Quantcast

പഴയ പത്രം വെറുതെ കളയല്ലേ! വീട്ടിലെ ഈ 10 ആവശ്യങ്ങൾക്ക് ഉപയോഗിക്കാം

പഴയ പത്രങ്ങൾ നീട്ടിയെറിയുന്നതിന് മുൻപ് അവ ഉപയോഗിച്ച് ചെയ്യാവുന്ന പത്ത് കാര്യങ്ങൾ പരിചയപ്പെടാം

MediaOne Logo

Web Desk

  • Published:

    26 Nov 2026 10:36 PM IST

പഴയ പത്രം വെറുതെ കളയല്ലേ! വീട്ടിലെ ഈ 10 ആവശ്യങ്ങൾക്ക് ഉപയോഗിക്കാം
X

വീട്ടിൽ കെട്ടിപ്പൂട്ടി വെച്ചിരിക്കുന്ന പഴയ പത്രങ്ങളുണ്ടോ? ആർക്കും വേണ്ടാതെ മൂലയ്ക്കിരിക്കുകയാണോ പൊടിപിടിച്ചിരിക്കുന്ന, വായിച്ചുകഴിഞ്ഞ പത്രങ്ങൾ? പഴയ പത്രങ്ങൾ സാധനങ്ങൾ പൊതിയാനും പഴയ പേപ്പർ ശേഖരിക്കുന്നവർക്ക് വിൽക്കാനും മാത്രമുള്ളതായി എഴുതിത്തള്ളാൻ വരട്ടെ. കൃത്യമായി അറിഞ്ഞ് ഉപയോഗിക്കുകയാണെങ്കിൽ വീട്ടിലെ പല ആവശ്യങ്ങൾക്കും വലിയ മുതൽക്കൂട്ടാണ് ഈ പഴയ പത്രങ്ങൾ. അടുക്കള മുതൽ പൂന്തോട്ടം വരെ പല കാര്യങ്ങൾ ഇവ പ്രയോജനപ്പെടുത്താനാകും. പഴയ പത്രങ്ങൾ നീട്ടിയെറിയുന്നതിന് മുൻപ് അവ ഉപയോഗിച്ച് ചെയ്യാവുന്ന പത്ത് കാര്യങ്ങൾ പരിചയപ്പെടാം.

കണ്ണാടിയും, പൊടി പിടിച്ചിരിക്കുന്ന ഗ്ലാസുകളും തുടച്ച് വൃത്തിയാക്കാം

കണ്ണാടികളിലും ജനലുകളിലും ഗ്ലാസ് മേശകളിലുമുള്ള കറകളും വിരലടയാളങ്ങളും നീക്കം ചെയ്യാൻ പഴയ പത്രങ്ങൾ ഉപയോഗിക്കാം. പത്രം ചുരുട്ടിയെടുത്ത് വെള്ളവും അൽപം വിനാഗിരിയും ചേർത്ത മിശ്രിതത്തിൽ മുക്കി ഗ്ലാസ് പ്രതലങ്ങൾ തുടച്ചാൽ കറകളില്ലാതെ വൃത്തിയാക്കാം. സാധാരണ തുണികൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നൂലിഴകളും പത്രം ഉപയോഗിച്ചുകൊണ്ട് ഒഴിവാക്കാനാകും.

പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കാം

പഴുക്കാത്ത പഴങ്ങൾ വേഗത്തിൽ പഴുപ്പിക്കാൻ പത്രം സഹായിക്കുമെന്ന് എത്ര പേർക്കറിയാം? തക്കാളി, അവക്കാഡോ, മാങ്ങ, പീച്ച് തുടങ്ങിയ പഴങ്ങൾ ഓരോന്നായി പത്രത്തിൽ പൊതിയാം. പഴങ്ങൾ സ്വാഭാവികമായി പുറത്തുവിടുന്ന എഥിലീൻ വാതകം പത്രത്തിനുള്ളിൽ തങ്ങിനിൽക്കുന്നത് പഴുക്കൽ വേഗത്തിലാക്കും. ഇത്തരത്തിൽ പൊതിഞ്ഞ പഴങ്ങൾ അടച്ച പെട്ടിയിൽ സൂക്ഷിച്ചാൽ കൂടുതൽ വേഗത്തിൽ പഴുക്കും.

പൂന്തോട്ടത്തിലെ കളകൾ നിയന്ത്രിക്കാനും ഫലപ്രദം

പൂന്തോട്ടത്തിൽ അനാവശ്യമായി വളരുന്ന കളകളെ നിയന്ത്രിക്കാനും പഴയ പത്രങ്ങൾ ഉപയോഗിക്കാനാകും. ചെടികൾ വളരുന്ന തടങ്ങളിൽ നാലോ ആറോ പാളികളായി പത്രം വിരിച്ച ശേഷം മുകളിൽ ചകിരിച്ചോറ്, ഉണങ്ങിയ പുല്ല്, ഇലകൾ എന്നിവ നിരത്താം. ഇത് കളകളുടെ വളർച്ച തടയും. അതേസമയം വെള്ളം മണ്ണിലേക്ക് ഇറങ്ങുകയും ചെയ്യും. കാലക്രമേണ പത്രം മണ്ണിൽ അലിഞ്ഞുചേർന്ന് ജൈവവളമായി മാറുകയും ചെയ്യും.

കമ്പോസ്റ്റ് നിർമാണത്തിന് ഉപയോഗിക്കാം

വീട്ടിലെ ജൈവമാലിന്യങ്ങൾ ഉപയോഗിച്ച് കമ്പോസ്റ്റ് നിർമിക്കുമ്പോൾ കാർബൺ അടങ്ങിയ വസ്തുക്കളും ആവശ്യമാണ്. പഴയ പത്രങ്ങൾ ഇതിന് ഏറെ അനുയോജ്യമാണ്. പത്രങ്ങൾ ചെറിയ കഷണങ്ങളാക്കി കമ്പോസ്റ്റിൽ ചേർക്കാം. അടുക്കള മാലിന്യങ്ങൾ, പുല്ല് തുടങ്ങിയവയുമായി കലർത്തുന്നത് കമ്പോസ്റ്റിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും. മണ്ണിരകൾക്കും പത്രത്തിന്റെ ഘടന അനുയോജ്യമാണെന്നതാണ് ശാസ്ത്രം.

അലമാരകളിലും ഡ്രോയറുകളിലും വിരിച്ചിടാം

അടുക്കളയിലെ അലമാരകൾ, വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഡ്രോയറുകൾ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന ഷെൽഫുകൾ എന്നിവയിൽ പഴയ പത്രങ്ങൾ വിരിച്ചിടാം. പൊടിയും അഴുക്കും വീഴുന്നതും സാധനങ്ങൾ മൂലം പ്രതലങ്ങളിൽ പോറലുകൾ ഉണ്ടാകുന്നതും ഒരു പരിധിവരെ തടയാം. പത്രം അഴുക്കായാൽ മാറ്റി പുതിയത് വിരിച്ചാൽ മതിയാകും.

പൊട്ടാൻ സാധ്യതയുള്ള വസ്തുക്കൾ പൊതിയാനും പത്രം?

വീട് മാറുമ്പോഴും പൊട്ടിപ്പോകാൻ സാധ്യതയുള്ള സാധനങ്ങൾ സൂക്ഷിക്കുമ്പോഴുമെല്ലാം പഴയ പത്രങ്ങൾ ഉപയോഗിക്കാനാകും. ചില്ലുപാത്രങ്ങൾ, സെറാമിക് വസ്തുക്കൾ തുടങ്ങിയവ പത്രത്തിൽ പൊതിഞ്ഞ് സൂക്ഷിക്കാം. ചുരുട്ടിയ പത്രങ്ങൾക്കിടയിൽ വായു നിറഞ്ഞ ചെറിയ ഇടങ്ങൾ രൂപപ്പെടുന്നത് ആഘാതം കുറയ്ക്കാൻ സഹായിക്കും. ബബിൾ റാപ്പിന് പകരമായി ഉപയോഗിക്കാവുന്ന ചെലവുകുറഞ്ഞ മാർഗമാണിത്.

തീ കത്തിക്കാൻ ഉപയോഗിക്കാം

അടുപ്പുകളിലും വിറകടുപ്പുകളിലും തീ കത്തിക്കാൻ പഴയ പത്രങ്ങൾ ഉപയോഗിക്കാം. പത്രം മുറുക്കി, ചുരുട്ടി കെട്ടുകളാക്കി തീ കൊളുത്താൻ ഉപയോഗിക്കാം. ഇവ വിറകുകൾക്കിടയിൽ വെച്ച് തീ ആളിപ്പടർത്താനുമാകും. അതേസമയം, തീ ഉപയോഗിക്കുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണം. കത്തുന്ന തീ ഒരിക്കലും ശ്രദ്ധിക്കാതെ വിടരുത്.

നനഞ്ഞ ചെരുപ്പുകൾ ഉണക്കാം

മഴക്കാലത്ത് ഒട്ടനവധി പേർ അനുഭവിക്കുന്ന പ്രയാസമാണ് ചെരുപ്പുകൾ വളരെ വേഗത്തിൽ നനയുകയെന്നത്. ഈ പ്രതിസന്ധി മറികടക്കാനും പഴയ പത്രങ്ങൾ നമ്മെ സഹായിക്കും. ചുരുട്ടിയ പത്രങ്ങൾ ചെരുപ്പിനുള്ളിൽ നിറച്ചുവെച്ചാൽ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കും. ചെരുപ്പിന്‍റെ യഥാർത്ഥ ആകൃതി നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഇത് സഹായിക്കും. ബൂട്ടുകൾ, ഹാൻഡ് ബാഗുകൾ എന്നിവ സൂക്ഷിക്കുമ്പോഴും ആകൃതി നിലനിർത്താൻ പത്രം ഉപയോഗിക്കാവുന്നതാണ്.

വിത്തുകൾ മുളപ്പിക്കാൻ പാത്രങ്ങളുണ്ടാക്കാം

പൂന്തോട്ട പരിപാലത്തിൽ താൽപര്യമുള്ളവർക്കുമുണ്ട് പത്രങ്ങൾകൊണ്ട് ഏതാനും പ്രയോജനങ്ങൾ. പഴയ പത്രങ്ങൾ ഉപയോഗിച്ച് വിത്ത് മുളപ്പിക്കാനുള്ള ചെറിയ പാത്രങ്ങളുണ്ടാക്കാനാകുമെന്നതാണ് അതിലേറ്റവും പ്രധാനം. പത്രം പല പാളികളായി ചുരുട്ടി കപ്പ് രൂപത്തിലാക്കി മണ്ണ് നിറച്ച് വിത്ത് നടാം. തൈകൾ വളർന്ന് മാറ്റിനടേണ്ട സമയമാകുമ്പോൾ പത്രം ഉൾപ്പെടെ മണ്ണിലേക്ക് മാറ്റാം. പത്രം മണ്ണിൽ സ്വാഭാവികമായി അലിഞ്ഞുചേരുന്നതിനാൽ വേരുകൾക്ക് കേടുപാടുകൾ വരുത്താതെ തൈകൾ മാറ്റിനടാം. പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗവും ഇതുവഴി കുറയ്ക്കാനാകും.

പൊട്ടിയ ചില്ലുകൾ സുരക്ഷിതമായി വൃത്തിയാക്കാം

ഗ്ലാസ് വസ്തുക്കൾ പൊട്ടിയാൽ വലിയ കഷണങ്ങൾ കൈകൊണ്ട് എടുക്കുന്നതിന് മുൻപായി കൈയുറകൾ ധരിക്കണമല്ലോ. വലിയ കഷണങ്ങൾ നീക്കം ചെയ്തശേഷം കുറച്ച് പത്രങ്ങൾ നനച്ച് നിലത്ത് പതുക്കെ അമർത്തി തുടയ്ക്കാം. കണ്ണിൽപ്പെടാത്ത ചെറിയ ചില്ലുകഷണങ്ങൾ നനഞ്ഞ പത്രത്തിൽ ഒട്ടിപ്പിടിക്കും. ചൂലുകൊണ്ട് അടിച്ചുവാരിയാലും വാക്വം ക്ലീനർ ഉപയോഗിച്ചാലും അവശേഷിക്കാൻ സാധ്യതയുള്ള ചെറിയ ചില്ലുകൾ നീക്കം ചെയ്യാൻ ഇത് സഹായിക്കും.

TAGS :

Next Story