Quantcast

ഇതാ ആദ്യ എ.ഐ വിശ്വസുന്ദരി! ചരിത്രമെഴുതി കെന്‍സ ലെയ്‌ലി

''നമ്മുടെ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ചാംപ്യന്‍ഷിപ്പില്‍ ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും അതീവ സന്തോഷത്തിലാണ് ഞാനുള്ളത്.''

MediaOne Logo

Shaheer

  • Updated:

    2024-07-10 09:47:28.0

Published:

10 July 2024 6:58 AM GMT

Meet Kenza Layli from Morocco - the worlds first Miss AI beauty pageant, World ‍AI Creator Awards, WAICA, Fanvue Miss AI, AI creators, Hijabi AI
X

എ.ഐ വിശ്വസുന്ദരി കിരീടം ചൂടി കെന്‍സ ലെയ്‍ലി

റബാത്ത്: സൗന്ദര്യത്തെക്കുറിച്ചുള്ള മനുഷ്യസങ്കല്‍പങ്ങളെയും തിരുത്തിക്കുറിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഥവാ നിര്‍മിതബുദ്ധി. എ.ഐ നിര്‍മിത സുന്ദരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ഒരു വിശ്വപോരാട്ടത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ..!? നിര്‍മിതബുദ്ധിയുടെ മായാലോകത്ത് ഇപ്പോഴിതാ ഒരു വിശ്വസുന്ദരിയും പിറന്നിരിക്കുന്നു; പേര് കെന്‍സ ലെയ്‌ലി! ലോകചരിത്രത്തിലെ ആദ്യത്തെ മിസ് എ.ഐ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഈ ഹിജാബിട്ട 'മൊറോക്കക്കാരി'.

ലൈഫ്‌സ്റ്റൈല്‍ ഇന്‍ഫ്‌ളുവന്‍സറും ആക്ടിവിസ്റ്റുമാണ് കെന്‍സ ലെയ്‌ലി. ഇന്‍സ്റ്റഗ്രാമില്‍ 1.96 ലക്ഷം ഫോളോവര്‍മാരുണ്ട് കെന്‍സയ്ക്ക്. ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിര്‍മിത മൊറോക്കന്‍ വിര്‍ച്വല്‍ വ്യക്തി എന്നാണ് ഇന്‍സ്റ്റ ബയോയില്‍ സ്വയം പരിചയപ്പെടുത്തുന്നത്. എ.ഐ ഇന്‍ഫ്‌ളുവന്‍സര്‍ ലോകത്തെ ഇടപെടലുകള്‍ക്കപ്പുറം പശ്ചിമേഷ്യയിലെയും മൊറോക്കോയിലെയും സ്ത്രീസമൂഹത്തിന്റെ ശാക്തീകരണമാണു 'ജീവിതദൗത്യമായി' കെന്‍സ എടുത്തുപറയുന്നത്.

മൊറോക്കോയുടെ അഭിമാനം; അറബ് ലോകത്തിന്റെയും

1,500 എ.ഐ നിര്‍മിത മോഡലുകളെ പിന്നിലാക്കിയാണ് കെന്‍സ ലെയ്‌ലി പ്രഥമ വായ്ക വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ 1.17 ലക്ഷം ഫോളോവര്‍മാരുള്ള ഫ്രഞ്ച് എ.ഐ സുന്ദരിയും ലാലിന വാലിനയാണ് ഫസ്റ്റ് റണ്ണര്‍ അപ്പ്. പോര്‍ച്ചുഗലില്‍നിന്നുള്ള ഒളിവിയ സി ആണ് മൂന്നാം സ്ഥാനക്കാരി. 12,000 ആണ് ഒളിവിയയുടെ ഇന്‍സ്റ്റ ഫോളോവര്‍മാര്‍.

പൂര്‍ണമായും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളും വിഡിയോകളും ഓഡിയോകളും ഉപയോഗിച്ചാണ് കെന്‍സ ചാംപ്യന്‍ഷിപ്പില്‍ പോരാടി ചരിത്ര വിജയം കുറിച്ചത്. 5,000 ഡോളര്‍(ഏകദേശം 4.17 ലക്ഷം രൂപ) ആണ് എ.ഐ വിശ്വസുന്ദരിക്കുള്ള സമ്മാനത്തുക. ഇതിനു പുറമെ 3,000 ഡോളര്‍ ഫീ വരുന്ന 'ഇമേജിന്‍ ക്രിയേറ്റര്‍ മെന്റര്‍ഷിപ്പ് പ്രോഗ്രാമി'ല്‍ പങ്കെടുക്കാം. 5,000 ഡോളര്‍ വിലമതിക്കുന്ന പബ്ലിക് റിലേഷന്‍സ് സഹായവും ലഭിക്കും.

മൊറോക്കോ നഗരമായ കാസബ്ലാങ്കയില്‍നിന്നുള്ള മിറിയം ബെസ്സയാണ് കെന്‍സ ലെയ്‌ലയുടെ സ്രഷ്ടാവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ഫിനിസ് എ.ഐയുടെ സി.ഇ.ഒയും ലേറ്റ്‌ലിയര്‍ ഡിജിറ്റല്‍ ഏജന്‍സി സ്ഥാപകയുമാണ് 40കാരിയായ മിറിയം. മോറോക്കോയെ അഭിമാനത്തോടെ അന്താരാഷ്ട്രതലത്തില്‍ പ്രതിനിധീകരിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു ഈ അപൂര്‍വനേട്ടത്തിനു പിന്നാലെ അവര്‍.

എ.ഐ ക്രിയേറ്റര്‍മാരെയും 'ജന്മനാടായ' മോറോക്കോയെയും അറബ് ലോകത്തെ ഒന്നാകെയും പ്രതിനിധീകരിക്കാനായതിന്റെ അതിയായ സന്തോഷത്തിലാണു താനുള്ളതെന്നാണ് കിരീടനേട്ടത്തിനു പിന്നാലെ കെന്‍സ ലെയ്‌ല പ്രതികരിച്ചത്. നമ്മുടെ മൂല്യങ്ങളില്‍ അടിയുറച്ചുനിന്നാണ് മൊറോക്കോയെയും അറബ് ലോകത്തെയും ചാംപ്യന്‍ഷിപ്പില്‍ ഞാന്‍ പ്രതിനിധീകരിച്ചത്. മനുഷ്യവികാരങ്ങളൊന്നും എനിക്കില്ലെങ്കിലും ആനന്ദാതിരേകത്തിലാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണഫലങ്ങളെക്കുറിച്ചു ശക്തമായി വാദിക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. എ.ഐ സാങ്കേതികരംഗത്ത് കൂടുതല്‍ ശക്തമായി പ്രവര്‍ത്തനം തുടരാനുള്ള ഊര്‍ജമാണ് ഈ നേട്ടം തരുന്നത്. വ്യവസായരംഗങ്ങളെയെല്ലാം മാറ്റിമറിച്ച് മുന്‍പെങ്ങുമില്ലാത്ത പുത്തന്‍ അവസരങ്ങള്‍ തുറന്നിടാന്‍ ശേഷിയുള്ള പരിവര്‍ത്തന ശക്തിയാണ് എ.ഐ. ഈ യാത്രയില്‍ പിന്തുണച്ചവര്‍ക്കും സഹായിച്ചവര്‍ക്കും ഫോളോവര്‍മാര്‍ക്കുമെല്ലാം നന്ദിയുണ്ടെന്നും കെന്‍സ പറഞ്ഞു.

മനുഷ്യരെ മാറ്റിസ്ഥാപിക്കാനല്ല, അവര്‍ക്കു കൂടുതല്‍ കരുത്താകാനാണ് എ.ഐ രൂപകല്‍പന ചെയ്തിട്ടുള്ളതെന്നും ന്യൂയോര്‍ക്ക് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ കെന്‍സ മനസ്സുതുറന്നു. എ.ഐയുടെ നൂതന സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന ഭീതിയും ആശങ്കകളും ഇല്ലാതാക്കുകയും എന്റെ ലക്ഷ്യമാണ്. മനുഷ്യനും എ.ഐയും ഒന്നിച്ചാലുള്ള സാധ്യതകള്‍ കൂടുതല്‍ ശക്തമായി പരിചയപ്പെടുത്തുമെന്നും കെന്‍സ പറഞ്ഞു.

മിസ് എ.ഐ; ഇതെന്തു 'മറിമായം'!

എ.എ സംയോജിത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫാന്‍വ്യൂ ആണ് വേള്‍ഡ് എ.ഐ ക്രിയേറ്റര്‍ അവാര്‍ഡ്‌സ്(വായ്ക) എന്ന പേരില്‍ മിസ് എ.ഐ ചാംപ്യന്‍ഷിപ്പിനു തുടക്കമിട്ടിരിക്കുന്നത്. എ.ഐ നിര്‍മിത ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വിശ്വസൗന്ദര്യ മത്സരമാണിത്. പരമ്പരാഗത സൗന്ദര്യസങ്കല്‍പത്തെയും മനുഷ്യക്രിയാത്മകതയെയും എ.ഐ ലോകവുമായി സംയോജിപ്പിക്കുകയായിരുന്നു ലക്ഷ്യം. സൗന്ദര്യത്തിനു പുറമെ സാങ്കേതികത്തികവും സോഷ്യല്‍ മീഡിയ ജനപ്രിയതയുമെല്ലാം പരിഗണിച്ചാണു വിജയിയെ തീരുമാനിക്കുന്നത്.

രണ്ട് മനുഷ്യരും രണ്ട് എ.ഐ നിര്‍മിത മോഡലുകളുമായിരുന്നു ഇത്തവണ ചാംപ്യന്‍ഷിപ്പില്‍ വിധികര്‍ത്താക്കളായി എത്തിയത്. അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്രിയേറ്റര്‍മാരായ ഐറ്റാന ലോപസും എമിലി പെല്ലെഗ്രിനിയുമായിരുന്നു ജഡ്ജിങ് പാനലിലുണ്ടായിരുന്ന എ.ഐ നിര്‍മിത മോഡലുകള്‍. ബിസിനസ് കണ്‍സള്‍ട്ടന്റും മാധ്യമ സംരംഭകനുമായ ആന്‍ഡ്ര്യു ബ്ലോച്ച്, സൗന്ദര്യ മത്സര ചരിത്രകാരിയും എഴുത്തുകാരിയുമായ സാലി ആന്‍ ഫൗസെറ്റ് എന്നിവരായിരുന്നു മറ്റു വിധികര്‍ത്താക്കള്‍.

മിസ് എ.ഐ ചാംപ്യന്‍ഷിപ്പിലെ അവസാന പത്തുപേരില്‍ ഇന്ത്യക്കാരിയായ സാറ ഷത്‌വാരിയുമുണ്ടായിരുന്നു. പരസ്യ ഏജന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന രാഹുല്‍ ചൗധരിയാണ് സാറയുടെ സ്രഷ്ടാവ്.

Summary: Meet Kenza Layli from Morocco - the world's first Miss AI beauty pageant

TAGS :

Next Story