Quantcast

സ്ലീവാച്ചന്‍റെ പെങ്ങള്‍, മെമ്പര്‍ രമേശന്‍റെ അമ്മ ; സിനിമാ വിശേഷങ്ങളുമായി സ്മിനു സിജോ

കെട്ട്യോളാണ് മാലാഖക്ക് ശേഷം കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും അന്നേച്ചിയായിട്ടാണ് എന്നെ ആളുകള്‍ തിരിച്ചറിയുന്നത്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2022-04-25 07:55:07.0

Published:

25 April 2022 5:20 AM GMT

സ്ലീവാച്ചന്‍റെ പെങ്ങള്‍, മെമ്പര്‍ രമേശന്‍റെ അമ്മ ; സിനിമാ വിശേഷങ്ങളുമായി സ്മിനു സിജോ
X

വീട്ടിലേക്കൊരു കണ്ണാടി വച്ചതു പോലെയാണ് സ്മിനു സിജോയുടെ കഥാപാത്രങ്ങള്‍... നമ്മുടെ അമ്മയെയോ മൂത്ത ചേച്ചിയെയോ ഒക്കെ നമുക്കവിടെ കാണാം. സ്മിനു എന്ന പേരു കേട്ടാല്‍ ഒരുപക്ഷേ പലര്‍ക്കും മനസിലായി എന്നുവരില്ല. എന്നാല്‍ സ്ലീവാച്ചന്‍റെ പെങ്ങള്‍ അന്നേച്ചി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ആളെ പിടികിട്ടും. കാരണം ആ ഒറ്റ കഥാപാത്രത്തിലൂടെ സ്മിനു പ്രേക്ഷകരുടെ സ്വന്തം അന്നയായി മാറിക്കഴിഞ്ഞു. ഓപ്പറേഷന്‍ ജാവ, ഭ്രമം, മെമ്പര്‍ രമേശന്‍...കെട്ട്യോളാണ് എന്‍റെ മാലാഖക്ക് ശേഷം നിരവധി അവസരങ്ങള്‍ സ്മിനുവിനെ തേടിയെത്തി. അവയെല്ലാം പത്തരമാറ്റ് തിളക്കത്തോടെ സ്ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു സ്മിനു. പുതിയ ചിത്രങ്ങളെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ സ്മിനു മീഡിയവണ്‍ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.


ജോ ആന്‍ഡ് ജോ, സിബിഐ 5

ജോ ആന്‍ഡ് ജോയാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ഒരു കുടുംബ ചിത്രമാണ്. നവാഗതനായ അരുണ്‍ ഡി.ജോസാണ് സംവിധാനം. വളരെ രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രമാണ് ജോ ആന്‍ഡ് ജോ. ജോമോന്‍റെയും ജോമോളുടെയും അമ്മയായിട്ടാണ് ഞാനെത്തുന്നത്. ഒരു സാധാരണ വീട്ടമ്മ. ഷൂട്ടിംഗ് ഒക്കെ വളരെ രസകരമായിരുന്നു. പാട്ടില്‍ കാണുന്നതു പോലെ കപ്പ പറിക്കുന്നതും പ്രാര്‍ഥിക്കുന്നതുമെല്ലാം വീട്ടിലെ പോലെ തന്നെ.

സിബിഐ അഞ്ചാം ഭാഗത്തിലും ഒരു ചെറിയ വേഷത്തിലെത്തുന്നുണ്ട്. അത്രയും വലിയൊരു ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ്. ശരിക്കും സ്വപ്നലോകത്താണ് ഞാന്‍. എസ്.എന്‍ സ്വാമിയെപ്പോലുള്ള മഹത് വ്യക്തികളെ കാണാന്‍ പറ്റുകയെന്നത് ഭാഗ്യമല്ലേ. പ്രീസ്റ്റില്‍ മമ്മൂക്കയോടൊപ്പം ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ആറാട്ടില്‍ മോഹന്‍ലാലിനോടൊപ്പവും. ചക്ക വീണു മുയലു ചത്തുവെന്ന പറയുന്നതു പോലെ സിനിമയില്‍ വന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇതൊക്കെ എനിക്ക് കൈവന്ന ഭാഗ്യങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്.

യൂത്തന്‍മാരുടെ അമ്മ, ഇനി വലിയ താരങ്ങളുടെ അമ്മയാകണം

മാത്യൂന്‍റെ അമ്മയായി, നിഖിലയുടെ അമ്മയായി.. ബാലുവിന്‍റെ,അര്‍ജുന്‍ അശോകന്‍റെ...ഈ യൂത്തന്‍മാരുടെ അമ്മയാകാന്‍ പറ്റുന്നത് ഒരു ഭാഗ്യമല്ലേ..ഇനി വല്യ താരങ്ങളുടെ കൂടി അമ്മയായാല്‍ മതി. എനിക്ക് അമ്മ വേഷം ഭയങ്കര ഇഷ്ടമാണ്. പക്ഷെ കുറച്ചുകഴിയുമ്പോള്‍ ആളുകള്‍ക്ക് മടുക്കുമെന്നറിയാം.

ഒരുപാട് ആസ്വദിച്ച് ചെയ്തതാണ് മെമ്പര്‍ രമേശനിലെ കഥാപാത്രം. ശരിക്കും ഞാനും എന്‍റെ മോനും അങ്ങിനെ തന്നെയാണ്. അതുപോലെ തന്നെയാണ് മെമ്പര്‍ രമേശനിലെ അമ്മയും മോനും. ജോ ആന്‍ഡ് ജോയിലെ കഥാപാത്രവും ഏകദേശം ഇതുപോലെയാണ്. ഇഷ്ടപ്പെട്ടു ചെയ്തൊരു കഥാപാത്രമായിരുന്നു മെമ്പര്‍ രമേശനിലേത്. പക്ഷെ ആ പാട്ടിന് കിട്ടിയ ഒരു വരവേല്‍പ് സിനിമക്ക് കിട്ടിയില്ല. അര്‍ജുന്‍ അശോകനോടൊപ്പമുള്ള അഭിനയമൊക്കെ രസമായിരുന്നു. ഞങ്ങള്‍ പരസ്പരം ഡിസ്കസ് ചെയ്തൊക്കെയാണ് ആ കോമ്പോ ചെയ്തത്.


എവിടെപ്പോയാലുമുണ്ടാകും അന്നേച്ചി എന്ന വിളി

കെട്ട്യോളാണ് മാലാഖക്ക് ശേഷം കുറച്ചു ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഇപ്പോഴും അന്നേച്ചിയായിട്ടാണ് എന്നെ ആളുകള്‍ തിരിച്ചറിയുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര് പോയപ്പോള്‍ കാപ്പി കുടിക്കാന്‍ ഒരിടത്ത് നിര്‍ത്തി. അപ്പോള്‍ ഒരു കുട്ടി ഓടിവന്നു ചേച്ചി എന്നു പറഞ്ഞ് വളരെ അടുപ്പത്തോടെ ഉച്ചത്തില്‍ വിളിച്ചു. എന്നെ സിനിമയില്‍ കാണുന്നതു പോലെയല്ല, നേരിട്ടു കാണുമ്പോള്‍ ചെറിയ വ്യത്യാസമൊക്കെയുണ്ട്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ ആ കുട്ടിക്കും സംശയം ഞാന്‍ തന്നെ ആണോയെന്ന്...എനിക്ക് ആ കൊച്ചിനോട് ഒന്നു മിണ്ടാന്‍ പറ്റാത്തതിന്‍റെ സങ്കടം ഇപ്പോഴുമുണ്ട്. ഈയിടെ ലുലുവില്‍ വീല്‍ച്ചെയറില്‍ കഴിയുന്ന ഒരു അമ്മച്ചിയെ കണ്ടു. മാസ്ക് വച്ചിട്ടും അവര്‍ എന്നെ തിരിച്ചറിഞ്ഞു. സംസാരിച്ചു ഫോട്ടോയും എടുത്താണ് അവര്‍ മടങ്ങിയത്. അന്നേച്ചിക്ക് എന്‍റെ മോള്‍ടെ സ്വഭാവമാണെന്നൊക്കെ അമ്മച്ചി പറഞ്ഞു. അങ്ങനെ ഒത്തിരി അനുഭവങ്ങള്‍...

പണ്ടൊക്കെ എന്നെ അന്നാമ്മോ എന്നു വിളിക്കുമ്പോള്‍ ഭയങ്കര ദേഷ്യമായിരുന്നു. പക്ഷെ ഇന്നു ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് ആ വിളിയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകന്‍ നിസാമിനോടാണ്. എനിക്കൊരു ബ്രേക്ക് തന്നത് നിസാമാണ്. പാവം പിടിച്ചൊരു അന്നേച്ചിയെയാണ് അവര്‍ പ്രതീക്ഷിച്ചത്. ആദ്യമൊന്നും ആ കഥാപാത്രം ശരിയാകുന്നില്ലായിരുന്നു. ഞാന്‍ കരഞ്ഞു. എനിക്കു പറ്റുന്നില്ല മോനെ...വേറെ ആരേലും നോക്കിക്കോ എന്നൊക്കെ ഞാന്‍ പറഞ്ഞു. അന്നേച്ചിക്ക് ഇഷ്ടമുള്ളതു പോലെ ചെയ്യ്..നമുക്ക് നോക്കാമെന്നായി അവര്‍. അങ്ങനെ ഞാന്‍ തന്നെയായിട്ടാണ് അതില്‍ അഭിനയിച്ചത്. എന്‍റെ വീട്ടില്‍ എങ്ങനായാണോ ഞാനെന്‍റെ ആങ്ങളയോട് പെരുമാറുന്നതു അതുപോലെ തന്നെയാണ് സിനിമയിലും അഭിനയിച്ചത്. ''അന്നേച്ചി എന്‍റെ സ്വപ്നമാണ് തകര്‍ത്തതെന്ന്'' തിരക്കഥാകൃത്ത് തങ്കം എന്നോട് കളിയായി പറഞ്ഞിട്ടുണ്ട്. കാരണം അവരുടെ സങ്കല്‍പത്തിലെ അന്നേച്ചി ആങ്ങളയെ ഭയങ്കരമായി സ്നേഹിക്കുന്ന,കെയര്‍ ചെയ്യുന്ന ഒരാളായിരുന്നു. പക്ഷെ സിനിമ പൂര്‍ത്തിയായപ്പോള്‍ ഈ അന്നേച്ചി തന്നെയാണ് നല്ലതെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. മമ്മൂക്ക ഉള്‍പ്പെടെയുള്ളവര്‍ എന്‍റെ കഥാപാത്രം നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ അഭിമാനവും സന്തോഷവും തോന്നി. എന്‍റെ മകള്‍ സാന്ദ്ര തന്നെയാണ് സിനിമയിലും മകളായി അഭിനയിച്ചത്. ബിബിന്‍ ജോര്‍ജൊക്കെ വിളിച്ച് ഞങ്ങളുടെ സ്വന്തം ചേച്ചിയെപ്പോലെ തോന്നിയെന്നാണ് പറഞ്ഞത്. അമ്മയെന്നു വിളിക്കുന്നവരുണ്ട്...ചേച്ചിയെന്നു വിളിക്കുന്നവരുണ്ട്...ജനങ്ങളുടെ സ്നേഹം ഞാന്‍ ഭയങ്കരമായിട്ട് ആസ്വദിക്കുന്നുണ്ട്.


ഹാന്‍ഡ് ബോള്‍ താരം

സ്കൂള്‍ കാലത്ത് സ്പോര്‍ട്സിലായിരുന്നു താല്‍പര്യം. കേരള ജൂനിയര്‍ ഹാന്‍ഡ് ബോള്‍ ടീമംഗമായിരുന്നു. എന്‍റെ പപ്പാ നല്ല സപ്പോര്‍ട്ടായിരുന്നു. കായികരംഗത്ത് ഞാന്‍ എന്തെങ്കിലുമൊക്കെ ആയിക്കാണാന്‍ പപ്പ വളരെയധികം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്തുകൊണ്ടോ ഒന്നും ആകാന്‍ സാധിച്ചില്ല. വളരെ ചെറുപ്പത്തില്‍ തന്നെ കല്യാണം കഴിഞ്ഞു. പിന്നെ കുടുംബം, കുട്ടികള്‍ അങ്ങനെ ആ വഴിക്കു പോയി. എന്‍റെ ജീവിതം തന്നെയാണ് കെട്ട്യോളാണ് എന്‍റെ മാലാഖയിലെ അന്നേച്ചിയുടെ ജീവിതവും. യഥാര്‍ഥത്തില്‍ എന്‍റെ മാമ്മോദീസാപ്പേരും അന്നയെന്നാണ്. സിനിമയില്‍ സ്ലീവാച്ചന് നാലു പെങ്ങന്‍മാരാണെങ്കില്‍ എന്‍റെ വീട്ടില്‍ മൂന്നു സഹോദരിമാരും ഒരു സഹോദരനുമാണ്.

കോണ്‍വെന്‍റ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. കര്‍ക്കശക്കാരായിരുന്നു അവിടുത്തെ അധ്യാപകര്‍. സ്പോര്‍ട്സിലൊക്കെ സമ്മാനം കിട്ടുമ്പോള്‍ സ്റ്റേജില്‍ വച്ചൊരു അഭിനന്ദനമൊന്നും എനിക്ക് കിട്ടിയിട്ടില്ല. സ്പോര്‍ട്സ് എന്നാല്‍ മോശം കാര്യം പോലെയാണ് അവര്‍ കണ്ടിരുന്നത്.

ഒരു സിനിമാപാരമ്പര്യവും ഇല്ലാത്ത ആളാണ് ഞാന്‍. അന്നും ഇന്നും സ്റ്റേജ് പേടിയാണ്. മൈക്കില്‍ കൂടി എന്തെങ്കിലും സംസാരിക്കാന്‍ പറഞ്ഞാല്‍ തന്നെ മടിയാണ്. അങ്ങനെയുള്ളൊരു ആള്‍ സിനിമയിലെത്തി ഇപ്പോഴും അഭിനയിക്കുന്നു എന്നു പറഞ്ഞാല്‍ അത്ഭുതമാണ്. ശരിക്കും സത്യന്‍ സാറും(സത്യന്‍ അന്തിക്കാട്) ശ്രീനിയേട്ടനും(ശ്രീനിവാസന്‍) തന്ന ധൈര്യമാണ് എന്നെ ഇപ്പോഴും നിലനിര്‍ത്തുന്നത്. സിനിമയില്‍ എന്‍റെ ഗോഡ്ഫാദര്‍ ആരാണെന്നു ചോദിച്ചാല്‍ ശ്രീനിയേട്ടനാണ്. ശ്രീനിയേട്ടന്‍ മാത്രമല്ല, വിമലാന്‍റിയും നല്ല സപ്പോര്‍ട്ടാണ്. ആദ്യചിത്രമായ സ്കൂള്‍ ബസില്‍ ഒരു ചെറിയ വേഷമായിരുന്നു. അതില്‍ പ്രത്യേകിച്ച് അഭിനയിക്കാനൊന്നുമില്ലായിരുന്നു. പിന്നീട് ഞാന്‍ പ്രകാശനിലേക്കെത്തുമ്പോള്‍ ശ്രീനിയേട്ടന്‍റെ ഭാര്യാവേഷത്തിലാണ് അഭിനയിച്ചത്. പിന്നെ കെട്ട്യോളാണ് എന്‍റെ മാലാഖ...തുടങ്ങി കുറച്ചു ചിത്രങ്ങള്‍. ഇപ്പോള്‍ കുറച്ചൊക്കെ ധൈര്യമായി.

ഞാന്‍ ഞാനായിട്ട് തന്നെയാണ് അഭിനയിക്കുന്നത്

അന്നും ഇന്നും ഒരുപോലെയാണ് ഞാന്‍. ആദ്യസിനിമയിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. ഇന്ന് കുറച്ചൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്. അഭിനയത്തിന്‍റെ എബിസിഡി അറിയാത്ത ആളാണ് ഞാന്‍. കയ്യില്‍ കിട്ടുന്ന കഥാപാത്രങ്ങള്‍ അതേപടി അങ്ങു ചെയ്യുന്നു. എനിക്ക് കൂടുതലും കിട്ടുന്നത് അമ്മ വേഷവും ചേച്ചി വേഷവും ആയതുകൊണ്ടായിരിക്കാം എവിടെയൊക്കെയോ ആ കഥാപാത്രങ്ങള്‍ ഞാന്‍ തന്നെ ആവുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ സംഭവിച്ച എന്തെങ്കിലുമൊക്കെ കാര്യങ്ങളുമായി സിനിമയിലെ രംഗങ്ങളുമായി സാമ്യമുണ്ടായിരിക്കുമല്ലോ...അതുകൊണ്ടൊക്കെ ആയിരിക്കാം എന്‍റെ കഥാപാത്രം റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നത്.

ഓപ്പറേഷന്‍ ജാവയില്‍ മീന്‍ വെട്ടുന്ന ഒരു സീനുണ്ടായിരുന്നു. മീന്‍ വെട്ടിയിടാം...അതു നന്നാക്കുന്ന പോലെ അഭിനയിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്. എന്നാല്‍ മീന്‍ വെട്ടിക്കോളാമെന്ന് അങ്ങോട്ടു പറഞ്ഞു.ആ ഫ്ലോക്ക് എനിക്കങ്ങ് ചെയ്തുപോകാമല്ലോ.. ഈ മേയ് 31ന് എനിക്ക് 43 വയസാകും. ജീവിതമല്ലേ ഏറ്റവും വലിയ അഭിനയം. ഒരുപാട് അഭിനയങ്ങള്‍ കണ്ടിട്ടുണ്ട്...അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊക്കെ വച്ച് അങ്ങ് പയറ്റുന്നതല്ലേ...പിന്നെ എന്തെങ്കിലുമൊക്കെ തരി ഉള്ളിന്‍റെയുള്ളില്‍ കാണും. ഞാനെന്ന ഭാവമുണ്ടെങ്കില്‍ നമ്മുടെ അഭിനയം അഭിനയമായി തോന്നും. നമ്മളായി അഭിനയിച്ചാല്‍ അഭിനയിക്കേണ്ടി വരില്ല.

സ്പോര്‍ട്സ് ഉപേക്ഷിച്ചതില്‍ സങ്കടമൊന്നുമില്ല. ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിന് വളമാകൂ.സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. കാരണം അതിനുള്ള സൗന്ദര്യമൊന്നുമില്ലല്ലോ. പണമുണ്ടായിട്ടു കാര്യമില്ല. പത്തു പേരാല്‍ അറിയപ്പെട്ടിട്ടു മരിക്കുന്നതിന്‍റെ സുഖം ഒന്നു വേറെയല്ലേ..അതിനു ഞാന്‍ നോക്കിയപ്പോള്‍ കണ്ട മാര്‍ഗം സ്പോര്‍ട്സായിരുന്നു. പക്ഷെ അതു മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ല. സിനിമയായിരുന്നു എന്‍റെ വഴി.



TAGS :

Next Story