ള അമേരിക്കൻ കമ്പനിയുടെ നിയമന നയം തിരുത്താൻ ദമയന്തി കാരണക്കാരിയായി.
1967ൽ തന്റെ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ സുപ്രധാന വാഹന നിർമാതാക്കളായ ഫോർഡിൽ ജോലിക്കപേക്ഷിച്ചു. എന്നാൽ വനിത എഞ്ചിനീയർമാർക്ക് തസ്തികയില്ല എന്ന കാരണത്താൽ ദമയന്തിയുടെ അപേക്ഷ തള്ളിയ കമ്പനിയോട് ഒരിക്കലെങ്കിലും അവസരം നൽകാതെ പിന്നെങ്ങനെ വനിതകൾ ഉണ്ടാകുമെന്ന് ദമയന്തി തിരിച്ചു ചോദിച്ചു. ഈ ചോദ്യമാണ് കമ്പനിയുടെ കാലങ്ങളായുള്ള നിയമന രീതിയിൽ മാറ്റം കൊണ്ട് വരാൻ ഫോർഡിനെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ഫോർഡിലെ ആദ്യ വനിതാ എഞ്ചിനീയറായി ദമയന്തി മാറുന്നതും.
35 വർഷം ഫോർഡിൽ ജോലി ചെയ്ത ദമയന്തി ഹിംഗോറാണിയാണ് അപ്രാപ്യമായിരുന്ന കമ്പനിയിൽ ആയിരക്കണക്കിന് സ്ത്രീകൾക്കുള്ള വഴിയൊരുക്കി നൽകിയത്.
Adjust Story Font
16

