Quantcast

കർണാടകയിൽനിന്ന് കോൺഗ്രസിന് അഞ്ചു പാഠങ്ങൾ

'ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ കോൺഗ്രസിന് ഒരാശങ്കയുമുണ്ടായില്ല. മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. കർണാടകയിലെ മുസ്‌ലിം ആക്രമണത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു.'

MediaOne Logo

എന്‍.പി ജിഷാര്‍

  • Updated:

    2023-05-13 17:03:05.0

Published:

13 May 2023 5:00 PM GMT

5 important takeaways for Congress from 2023 Karnataka Assembly Polls, article on KarnatakaElection2023, NP Jishar article,  KarnatakaElection2023, KarnatakaAssemblyElection
X

പ്രധാനമന്ത്രി നേരിട്ടുനയിച്ച കാടടച്ച പ്രചാരണവും ഹിന്ദുത്വ പരിവാരം ആകമാനം രംഗത്തിറങ്ങി നിർമിച്ച വിദ്വേഷാന്തരീക്ഷവും മറികടന്നാണ് കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയക്കൊടി നാട്ടിയത്. തീരദേശ കന്നടയൊഴികെ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ആധികാരികമായ മേൽക്കൈ കോൺഗ്രസിന് ലഭിച്ചു. ഈ വിജയത്തിലേക്ക് കോൺഗ്രസ് വെറുതെ എത്തിച്ചേർന്നതല്ല. കർണാടകയിലെ സ്വാഭാവിക പ്രവണതയായ ഭരണവിരുദ്ധ ജനവിധി എന്ന സാമാന്യവത്കരണം കൊണ്ട് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ മുന്നേറ്റത്തെ മറച്ചുപിടിക്കാനുമാവില്ല. സമീപകാല കോൺഗ്രസ് രാഷ്ട്രീയത്തിലും പാർട്ടി പാരമ്പര്യത്തിലും അത്രമേൽ സുപരിചിതമല്ലാത്ത അഞ്ച് ഘടകങ്ങളാണ് ഈ വിജയത്തിന്റെ ആധാരശിലയായി മാറിത്.

ഉറച്ച നേതൃത്വം

സംഘടനാ ദൗർബല്യങ്ങളിലും നേതൃതർക്കങ്ങളിലും ആടിയുലയുന്ന ആൾകൂട്ടമാണ് ഓരോ തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുക. കേന്ദ്ര ഭരണമില്ലാതായതോടെ അതിൽ സംസ്ഥാന-ദേശീയ വ്യത്യാസമില്ലാതാവുകയും ചെയ്തു. ഈ പ്രവണതക്ക് കർണാടകയിൽ തടയിട്ടു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മാസങ്ങൾക്കുമുമ്പ് തന്നെ പുനഃസംഘടന മുതൽ പ്രവർത്തനപരിപാടി വരെ കോൺഗ്രസ് ആസൂത്രണം ചെയ്തു. മുഖ്യമന്ത്രി സ്ഥാനമടക്കം തർക്കസാധ്യതയുള്ള മുഴുവൻ വിഷയങ്ങളിലും നേരത്തെ തന്നെ പരിഹാര സമവാക്യങ്ങളുണ്ടാക്കി.

തെരഞ്ഞെടുപ്പ് കാലത്ത് തലപൊക്കാനിടയുള്ള 'മുതിർന്ന'വരെ മുൻകൂർ കൈകാര്യം ചെയ്തു. ഡി.കെ ശിവകുമാർ മുൻകൈയെടുത്ത് നടത്തിയ ഈ നീക്കങ്ങൾക്ക് സിദ്ധരാമയ്യ പൂർണ പിന്തുണ നൽകി. ശിവകുമാറിന്റെ ശേഷി തിരിച്ചറിഞ്ഞ സിദ്ധരാമയ്യയും തിരിച്ച് സിദ്ധരാമയ്യയുടെ ജനകീയതയെക്കുറിച്ച് ബോധ്യമുള്ള ശിവകുമാറും പരസ്പര ധാരണയോടെ പടനയിച്ചു. പാർട്ടി അവർക്കൊപ്പം നിന്നു. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചിട്ടയോടെ ആവിഷ്‌കരിച്ച് നടപ്പാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ത്രികോണ മത്സരം വഴി ജെ.ഡി.എസ് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയെ നേരിടാൻ ബഹുതല പദ്ധതിയാണ് നടപ്പാക്കിയത്. സ്ഥാനാർഥി നിർണയത്തിൽ പോലും ഒരിടർച്ചയും അപശബ്ദവുമുണ്ടായില്ല. പ്രവർത്തകർക്ക് വഴികാട്ടുന്ന, അണികൾക്ക് വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന, പ്രതീക്ഷനൽകുന്ന നേതൃത്വത്തെ അനുഭവിക്കാൻ കഴിഞ്ഞ കോൺഗ്രസിനും പ്രവർത്തകർക്കും അവരുടെ മുന്നോട്ടുള്ള വഴിയിൽ ഒരു ആശയക്കുഴപ്പവുമുണ്ടായില്ല എന്നത് ഈ വിജയത്തിൽ അതിപ്രധാന ഘടകമായി മാറി. കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഹൈക്കമാൻഡ് സംഘങ്ങൾ കണ്ടുപഠിക്കേണ്ട പാഠമാണ് കർണാടക കോൺഗ്രസ്.

ഉറച്ച രാഷ്ട്രീയം

ബി.ജെ.പി പറയുന്ന തീവ്ര വർഗീയതയെ മൃദുഹിന്ദുത്വം കൊണ്ട് നേരിടുക എന്നതാണ് പതിറ്റാണ്ടുകളായി കോൺഗ്രസ് പിന്തുടരുന്ന രാഷ്ട്രീയനയം. ഈ സമീപനത്തിന്റെ അന്തരഫലമായാണ് ദേശീയരാഷ്ട്രീയത്തിലും സംസ്ഥാനങ്ങളിലെ അധികാര പങ്കാളിത്തത്തിലും കോൺഗ്രസിന്റെ സാന്നിധ്യം അപ്രസക്തമായിത്തുടങ്ങിയത്. പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഉറച്ചുനിന്ന് രാഷ്ട്രീയം പറയണമെന്ന വിമർശകരുടെ വാദം കോൺഗ്രസ് ഇതുവരെ മുഖവിലക്കെടുത്തിരുന്നില്ല. എന്നാൽ, കർണാടക അതിനും അപവാദമായി.

ഒരു ഭാഗത്ത് ഗ്രാമീണ വോട്ടർമാർക്കിടയിൽ ഹിന്ദുത്വ വർഗീയതയും ജാതീയതയും പറയുകയുകയും നഗരമണ്ഡലങ്ങളിൽ വികസന വായ്ത്താരി മുഴക്കുകയുമാണ് കർണാടകയിൽ ബി.ജെ.പി സ്വീകരിച്ച തന്ത്രം. ഇതിനോട് പക്ഷെ അതേ സ്വരത്തിൽ തിരിച്ചടിക്കാനോ അതേ താളത്തിലുള്ള തന്ത്രം മെനയാനോ അല്ല കോൺഗ്രസ് മുതിർന്നത്. മറിച്ച് സാധാരണ മനുഷ്യരുടെ അടിസ്ഥാനാവശ്യങ്ങളും അവരുടെ അതിജീവന പ്രതിസന്ധികളും കോൺഗ്രസ് ചർച്ചക്ക് വച്ചു. വിലക്കയറ്റം മുതൽ തൊഴിലില്ലായ്മ വരെയുള്ള പ്രശ്‌നങ്ങൾ അതിശക്തമായി കോൺഗ്രസ് ഉന്നയിച്ചു. ബെൽഗാം, ഹുബ്ബള്ളി തുടങ്ങി നഗരകേന്ദ്രിത മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റോഡ് വികസനവും തെരുവുവിളക്കും നടപ്പാതയുമെല്ലാം ബി.ജെ.പി സർക്കാർ കൊണ്ടുവന്നിരുന്നു. എന്നിട്ടും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം മണ്ഡലങ്ങൾ ബി.ജെ.പിയെ കൈവിട്ടു.

ഈ രാഷ്ട്രീയ മുന്നറിയിപ്പ് തിരിച്ചറിഞ്ഞ കോൺഗ്രസ് ജനകീയ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ചു. ഈ മുദ്രാവാക്യങ്ങൾ ജനങ്ങളെ ആകർഷിക്കുന്നുവെന്ന് ബോധ്യപ്പെടാൻ ബി.ജെ.പിക്ക് ഏറെ സമയമെടുത്തു. ഒടുവിൽ സൗജന്യ പാചകവാതക സിലിണ്ടറുകളും ഭക്ഷ്യ സബ്‌സിഡി പദ്ധതിയും പ്രഖ്യാപിക്കാൻ ബി.ജെ.പി നിർബന്ധിതരായി. ജനകീയ പ്രശ്‌നങ്ങൾ മാറ്റിവച്ച് വർഗീയത കളിച്ചാൽ പിടിച്ചുനിൽക്കാമെന്ന ബി.ജെ.പി കുതന്ത്രത്തെ രാഷ്ട്രീയ സത്യസന്ധതയോടെ നേരിടാനെടുത്ത ഉറച്ച തീരുമാനം ഈ വിജയത്തിന്റെ അടിത്തറയാണ്. അതിന്റെ പ്രതിഫലനമാണ്, തെരഞ്ഞെടുപ്പ് ഫലം ചങ്ങാത്ത മുതലാളിത്തത്തിന് എതിരായ ജനവിധിയാണെന്ന രാഹുലിന്റെ പ്രതികരണം.

ഉറച്ച നിലപാട്

ബി.ജെ.പിയുടെ വർഗീയ പ്രചാരണത്തിന് ചുവടൊപ്പിച്ച് മൃദുവർഗീയത പറഞ്ഞില്ല എന്നിടത്ത് അവസാനിച്ചില്ല കോൺഗ്രസ് നിലപാട്. അടിയുറച്ച മതേതര നിലപാടിലൂടെ അതിന്റെ മറുഭാഗത്ത് പ്രതിരോധത്തിന്റെ പുതിയ പോർമുഖങ്ങൾ തുറക്കാനും കോൺഗ്രസ് ധൈര്യപ്പെട്ടു. പ്രധാനമന്ത്രി വിഷസർപ്പമാണെന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന കോൺഗ്രസിന് കൈവന്ന പരിവർത്തനത്തിന്റെ സൂചനയാണ്. മുസ്‌ലിം സംവരണം റദ്ദാക്കാനും അത് രണ്ട് ഹിന്ദു പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വിഭജിച്ചുനൽകാനും തീരുമാനിച്ച ബി.ജെ.പിയുടെ ധ്രുവീകരണ തന്ത്രത്തെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് തീരുമാനിച്ചത്. വോട്ട് ബാങ്ക് സംരക്ഷണാർഥം ബി.ജെ.പി കാലങ്ങളായി പരിപാലിച്ചുപോരുന്ന ജാതിസമവാക്യങ്ങളെ പൊളിക്കാൻ ധൈര്യപൂർവം ചുവടുവച്ചു.


ബി.ജെ.പിയുടെ ശക്തിസ്രോതസ്സായ സമുദായങ്ങളിൽ കടന്നുകയറി വോട്ട് സമാഹരിക്കാനുതകുന്ന രാഷ്ട്രീയ പദ്ധതികൾ ആവിഷ്‌കരിക്കാൻ കാണിച്ച ചങ്കൂറ്റമാണ് കിറ്റൂർ കർണാടകയിലെയും ഓൾഡ് മൈസൂരുവിലെയും ജനവിധി കോൺഗ്രസിന് അനുകൂലമാക്കിയത്. പിന്നാക്ക-ന്യൂനപക്ഷ-ദലിത് കൂട്ടായ്മ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണാക ഘടകമാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമായ രാഷ്ട്രീയതന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ കോൺഗ്രസ് സന്നദ്ധമായി. അഹിന്ദ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാമൂഹിക സമവാക്യത്തെ വോട്ടാക്കി പരിവർത്തിപ്പിക്കാൻ കോൺഗ്രസ് ജാഗ്രത കാണിച്ചു.

ജാതി സമവാക്യങ്ങളിൽ മാത്രമല്ല, അഴിമതി വിരുദ്ധ നിലപാടുകളിലും ഈ ധീരത പ്രകടമായി. 'പേ സി.എം', '40 പർസെന്റ് കമ്മീഷൻ സർക്കാർ' തുടങ്ങിയ പ്രയോഗങ്ങൾ സൃഷ്ടിച്ച ആഘാതം മറികടക്കാൻ ബി.ജെ.പിയുടെ പ്രചാരണ കോലാഹലങ്ങൾക്ക് കഴിയുമായിരുന്നില്ല. അഴിമതിയിൽ മുങ്ങിനിവർന്ന പാർട്ടിയാണ് ബി.ജെ.പിയെന്നും അതിനെതിരായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നതെന്നും സ്ഥാപിക്കാൻ കന്നട ഘടകത്തിന് കഴിഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ മറിച്ചിടാൻ ബി.ജെ.പി നിർമിച്ചെടുത്ത അഴിമതിപ്പാർട്ടിയെന്ന പ്രതിച്ഛായ മറികടക്കുന്നതിൽ കോൺഗ്രസ് ഇപ്പോഴും ദേശീയതലത്തിൽ വിജയിച്ചിട്ടില്ല.

എന്നിട്ടും കർണാടകയിൽ അഴിമതിവിരുദ്ധ മുദ്രാവാക്യം കൊണ്ട് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. അഴിമതിക്കെതിരെ കോൺഗ്രസ് നടത്തിയ സന്ധിയില്ലാ യുദ്ധപ്രഖ്യാപനം മുഖവിലക്കെടുക്കാൻ ജനം തയാറായി എന്നത് നിസ്സാരമല്ല. അധികാരദുഷിപ്പിന്റെ കെടുതികൾകൊണ്ട് നിത്യജീവിതം താറുമാറായ സാധാരണക്കാരന് അതിനെതിരായ ഉറച്ച പ്രഖ്യാപനം നൽകിയ പ്രതീക്ഷയാണ് കർണാടകയിലെ കോൺഗ്രസ് വിജയം.


ഉറച്ച പിന്തുണ

ബി.ജെ.പി ഭരണത്തിൽ മറ്റെല്ലായിടത്തുമെന്നപോലെ കർണാടകയിലും സാമൂഹികമായും സാംസ്‌കാരികമായും ആക്രമിക്കപ്പെട്ട പ്രധാന വിഭാഗം മുസ്‌ലിം ന്യൂനപക്ഷമാണ്. സംസ്ഥാനത്ത് മുസ്‌ലിംകൾക്കുണ്ടായിരുന്ന സംവരണം എടുത്തുമാറ്റിയത് മുതൽ ഹിജാബ് നിരോധനം വരെയുള്ള സംഭവ പരമ്പരകൾ അരക്ഷിതമാക്കിയ മുസ്‌ലിം സമൂഹത്തിന് ഉറച്ച പിന്തുണയാണ് കോൺഗ്രസ് നൽകിയത്. ഹിജാബ് നിരോധനം മുസ്‌ലിം യുവതയിൽ വൻ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്. ഇതുവഴി ബി.ജെ.പി അഴിച്ചുവിട്ട വിദ്വേഷ രാഷ്ട്രീയത്തെ കോൺഗ്രസ് അതിശക്തമായി നേരിട്ടു.

ബി.ജെ.പി കൊണ്ടുവന്ന എല്ലാ ജനദ്രോഹനിയമങ്ങളും പിൻവലിക്കുമെന്ന പ്രഖ്യാപനം മുസ്‌ലിം ന്യൂനപക്ഷത്തിന്റെ ഇടയിലുണ്ടാക്കിയ ഉണർവ് ചെറുതല്ല. ഹിജാബ് ധരിച്ച മുസ്‌ലിം വനിതയെ സ്ഥാനാർഥിയാക്കി വിജയിപ്പിക്കാൻ കോൺഗ്രസിന് ഒരാശങ്കയുമുണ്ടായില്ല. മുസ്‌ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു. കർണാടകയിലെ മുസ്‌ലിം ആക്രമണത്തിന്റെ മുൻനിരയിൽ നിൽക്കുന്ന ബജ്‌റംഗ്ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു. ബജ്‌റംഗ്ദൾ നിരോധന പ്രഖ്യാപനം ഹിന്ദു വോട്ടർമാർക്കിടയിൽ തിരിച്ചടിക്കുമെന്ന മൃദുഹിന്ദുത്വ വിശാരദന്മാരുടെ വിശകലന ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് കുലുങ്ങിയില്ല.

ബി.ജെ.പിയുടെ ഹിന്ദുത്വ അജണ്ടകളെ പ്രതിരോധിക്കുന്നതിൽ കോൺഗ്രസിനെക്കാൾ വീറും വാശിയും പ്രകടിപ്പിച്ചിരുന്നത് ജെ.ഡി.എസായിരുന്നു. അതിനാൽ മുസ്‌ലിം വോട്ടുകൾ കോൺഗ്രസിനും ജെ.ഡി.എസിനും ഇടയിൽ പിളർന്നുമാറുമെന്ന പ്രതീക്ഷയായിരുന്നു ബി.ജെ.പി വിജയക്കണക്കുകളുടെ സൂത്രവാക്യങ്ങളിലൊന്ന്. ഈ അപകടത്തെ രാഷ്ട്രീയ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ മുസ്‌ലിം സമൂഹവും വിജയിച്ചു. അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെട്ട സന്ദർഭത്തിൽ ഒപ്പംനിന്ന കോൺഗ്രസിന് 13 ശതമാനം വരുന്ന കന്നട മുസ്‌ലിംകൾ അതേയളവിൽ ഉറച്ച പിന്തുണ തിരിച്ചുനൽകി.


ഉറച്ച തന്ത്രം

കോൺഗ്രസ് നടത്തിയ പ്രത്യക്ഷ രാഷ്ട്രീയ ചുവടുവെപ്പുകൾക്കൊപ്പം തന്നെ സുപ്രധാനമായിരുന്നു ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം മാത്രം മുന്നിൽവച്ച് 'വേക് അപ് കർണാടക (എദ്ദലു കർണാടക)' അണിയറയിൽ ആവിഷ്‌കരിച്ച പരിപാടികൾ. 'ബൈ ബൈ ബി.ജെ.പി' എന്ന മുദ്രാവാക്യമുയർത്തിയ ഈ പദ്ധതി, കർണാടകയിലെ സാമൂഹിക ഘടനയെ ബി.ജെ.പി വിരുദ്ധമാക്കി പരിവർത്തിപ്പിക്കുന്നതിൽ വലിയ സംഭാവന ചെയ്തു. കോൺഗ്രസിന്റെ ആസൂത്രണത്തിന് പുറത്തായിരുന്നു ഈ നീക്കങ്ങൾ.

ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയമുള്ള സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് രൂപീകരിച്ച 'വേക് അപ് കർണാടക' മൂവ്‌മെന്റ് മുസ്‌ലിം, ദലിത്, പിന്നാക്ക വിഭാഗങ്ങളിൽപെട്ട നിരവധി സംഘടനകളുടെ പിൻബലത്തോടെയാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിർണയിച്ചത്. 103 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് അയ്യായിരത്തോളം സന്നദ്ധ പ്രവർത്തകർ ഇതിന്റെ ഭാഗമായി. വിവിധ വിഷയങ്ങളിൽ അതത് വിഭാഗങ്ങളെ സമരരംഗത്തിറക്കുക, പോസ്റ്ററുകളും മറ്റുമായി പ്രചാരണം നടത്തുക തുടങ്ങിയ പരമ്പരാഗത പരിപാടികൾക്കൊപ്പം ബി.ജെ.പി വിരുദ്ധ വോട്ട് സമാഹരിക്കാനും ഏകീകരിക്കാനും വേക്ക് അപ് കർണാടക മുൻകൈയെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് സമാഹരിച്ച പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പ്രവർത്തനങ്ങൾ.

രണ്ട് ലക്ഷത്തോളം പുതിയ വോട്ടർമാരെ കണ്ടെത്തി. മത്സര രംഗത്തുവന്ന പ്രധാന ബി.ജെ.പി വിരുദ്ധ പാർട്ടികളുമായെല്ലാം കൂടിക്കാഴ്ച നടത്തി. ഇവരുടെ ശ്രമഫലമായി വോട്ട് ഭിന്നിപ്പിക്കാനിടയുണ്ടായിരുന്ന 49 സ്ഥാനാർഥികൾ മത്സരരംഗത്തുനിന്ന് പിന്മാറി. സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചാരണ വീഡിയോകളും മറ്റും വിതരണം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 112 സംഘടനകൾ ഈ പ്രവർത്തനത്തിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽ സംഘടിപ്പിച്ച 75 സമ്മേളനങ്ങളിലായി രണ്ടു ലക്ഷം പേരുമായി സംവദിച്ചു. ഇങ്ങിനെ ബഹുതലസ്പർശിയായ പ്രവർത്തന പരിപാടികളിലൂടെ 'ബൈ ബൈ ബി.ജെ.പി' കാംപയിൻ സൃഷ്ടിച്ച സാമൂഹികമാറ്റം കോൺഗ്രസ് വിജയത്തിന് താഴേത്തട്ടിൽ അടിത്തറയൊരുക്കുന്നതിൽ അതിപ്രധാന പങ്കുവഹിച്ചു.

******

ഹിന്ദുത്വ രാഷ്ട്രീയം അധികാരം വാഴുന്ന വർത്തമാനകാല ഇന്ത്യയിൽ ജനാധിപത്യ പോരാട്ടം നടത്തുന്ന ഒരു ബി.ജെ.പി വിരുദ്ധ പാർട്ടി സ്വീകരിക്കേണ്ട സൂക്ഷ്മവും വിശാലവുമായ സമീപനങ്ങളുടെ വിജയകരമായ സങ്കലനമാണ് കർണാടക കോൺഗ്രസിൽ കണ്ടത്. കൃത്യമായ രാഷ്ട്രീയവും വ്യക്തതയുള്ള നിലപാടും നിശ്ചയധാർഢ്യമുള്ള നേതൃത്വവും. പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് രാജ്യത്തെ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിന് ഇതേ വഴി തെരഞ്ഞെടുക്കാനായാൽ, കർണാടക പകരുന്ന പാഠങ്ങൾ അപ്പടി പകർത്താനായാൽ ഹിന്ദുത്വത്തിനുമേൽ രാഷ്ട്രീയവിജയം ഉറപ്പാക്കാനാകും.

Summary: 5 important takeaways for Congress from 2023 Karnataka Assembly Polls result

TAGS :

Next Story