Quantcast

പാകിസ്താൻ: അവസാന ചിരി ആരുടേതാകും?

പാക് രാഷ്ട്രീയത്തിന്റെ ഭിന്നധ്രുവങ്ങളിൽ സഞ്ചരിക്കുന്ന ബദ്ധവൈരികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലിം ലീഗും തമ്മിലുള്ള സഖ്യത്തിന് എത്ര നാൾ ആയുസ്സുണ്ടാകും?

MediaOne Logo

ഡോ. അഷ്റഫ് വാളൂര്‍

  • Updated:

    2022-04-10 10:53:41.0

Published:

10 April 2022 10:39 AM GMT

പാകിസ്താൻ: അവസാന ചിരി ആരുടേതാകും?
X

അവിശ്വാസത്തിലൂടെ അധികാരഭ്രഷ്ടനാകുന്ന ആദ്യ പാക് പ്രധാനമന്ത്രി എന്ന അപഖ്യാതി ഒഴിവാക്കാനുള്ള ഇമ്രാൻ ഖാൻറെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ ചെറിയ ഒരിടവേളക്ക് ശേഷം പാകിസ്താൻ വീണ്ടും രാഷ്ട്രീയ അനിശ്ചതത്വത്തിലേക്ക് നിങ്ങിയിരിക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിൻറെ പൊതു നേതാവെന്ന നിലയിൽ പാകിസ്താൻ മുസ്ലിംലീഗ് നേതാവ് ഷഹബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനാണ് സാധ്യത.

പാക് രാഷ്ട്രീയത്തിൻറെ ഭിന്ന ധ്രുവങ്ങളിൽ സഞ്ചരിക്കുന്ന ബദ്ധവൈരികളായ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും പാകിസ്താൻ മുസ്ലിം ലീഗും തമ്മിലുള്ള സഖ്യത്തിന് എത്ര നാൾ ആയുസ് ഉണ്ടാകുമെന്നത് കാത്തിരുന്ന കാണേണ്ട കാര്യമാണ്. ഷഹബാസ് ഷരീഫ് സർക്കാർ രൂപീകരിച്ചാൽ പോലും ഈ സഭയുടെ കാലാവധി കഴിയും വരെ അതിന് ആയുസുണ്ടാകുമെന്ന് അധിക പേരും കരുതുന്നില്ല. ഇമ്രാൻ വിരുദ്ധതയിൽ മാത്രം രൂപം കൊണ്ട ഈ ഭിന്നതാൽപര്യങ്ങളുടെ രാഷ്ട്രീയമുന്നണി പാക് സൈന്യത്തിന് രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിക്കാൻ വീണ്ടുമൊരു അവസരം നല്കുമോ എന്നതാണ് പ്രധാനം.

ഇമ്രാൻറെ അടി, കോടതിയുടെ തിരിച്ചടി

372 അംഗ പാക് പാർലമെൻറിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതോടെയാണ് സഭ പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പിലേക്ക് പോകാൻ ഇമ്രാൻ തീരുമാനിച്ചത്. പ്രതിപക്ഷത്തിൻറെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പിന് അനുമതി നല്കാതെയായിരുന്നു ഇമ്രാന്റെ ഈ നീക്കം. സർക്കാരിനെ അട്ടിമറിക്കാൻ വിദേശ ഗൂഡാലോചനയാണെന്നും അതു കൊണ്ട് തന്നെ ഈ അവിശ്വസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു ഇമ്രാൻറെ വാദം. ഈ വാദം ആവർത്തിച്ചാണ് നാഷണൽ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ വോട്ടെടുപ്പിന് അനുമതി നിഷേധിച്ചതും. എന്നാൽ സഭയിൽ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായ ഒരു പ്രധാനമന്ത്രിയുടെ ശിപാർശ അംഗീകരിച്ച് സഭ പിരിച്ചുവിട്ട പ്രസിഡൻറിന്റെ നടപടിക്കെതിരെ പ്രതിപക്ഷം സുപ്രിംകോടതിയെ സമീപിച്ചു. സഭ പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി സഭ പുനസ്ഥാപിക്കാനും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്താനും നിർദേശിച്ചു. ഇതേ തുടർന്നാണ് ഇമ്രാൻ സർക്കാരിന് വീണ്ടും സഭയെ അഭിമുഖീകരിക്കേണ്ടി വന്നത്.

അനിശ്ചിതത്വത്തിന് പിന്നിൽ അമേരിക്കൻ കൈകളോ?

തൻറെ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്ക്ക് പിന്നിൽ വിദേശ കരങ്ങളാണെന്നാണ് ഇമ്രാൻ ഖാൻ ആവർത്തിച്ച് ആരോപിക്കുന്നത്. ഒരു പടി കൂടി കടന്ന് അമേരിക്കയുടെ ഗൂഡാലോചനയാണ് പ്രതിപക്ഷനീക്കങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പാക് ആഭ്യന്തര രാഷ്ട്രീയത്തിലെ അമേരിക്കൻ അദൃശ്യസാനിധ്യവും വിദേശ നയസംബന്ധിയായ വിഷയങ്ങളിൽ സർക്കാർ നിലപാടിന് വിരുദ്ധ ദിശയിൽ സഞ്ചരിക്കുന്ന സൈനിക നേതൃത്വത്തിന്റെ നടപടികളും വിലയിരുത്തിയാൽ ഇമ്രാൻറെ ആരോപണം പൂർണമായും തള്ളിക്കളയാൻ ആകില്ല.

ഏറ്റവും ഒടുവിൽ ഉക്രൈൻ വിഷയത്തിൽ ഇമ്രാൻ റഷ്യൻ അനുകൂല നിലപാടെടുത്തപ്പോൾ അമേരിക്കൻ താൽപര്യങ്ങൾക്കൊപ്പമായിരുന്നു സൈന്യത്തിൻറെ സഞ്ചാരം. ഉക്രൈൻ അധിനിവേശം ആരംഭിച്ച ആദ്യ ദിനം തന്നെ വ്‌ലാദ്മിർ പുടിനെ സന്ദർശിച്ച് ഇമ്രാൻ റഷ്യക്ക് പിന്തുണ പ്രഖ്യാപിച്ചു. 23 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു പാക് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. അമേരിക്കയെ ചൊടിപ്പിക്കുന്നതായിരുന്നു പാക് പ്രധാനമന്ത്രിയുടെ ഈ നടപടി. എന്നാൽ ഇമ്രാൻ ഖാന്റെ നിലപാടിന് കടകവിരുദ്ധമായ നയമായിരുന്നു സൈന്യത്തിന്. സൈനിക മേധാവി ജനറൽ ഖമർ ബാജ്വ പരസ്യമായി ഉക്രൈന് പിന്തുണ പ്രഖ്യാപിച്ചെന്ന് മാത്രമല്ല, അമേരിക്കയുമായുള്ള പാകിസ്താന്റെ ഊഷ്മള സൌഹൃദം ശക്തമായി തുടരുമെന്നും വ്യക്തമാക്കി. ചൈന-റഷ്യ അച്ചുതണ്ടിനോട് അടുക്കുന്ന പാക് സിവിലയൻ നേതൃത്വത്തിനോടുള്ള അമേരിക്കയുടെ വിമ്മിഷ്ടം പാക് സൈനിക മേധാവിയിലൂടെ പുറത്ത് വന്നതായിരുന്നു ബാജ്വയുടെ ഈ പരസ്യപ്രസ്താവന.

പുതിയ സർക്കാരിന് മുന്നിലെ വെല്ലുവിളികൾ

മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻറെ സഹോദരനും ദീർഘകാലം പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ഷഹബാസ് ഷെരീഫിൻറെ നേതൃത്വത്തിൽ പുതിയ സർക്കാർ അടുത്ത ദിവസം തന്നെ അധികാരമേൽക്കാനാണ് സാധ്യത. ആഭ്യന്തര രാഷ്ട്രീയത്തിലും അന്തർദേശീയ ബന്ധങ്ങളിലും നിരവധി വെല്ലുവിളികളാണ് പുതിയ സർക്കാരിന് മുന്നിലുള്ളത്. അതിൽ ഏറ്റവും പ്രധാനം സമ്പദ് വ്യവസ്ഥയുടെ പുനക്രമീകരണമാണ്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താൻ മുന്നോട്ട് പോകുന്നത്. പണപ്പെരുപ്പും ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. 2018ൽ ഇമ്രാൻ അധികാരത്തിലെത്തിയതിന് ശേഷം സാമ്പത്തിക വളർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ജിഡിപിയുടെ 43 ശതമാനമായി വിദേശ കടം കുതിച്ചുയർന്നു. പാകിസ്താൻ രൂപയുടെ മൂല്യത്തകർച്ച ദിനനം പ്രതി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു.

ഈ പ്രശ്‌നങ്ങൾക്ക് അടിയന്തര പരിഹാരം കാണാതെ പുതിയ സർക്കാരിന് മുന്നോട്ടു പോകാനാകില്ല. അന്തർദേശീയ രംഗത്ത് അമേരിക്കൻ ബന്ധവും അഫ്ഗാൻ ഇന്ത്യ വിദേശ നയവും പാക് സർക്കാരിന് വെല്ലുവിളിയുയർത്തും. റഷ്യയും ചൈനയുമായി പുതിയ സൌഹൃദ മേഖലകൾ കണ്ടെത്തുന്നതോടൊപ്പം അമേരിക്കയെയും പിണക്കാതെ മുന്നോട്ടു കൊണ്ടു പോകേണ്ടത് പാകിസ്താന് അനിവാര്യമാണ്. അതേ സമയം തൻെ സർക്കാരിനെ അമേരിക്കൻ സഹായത്തോടെയാണ് അട്ടിമറിച്ചതെന്ന ഇമ്രാൻഖാൻറെ പ്രചാരണവും നേരിടണം. ഈ പ്രതിസന്ധികളെയെല്ലാം എങ്ങനെ തരണം ചെയ്യും എന്നതിനെ കൂടി ആശ്രയിച്ചിരിക്കും പുതിയ സർക്കാരിൻറെ ഭാവി.

പഞ്ചാബ്- സിന്ധ് സഖ്യം സൈന്യത്തിന് വഴിയൊരുക്കുമോ?

ഇമ്രാൻ ഖാൻറെ തെഹ്രീക്കെ ഇൻസാഫ് പാർട്ടി (പിടിഐ)യുടെ വരവ് വരെ പാകിസ്താൻ മുസ്ലിം ലീഗും പാകിസ്താൻ പീപ്പീൾസ് പാർട്ടിയുമായിരുന്നു പാക് രാഷ്ട്രീയത്തെ നിയന്ത്രിച്ചിരുന്നത്. ഒരു വേള ഭൂരട്ടോ-ഷെരീഫ് കുടുംബ പോരാട്ടവേദി കൂടിയായിരുന്നു പാകിസ്താൻ രാഷ്ട്രീയം. കൃത്യമായ പഞ്ചാബി, സിന്ധ് ഉപദേശീയതകളെ പ്രതിനിധികരിക്കുന്ന പാർട്ടികളാണ് യഥാക്രമം പാകിസ്താൻ മുസ്ലിം ലീഗും പിപിപിയും. പഞ്ചാബിൽ പി.പി.പിക്കോ സിന്ധിൽ പാകിസ്താൻ മുസ്ലിംലീഗിനോ കാര്യമായ സ്വാധീനമില്ല. പരമ്പരാഗത വൈരികളായ ഈ രണ്ട് കക്ഷികൾ ഒന്നിച്ചു നിന്നാണ് ഇമ്രാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. പക്ഷേ ഈ സഖ്യത്തിന് എത്ര കാലം ഒരുമിച്ച് നിൽക്കാനാകുമെന്ന് കണ്ടറിയണം.

പാക് സൈനിക നേതൃത്വത്തിൻറെ താല്പര്യപ്രകാരമോ ഇമ്രാൻ ആരോപിക്കുന്നത് പോലെ അമേരിക്കയുടെ താല്പര്യത്തിന് പുറത്തോ താല്കാലികമായ ഒരുമിച്ചാല് പോലും പിപിപി-പിഎംഎൽഎൻ സഖ്യത്തിന് അധികം ആയുസുണ്ടാകില്ല. അങ്ങനെയെങ്കിൽ വീണ്ടുമൊരു രാഷ്ട്രീയ അനിശ്ചിതത്വം ആയിരിക്കും പാകിസ്താന്റെ വിധി. ഒരു പക്ഷേ രാഷ്ട്രീയ അധികാരത്തിന്റെ രുചിയറിഞ്ഞ സൈന്യത്തിന് ഒരിക്കൽ കൂടി അധികാരത്തിലേക്കുള്ള വഴി തുറക്കുന്നതായിരിക്കും അതിന്റെ അന്തിമഫലം.

TAGS :

Next Story