സ്വർണം പിങ്ക് പേപ്പറിൽ പൊതിയുന്നത് എന്തുകൊണ്ട്?
എന്തിനാണ് സ്വർണം എപ്പോഴും പിങ്ക് നിറത്തിലുള്ള പേപ്പറിൽ തന്നെ പൊതിയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

സ്വർണക്കടകളിൽ നിന്നും ആഭരണങ്ങൾ വാങ്ങുമ്പോൾ അവ മനോഹരമായ ഒരു പിങ്ക് നിറത്തിലുള്ള പേപ്പറിൽ പൊതിഞ്ഞു നൽകുന്നത് നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ എന്തിനാണ് സ്വർണം എപ്പോഴും പിങ്ക് നിറത്തിലുള്ള പേപ്പറിൽ തന്നെ പൊതിയുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കേവലം ഭംഗിക്ക് വേണ്ടിയോ അല്ലെങ്കിൽ വർഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമായോ ആണ് ഇത് ചെയ്യുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്.
കാഴ്ചയിലെ മാന്ത്രികത
സ്വർണത്തിന്റെ തിളക്കവും ഭംഗിയും വർധിപ്പിക്കാൻ പിങ്ക് നിറത്തിന് പ്രത്യേക കഴിവുണ്ട്. സ്വർണം പിങ്ക് നിറത്തിലുള്ള പ്രതലത്തിൽ വെക്കുമ്പോൾ അതിന് കൂടുതൽ തിളക്കമുള്ളതായി തോന്നുന്നു. ഈ നിറങ്ങളുടെ സംയോജനം സ്വർണത്തിന് കൂടുതൽ ആകർഷണീയത നൽകുകയും, സ്വർണം വാങ്ങുന്നവരെ സ്വാധീനിക്കുകയും ചെയ്യുന്നു. സ്വർണത്തിന്റെ യഥാർഥ മാറ്റും പ്രൗഢിയും ഉപഭോക്താക്കൾക്ക് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യപ്പെടുത്താൻ ഈ ഒരൊറ്റ പേപ്പർ വഴി സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
തിളക്കം മങ്ങാതിരിക്കാനുള്ള ശാസ്ത്രീയ കാരണം
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന നോട്ട്ബുക്ക് പേപ്പറുകളിലോ അച്ചടിച്ച കടലാസുകളിലോ സൾഫർ, ആസിഡ്, ബ്ലീച്ച് തുടങ്ങിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടാകാം. ഇവ സ്വർണവുമായും വെള്ളിയുമായും സമ്പർക്കത്തിൽ വരുമ്പോൾ അവയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെടാനും കറുത്ത നിറം വരാനും സാധ്യതയുണ്ട്. എന്നാൽ ഈ പിങ്ക് പേപ്പറുകൾ സാധാരണയായി ആസിഡ് രഹിതവും രാസവസ്തുക്കൾ ഇല്ലാത്തതുമാണ്. ഇവയ്ക്ക് നേരിയ ആന്റി-ടാർണിഷ് കോട്ടിങ് ഉള്ളതിനാൽ വായുവിലെ ഈർപ്പത്തിൽ നിന്നും ആഭരണങ്ങളെ സംരക്ഷിക്കാനും വർഷങ്ങളോളം സ്വർണത്തിന്റെ തിളക്കം മങ്ങാതിരിക്കാനും ഇത് സഹായിക്കുന്നു.
കേടുപാടുകളിൽ നിന്നുള്ള സംരക്ഷണം
വളരെ ലോലമായ ലോഹമാണ് സ്വർണം. മൃദുവായ ഈ പിങ്ക് പേപ്പർ ആഭരണങ്ങൾ പരസ്പരം ഉരഞ്ഞ് പോറലുകൾ വീഴാതിരിക്കാൻ ഒരു കവചമായി പ്രവർത്തിക്കുന്നു. യാത്ര ചെയ്യുമ്പോഴും ലോക്കറുകളിൽ സൂക്ഷിക്കുമ്പോഴും പൊടിപടലങ്ങളിൽ നിന്നും പോറലുകളിൽ നിന്നും സ്വർണത്തെ സംരക്ഷിക്കാൻ മുൻകാലങ്ങളിൽ ജൂവലറികൾ ഈ രീതിയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്.
അപ്രത്യക്ഷമാകുന്ന പിങ്ക് പേപ്പറുകൾ
മുൻകാലങ്ങളിൽ ആഭരണങ്ങൾ സൂക്ഷിക്കാനും കൊണ്ടുപോകാനുമുള്ള ഏറ്റവും മികച്ചതും ചിലവ് കുറഞ്ഞതുമായ മാർഗമായിരുന്നു ഈ പേപ്പറുകൾ. എന്നാൽ ഇന്ന് കാലം മാറി. ആഡംബര പൂർണമായ വെൽവെറ്റ് ബോക്സുകളും ഡിസൈനർ പാക്കേജിംഗുകളും രംഗത്തെത്തിയതോടെ പിങ്ക് പേപ്പറിന്റെ ഉപയോഗം മെല്ലെ കുറഞ്ഞുവരികയാണ്. ഇന്നത്തെ ഉപഭോക്താക്കൾ പാക്കേജിംഗിനെ ഒരു ആഡംബര അനുഭവമായാണ് കാണുന്നത്. എങ്കിലും വർഷങ്ങളോളം സ്വർണത്തിന്റെ തിളക്കവും മാറ്റും കാത്തുസൂക്ഷിച്ച ആ ചെറിയ പിങ്ക് പേപ്പറിന് നമ്മുടെ സ്വർണവ്യാപാര ചരിത്രത്തിൽ വലിയൊരു സ്ഥാനമുണ്ട്.
ഇനി സ്വർണം വാങ്ങുമ്പോൾ കിട്ടുന്ന പിങ്ക് പേപ്പർ വെറുതെ വലിച്ചെറിയാൻ വരട്ടെ, അതിന് നിങ്ങളുടെ ആഭരണങ്ങളെ വർഷങ്ങളോളം പുതുമയോടെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് ഓർക്കുക. പ്ലാസ്റ്റിക് കവറുകൾക്ക് പകരം ആഭരണങ്ങൾ ഈ പേപ്പറിൽ തന്നെ സൂക്ഷിക്കുന്നത് അതിന്റെ ആയുസ് വർധിപ്പിക്കും.
Adjust Story Font
16

