Quantcast

സ്മാർട്ട്ഫോൺ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്മാര്‍ട്ട്‌ഫോണുകളുടെ പരിധിവിട്ട ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം

MediaOne Logo
സ്മാർട്ട്ഫോൺ ഉപയോഗം വല്ലാതെ കൂടുന്നുണ്ടോ? കുറക്കണമെന്ന് തോന്നിയിട്ടുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
X

വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്ത വിധം മിക്കവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട അവയവമായി മാറിയിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍. ജോലിസ്ഥലങ്ങളില്‍, പഠനസ്ഥലങ്ങളില്‍, യാത്രകളില്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ എന്നിങ്ങനെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ് ഫോണുകള്‍. ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണര്‍ന്നുടനെയുമെല്ലാം ഫോണ്‍ നോക്കിയാലല്ലാതെ ദിവസം പൂര്‍ണമാകില്ലെന്ന ചിന്തയില്‍ സമയങ്ങളില്‍ കെട്ടുപിണഞ്ഞുകിടക്കുന്നവരായിരിക്കും അധികപേരും. ലോകത്തെ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കാനാകുന്ന ഹൈപ്പര്‍ ഡിജിറ്റഡ് കാലത്ത് സോഷ്യല്‍മീഡിയ പല നിലക്കും ഉപകാരിയായി വര്‍ത്തിക്കുന്നുമുണ്ട്.

എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകളുടെ പരിധിവിട്ട ഉപയോഗം ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തുന്നുവെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിരീക്ഷണം. ദീര്‍ഘനേരം മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതിലൂടെ കണ്ണുകളെ മാത്രമല്ല, ശരീരത്തിലെ മറ്റുപല അവയവങ്ങളെയും അത് ബാധിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ ക്ഷീണിപ്പിക്കുന്നുവോ?

നിരന്തരമായ മൊബൈല്‍ഫോണ്‍ ഉപയോഗം നടുവേദന, തോള്‍ വേദന, നീര്‍ക്കെട്ട് തുടങ്ങിയ അവസ്ഥകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. ദീര്‍ഘനേരം ഉപയോഗിക്കുന്നതിലൂടെ നട്ടെല്ലിനും തുടര്‍ന്ന് അസ്ഥികളെ ക്ഷീണിപ്പിക്കുന്നതിനും ഇത് കാരണമാകും.

നീര്‍വീക്കം വില്ലനാകുമോ?

നട്ടെല്ലിനെ വളരെ വേഗത്തില്‍ ക്ഷീണിപ്പിക്കുന്നതിന് നീര്‍വീക്കം കാരണമാകുന്നു. മൊബൈല്‍ഫോണിലേക്ക് ദീര്‍ഘനേരം കുനിഞ്ഞിരുന്ന് നോക്കുന്നതിലൂടെ ഇതിനുള്ള സാധ്യതയേറുന്നു. ചെറുപ്രായക്കാരില്‍ ഇത് ക്രമേണയായാണ് സംഭവിക്കുക. ഗെയിം കളിച്ചിരിക്കുക, വീഡിയോകള്‍ കാണുക, സോഷ്യല്‍മീഡിയയില്‍ സ്‌ക്രോളിങ്ങിലേര്‍പ്പെടുക എന്നിവയിലൂടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ മനുഷ്യരെ തേടിയെത്തുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ കണ്ണിനെ ബാധിക്കുന്നതെങ്ങനെ?

നിരന്തരമായ ഫോണ്‍ ഉപയോഗം മുതുകിനെയും കഴുത്തിനെയും മാത്രമല്ല, കണ്ണുകള്‍ക്കും ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം. സ്‌ക്രീനില്‍ നിന്നുള്ള നീലവെളിച്ചം കണ്ണിന്റെ റെറ്റിനയെ തകരാറിലാക്കുന്നു. ദീര്‍ഘനേരം ഇതിലേക്ക് നോക്കിയിരിക്കുന്നതിലൂടെ കണ്ണിന് അസ്വസ്ഥത, വരണ്ടിരിക്കുക, മങ്ങിയ കാഴ്ച, തലവേദന എന്നിവയ്ക്ക് കാരണമാകും.

മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടോ?

ഇടക്കിടെയുള്ള ഫോണ്‍ ഉപയോഗം ശാരീരിക പ്രതിസന്ധിയോടൊപ്പം മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. തുടര്‍ച്ചയായ നോട്ടിഫിക്കേഷനുകള്‍, സോഷ്യല്‍മീഡിയ അല്‍ഗോരിതങ്ങള്‍, ഓണ്‍ലൈന്‍ മത്സരങ്ങള്‍ എന്നിവ ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കമില്ലായ്മ എന്നിവയിലേക്ക് നയിക്കും. പതിയെ ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടാനും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കാനും അടിക്കടിയുള്ള ഫോണ്‍ ഉപയോഗം ഇടവരുത്തുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ നിയന്ത്രിക്കുകയെന്നതാണ് ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള ഏകമാര്‍ഗമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദീര്‍ഘനേരം ഉപയോഗിക്കേണ്ട ആവശ്യം വരുന്ന ഘട്ടങ്ങളിലും ചെറിയ ഇടവേളകളെടുക്കാന്‍ ശ്രദ്ധിക്കുക. മുതുകിനും തോളിനും മതിയായ വിശ്രമം നല്‍കുകയെന്നതും പ്രധാനമാണ്. കണ്ണുകളുടെ സുരക്ഷയ്ക്കായി ബ്ലൂ ലൈറ്റ് കുറയ്ക്കുകയോ സ്‌ക്രീന്‍ ഫില്‍റ്റേഴ്‌സ് ഉപയോഗിക്കുകയോ ചെയ്യാം.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം,

  • മൊബൈൽ ഫോൺ ഉപയോഗത്തിന് പരിധി നിശ്ചയിക്കാം.
  • സാമൂഹ്യബന്ധങ്ങൾക്ക് കൂടുതൽ വില കൽപിക്കാം.
  • മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കാം.
  • മൊബൈൽ ഫോണിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം.
  • ഓടിച്ചാടിയുള്ള കളികളെയും പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാം.
  • നോട്ടിഫിക്കേഷനുകളെ ശ്രദ്ധിക്കാം.
TAGS :

Next Story