പതിവായി എവിടെയും വൈകിയെത്തുന്നവരാണോ നിങ്ങൾ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിഹാരമുണ്ടെന്ന് മനശാസ്ത്രജ്ഞർ
തങ്ങളുടെ പക്കല്‍ ആവശ്യത്തിലധികം സമയമുണ്ടെന്ന് കരുതി മുന്നിലുള്ള നിമിഷങ്ങളെ അലസമായി ചിലവഴിച്ചേക്കാമെന്ന് കരുതുന്നതിലൂടെയാണ് ചിലര്‍ പതിവായി വൈകുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഡോക്ടര്‍ ഗെയില്‍ മാക്‌ബ്രൈഡ് എന്ന മനശാസ്ത്രജ്ഞൻ

ജീവിതത്തിൽ അല്‍പം കൂടി സമയം നീട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് പറയാത്തവരായി അധികപേരൊന്നും കാണില്ല. സ്‌കൂളുകളിലും ജോലിസ്ഥലങ്ങളിലും പതിവായി വൈകിയെത്തുകയും മുടന്തന്‍ ന്യായങ്ങള്‍ നിരത്തുകയും ചെയ്യുന്നവരും ചില്ലറയല്ല. തങ്ങളുടെ പക്കല്‍ ആവശ്യത്തിലധികം സമയമുണ്ടെന്ന് കരുതി മുന്നിലുള്ള നിമിഷങ്ങളെ അലസമായി ചിലവഴിച്ചേക്കാമെന്ന് കരുതുന്നതിലൂടെയാണ് ചിലര്‍ പതിവായി വൈകുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഡോക്ടര്‍ ഗെയില്‍ മാക്‌ബ്രൈഡ് എന്ന മനശാസ്ത്രജ്ഞൻ.
നമ്മുടെ കയ്യിലുള്ള സമ്പാദ്യങ്ങളില്‍ വെച്ചേറ്റവും പരിമിതമായ ഒന്നാണ് സമയമെന്ന് ഡോക്ടര്‍ പറയുന്നു. തങ്ങളുടെ പക്കലുള്ള സമയത്തിന് അര്‍ഹമായ വില കല്‍പിക്കാത്തവരാണ് സ്ഥിരമായി എല്ലായിടങ്ങളിലും വൈകിയെത്തുന്നവരെന്നാണ് ഗെയിലിന്റെ നിരീക്ഷണം. കുട്ടിക്കാലം മുതല്‍ക്ക് ശീലിച്ചുവരുന്ന ഇത്തരം ശീലങ്ങള്‍ വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ നുള്ളിക്കളയാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നീട് വലിയ വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സ്ഥിരമായി വൈകിയെത്തുന്ന ശീലക്കാരില്‍ എട്ട് സൂചനകള്‍ കാണാനാകുമെന്നാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
സമയത്തിലുള്ള അമിതമായ ശുഭാപ്തിവിശ്വാസം
ശുഭാപ്തി വിശ്വാസമുണ്ടായിരിക്കുകയെന്നത് ജീവിതത്തില്‍ വളരെ പ്രധാനമാണ്. എന്നാല്‍, ചില കാര്യങ്ങളില്‍ പരിധിവിട്ട ശുഭാപ്തിവിശ്വാസം അത്ര നല്ലതല്ലെന്നാണ് വൈകിയെത്തുവരുടെ സമയനിഷ്ടയുമായി ബന്ധപ്പെട്ട് മനശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതുകാരണം, ഇനിയും സമയമുണ്ടല്ലോയെന്ന് കരുതി കാര്യങ്ങള്‍ നീട്ടിവെക്കാന്‍ ആളുകള്‍ താല്‍പ്പര്യപ്പെടും.
അശ്രദ്ധ
ചെറിയ ചില കാര്യങ്ങളില്‍ ആവശ്യത്തിലധികം സമയം നിക്ഷേപിക്കുകയും എന്നാല്‍ സുപ്രധാനമായ കാര്യത്തിലേക്കടുക്കുമ്പോള്‍ സമയം തികയാതെ വരികയും ചെയ്യുന്നത് തികച്ചും അശ്രദ്ധയിലൂടെ സംഭവിക്കുന്നതാണ്. ഇത്തരക്കാര്‍ മിക്കപ്പോഴും അവശ്യസമയങ്ങളില്‍ വൈകിയാണെത്തുക.
മനസാന്നിധ്യമില്ലായ്മ
നിര്‍ബന്ധമായും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്തുതീര്‍ക്കേണ്ടുന്നതിന് അലക്ഷ്യമായി സമയം ചിലവഴിക്കാന്‍ പുതിയ കാലത്ത് വഴികളേറെയാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ തലച്ചോറുകളില്‍ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന പുതിയ കാലങ്ങളില്‍ പലപ്പോഴും എത്തിച്ചേരേണ്ട ഇടങ്ങളിലും ചെയ്യേണ്ട കാര്യങ്ങളിലും കൃത്യനിഷ്ട പാലിക്കാന്‍ പലര്‍ക്കും സാധിക്കാതെ പോകുന്നു.
ഇമെയില്‍ ചെക്ക് ചെയ്യുന്നതിനായി ഫോണെടുത്താല്‍ മണിക്കൂറുകളോളം റീല്‍സില്‍ തല കുനിച്ചിരിക്കുന്നവര്‍ മിക്കവാറും എല്ലാ കാര്യങ്ങളിലും വൈകിയെത്തുന്നവരാണെന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം.
എല്ലാം കാര്യങ്ങളും ഏറ്റെടുക്കുന്ന ശീലം
മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കും അഭിനന്ദനങ്ങള്‍ക്കും വേണ്ടി സ്വന്തം സമയങ്ങളെ ത്യജിക്കുന്നവര്‍ എല്ലായ്‌പ്പോഴും വൈകിവരുന്നവരാണ്. വലിഞ്ഞുകേറി എല്ലായിടങ്ങളിലും സന്തോഷത്തിന്റെ മൊത്തവിതരണക്കാരനാവുന്നതിനേക്കാള്‍ ക്ഷണിക്കപ്പെട്ടയിടങ്ങളില്‍ കൃത്യസമയത്ത് എത്തിച്ചേര്‍ന്ന് ആരെയും മുഷിപ്പിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് പലപ്പോഴും ഇത്തരക്കാര്‍ ചിന്തിക്കാറില്ല.
ബോധപൂര്‍വം വിമതനാകാനുള്ള ശ്രമം
വൈകിയെത്തിയാല്‍ മാത്രമേ തന്നെ എല്ലാവരും ശ്രദ്ധിക്കുകയുള്ളൂവെന്ന് കരുതുന്ന ചിലരെ പലയിടങ്ങളിലും നമുക്ക് കാണാനാകും. ക്ഷണിക്കപ്പെടുന്ന വേദികളില്‍ നേരത്തെ എത്തിച്ചേര്‍ന്നാല്‍ തന്നെ ആരും ശ്രദ്ധിക്കില്ലെന്ന അപകര്‍ഷതാബോധത്തിലുള്ള പെരുമാറ്റം അത്ര നല്ലതെന്നാണ് ഡോക്ടറുടെ പക്ഷം.
സാഹസികതയോടുള്ള കൊതി
ആവശ്യത്തിന് സമയവും മതിയായ സാവകാശവും ഉണ്ടെങ്കില്‍ പോലും ഒരിടത്തേക്ക് ഇറങ്ങുകയാണെങ്കില്‍ ബോധപൂര്‍വം വൈകിയിറങ്ങുന്നവരുണ്ട്. വൈകിയിറങ്ങുകയും വാഹനങ്ങളില്‍ ചീറിപ്പാഞ്ഞ് കൃത്യസമയത്തിനുള്ളില്‍ എത്തിച്ചേരുകയും ചെയ്യുന്ന ഇത്തരക്കാര്‍ സാഹസികതക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍, പലപ്പോഴും ഇവര്‍ വൈകിയാണ് മിക്ക സ്ഥലങ്ങളിലേക്കും എത്തിച്ചേരാറുള്ളത്.
സാമൂഹിക ഉത്കണ്ഠ
തിരക്കേറിയ സദസിനെ അഭിമുഖീകരിക്കാന്‍ ഭയമുള്ളവര്‍ മിക്ക പരിപാടികളിലും വൈകിയാണെത്താറുള്ളത്. ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം കാരണം സാധ്യമാകുന്നത്രയും സമയം വൈകിയെങ്കില്‍ മാത്രം പരിപാടിയിലേകത്/ സദസിലേക്ക് ഇറങ്ങാമെന്നായിരിക്കും ഇത്തരക്കാര്‍ വിചാരിക്കുക.
പതിവായി വൈകിയെത്തുന്നത് ശീലമായത് കാരണം പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി ഏതാനും വഴികളും മനശാസ്ത്രജ്ഞര്‍ പങ്കുവെക്കുന്നുണ്ട്.
1. നിങ്ങളുടെ പ്രശ്‌നത്തിന്റെ പരിഹാരം നിങ്ങളില്‍ തന്നെയുണ്ടെന്ന സ്വയം അവബോധം വളര്‍ത്തിയെടുക്കുക. എന്തുകൊണ്ടാണ് വൈകുന്നതെന്നും മറികടക്കാന്‍ എന്തുചെയ്യാനാകുമെന്നും മനസിലാക്കി പ്രവര്‍ത്തിക്കുക.
2. ലക്ഷ്യം മനസിലാക്കി കാരണങ്ങളും പരിഹാരങ്ങളും മനസിലാക്കി നീക്കങ്ങള്‍ ക്രമീകരിക്കുക.
3. ഒരു മണിക്കുള്ള മീറ്റിങിന് 12.45ന് പുറപ്പെടണമെന്ന് സ്വന്തത്തെ പറഞ്ഞ് ബോധ്യപ്പെടുത്തുക. നിങ്ങള്‍ വിചാരിക്കുന്നതിനും നേരത്തെ ഇറങ്ങാന്‍ ശീലിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ സമയനിഷ്ഠയെ പോസിറ്റീവായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.
4. പുറപ്പെടുന്നതിന് 15 മിനിറ്റ് മുന്‍പ് അലാറം സെറ്റ് ചെയ്യുക. ചെറിയ കാര്യങ്ങള്‍ക്ക് കൂടുതലായി സമയം നല്‍കി വലിയ കാര്യങ്ങളില്‍ അലസരാകാതെ പ്രവര്‍ത്തിക്കുക.
5. നിങ്ങളുടെ തിരക്കേറിയ ദിവസത്തില്‍ ഓരോ പരിപാടികളുടെ സമയങ്ങളും അവിടെ എത്തിച്ചേരേണ്ട സമയങ്ങളും മടങ്ങേണ്ട സമയങ്ങളും കൃത്യമായി മനസിലുറപ്പിക്കുക.
ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ എവിടെയും വൈകിയെത്തുന്നവരെന്ന ചീത്തപ്പേര് നിങ്ങള്‍ക്ക് ക്രമേണയായി എടുത്തുകളയാനാകും.
Adjust Story Font
16

