Quantcast

'വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ല'; ഒരു ലക്ഷം രൂപ ശമ്പളത്തിൽ 'ഹോം മാനേജരെ' നിയമിച്ച് ദമ്പതികൾ

ചിലർ തീരുമാനത്തെ വിമർശിച്ചും മറ്റു ചിലർ അനുകൂലിച്ചും രംഗത്തെത്തി

MediaOne Logo

Web Desk

  • Published:

    18 Nov 2025 2:47 PM IST

വീട്ടിലെ കാര്യങ്ങൾ നോക്കാൻ സമയമില്ല; ഒരു ലക്ഷം രൂപ ശമ്പളത്തിൽ ഹോം മാനേജരെ നിയമിച്ച് ദമ്പതികൾ
X

സംരംഭകരായ അമൻ ഗോയലും ഹർഷിത ശ്രീവാസ്തവയും  photo| NDTV

മുംബൈ:രാവിലെ ഉണർന്നാൽ വീട്ടുജോലികൾ തീർക്കണം,അടുക്കള ജോലിക്ക് ആളുണ്ടെങ്കിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും എന്തുണ്ടാക്കണമെന്ന് പറയണം, വീട്ടിലെ അറ്റകുറ്റപ്പണികൾക്കായി ആളുകളെ വിളിക്കണം, ഓഫീസിൽ നിന്ന് മടങ്ങുമ്പോൾ പലചരക്ക് സാധനങ്ങൾ വാങ്ങണം. ഇതിനൊക്കെ പുറമെ ഓഫീസിലെത്തിയാൽ അവിടുത്തെ നൂറ് കൂട്ടം ജോലികൾ,മീറ്റിങ്ങുകൾ...

ഭാര്യയും ഭർത്താവും ജോലിക്കാരായാൽ പിന്നെ പറയുകയും വേണ്ട..ഒന്നിനും സമയുണ്ടാകില്ല. ഈ ഒരു അവസ്ഥ മറികടക്കാൻ വേണ്ടി ഹോം മാനേജരെ നിയമിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപനമായ ഗ്രെയ്ലാബ്‌സിന്റെ സ്ഥാപകൻ അമൻ ഗോവൽ.

ഒരു ലക്ഷം രൂപയാണ് ഹോം മാനേജർക്ക് ശമ്പളം. ഭക്ഷണകാര്യങ്ങൾ തീരുമാനിക്കുക, അലമാരകൾ അടുക്കിവെക്കുക,വീട്ടിലെ അറ്റകുറ്റപ്പണികൾ, പലചരക്ക് സാധനങ്ങൾ വാങ്ങുക, അലക്കൽ തുടങ്ങി ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്ന മുഴുവൻ സമയ ഹോം മാനേജരെയാണ് താൻ നിയമിച്ചതെന്ന് അമൻ പറയുന്നു.

വീട്ടിലെ എല്ലാ കാര്യങ്ങളും ആ വ്യക്തി തന്നെയാണ് നോക്കി നടത്തുന്നതെന്നും അമൻ ഹോം മാനേജരെക്കുറിച്ചുള്ള എഴുത്തുകാരൻ സാഹിൽ ബ്ലൂമിന്റെ പോസ്റ്റിന് മറുപടിയായ കുറിച്ചു.

ഹോം മാനേജരെ നിയമിച്ചതിന് പിന്നാലെ തനിക്കും ഗ്രലാബ്സിന്റെ സഹസ്ഥാപക കൂടിയായ ഭാര്യ ഹർഷിത ശ്രീവാസ്തവക്കും ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കിട്ടുന്നു. ധാരാളം തലവേദനകളിൽ നിന്നും സമയനഷ്ടത്തിൽ നിന്നും ഈ തീരുമാനം ഞങ്ങളെ രക്ഷിച്ചെന്നും അമൻ പറഞ്ഞു.

'ഞങ്ങളുടെ കൂടെ ജോലി ചെയ്യുന്ന വ്യക്തി വിദ്യാസമ്പന്നനാണ്, ഹോട്ടൽ ശൃംഖലയിൽ ഓപ്പറേഷൻസ് ഹെഡായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകുന്നു. ഞങ്ങൾ ഞങ്ങളുടെ സമയത്തെ വിലമതിക്കുന്നു, പണം നൽകാൻ ഞങ്ങൾക്ക് കഴിയും, അതിനാൽ പണം നൽകുന്നു..' അമൻ വിശദീകരിച്ചു.

'എന്റെ മാതാപിതാക്കൾ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്, ഇരുവരും മുതിർന്ന പൗരന്മാരാണ്, അവരെക്കൊണ്ട് ഇത്തരം ജോലികളുടെ ഭാരം താങ്ങാൻ കഴിയില്ല. വീട് കൈകാര്യം ചെയ്യേണ്ടത് ഒരു ജോലിയാണ് 'അദ്ദേഹം കൂട്ടിച്ചേർത്തു.

അമൻ ഗോയൽ ഹോം മാനേജരെ നിയമിക്കുകയും അവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപ ശമ്പളം നൽകുകയും ചെയ്തതിനെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലും നിരവധി ചർച്ചകൾ നടന്നു. ചിലർ തീരുമാനത്തെ വിമർശിച്ചും മറ്റ് ചിലർ അനുകൂലിച്ചും രംഗത്തെത്തി.ഒരു ലക്ഷം രൂപ ശമ്പളം നൽകുന്നതിനെതിരെയാണ് കൂടുതലും വിമർശനം ഉയർന്നത്.എന്നാൽ തന്റെ വ്യക്തിഗത വരുമാനത്തിൽ നിന്ന് ഹോം മാനേജർക്ക് പണം നൽകുന്നുവെന്ന് അമൻ ഗോയൽ വ്യക്തമാക്കി.

TAGS :

Next Story