Quantcast

ഒടിടിക്ക് കൊടുക്കാതെ ജോ &ജോ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കാരണങ്ങളുണ്ട്: സംവിധായകന്‍ അരുണ്‍ ഡി.ജോസ്

വലിയ സിനിമകളോടൊപ്പമാണ് ജോ&ജോയും റിലീസ് ചെയ്യുന്നത്. ടെന്‍ഷനുണ്ട്, എല്ലാ സിനിമകളുടെ സംവിധായകര്‍ക്കും ആ ടെന്‍ഷനുണ്ടായിരിക്കും

MediaOne Logo
ഒടിടിക്ക് കൊടുക്കാതെ ജോ &ജോ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കാരണങ്ങളുണ്ട്: സംവിധായകന്‍ അരുണ്‍ ഡി.ജോസ്
X

സൂപ്പര്‍താരങ്ങളോ വന്‍താരനിരയോ ഇല്ലാത്ത ഒരു കൊച്ചുചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോ&ജോ. നവാഗതനായ അരുണ്‍ ഡി.ജോസിന്‍റെ ആദ്യ സംവിധാന സംരഭവും കൂടിയാണ് ജോ&ജോ. അസിസ്റ്റന്‍റായും അസോസിയേറ്റായും ചീഫ് അസോസിയേറ്റായും കഴിഞ്ഞ 12 വര്‍ഷമായി സിനിമാരംഗത്തുണ്ട് വയനാടുകാരനായ അരുണ്‍. വര്‍ഷങ്ങളുടെ അനുഭവപരിചയമുണ്ടെങ്കിലും ഇപ്പോഴാണ് തനിക്ക് സംവിധായകന്‍റെ കുപ്പായമണിയാനുള്ള സമയമായതെന്ന് അരുണ്‍ പറയുന്നു. സിനിമയെക്കുറിച്ചും ഒടിടിയെക്കുറിച്ചും അരുണ്‍ മീഡിയവണ്‍ ഓണ്‍ലൈനിനോട് സംസാരിക്കുന്നു.


ഇതുവരെ കണ്ട നിഖിലയല്ല..ഇതു വേറെ...

ടൈറ്റിലില്‍ സൂചിപ്പിക്കുന്നതു പോലെ ജോമോളുടെയും ജോമോന്‍റെയും കഥയാണ് ജോ ആന്‍ഡ് ജോ. സഹോദരങ്ങളുടെയും സൗഹൃദത്തിന്‍റെയും കഥ. സഹോദരങ്ങളുടെ കഥ പറയുന്ന സിനിമ വന്നിട്ട് ഒത്തിരി നാളായല്ലോ? ഇവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളും അതു കുടുംബത്തെയും ഫ്രണ്ട്ഷിപ്പിനെയും എങ്ങനെ ബാധിക്കുന്നുവെന്നതിന്‍റെ ഹ്യൂമര്‍ വേര്‍ഷനാണ് ചിത്രം.

സിനിമയുടെ കഥ എഴുതിത്തുടങ്ങിയപ്പോള്‍ തന്നെ നിഖിലയും മാത്യുവും നസ്‍ലനും മനസിലുണ്ടായിരുന്നു. നിഖിലയുടെ ക്യാരക്ടര്‍ മാത്രമാണ് ചെറിയൊരു കണ്‍ഫ്യൂഷനുണ്ടായിരുന്നത്. നിഖിലയെ എനിക്ക് നേരത്തെ അറിയാം. ഇതുവരെ നമ്മള്‍ സിനിമയില്‍ കണ്ട നിഖില ഒരു പാവം കുട്ടിയാണ്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയൊരു ക്യാരക്ടറേയല്ല. നിഖില റിയല്‍ ലൈഫില്‍ എങ്ങനെയാണോ അതേ സ്വാഭാവം തന്നെയാണ് ജോമോള്‍ക്കും. നിഖിലക്കായിരിക്കും അതു നന്നായി അവതരിപ്പിക്കാന്‍ സാധിക്കും എന്നു തോന്നിയതുകൊണ്ടാണ് ജോമോളിലേക്ക് നിഖിലയെത്തിയത്. അതുപോലെ തന്നെയാണ് മാത്യുവും നസ്‍ലനും.ഇവരെയൊക്കെ എനിക്ക് നേരത്തെ അറിയാം. കഥയെഴുതിയതിനു ശേഷം ഞാനിവരെ സമീപിക്കുകയായിരുന്നില്ല, കഥ എഴുതുമ്പോഴെ രണ്ടു പേരും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. ഇവരെ ഇതുവരെ കണ്ടരീതിയില്‍ നിന്നും ഒന്നു മാറ്റിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

12 വര്‍ഷമായി സിനിമയിലുണ്ട്

2009 മുതല്‍ ഞാന്‍ സിനിമയിലുണ്ട്. ഡാഡി കൂള്‍ എന്ന ചിത്രത്തില്‍ ആഷിക് അബുവിന്‍റെ അസിസ്റ്റന്‍റായിട്ടാണ് ഈ രംഗത്തേക്ക് എത്തുന്നത്. പിന്നെ ചെറിയൊരു ഇടവേളയെടുത്തു. 2011 തൊട്ട് സിനിമയില്‍ അസിസ്റ്റന്‍റായും അസോസിയേറ്റായും ചീഫ് അസോസിയേറ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡും ലോക്ഡൗണുമാണ് ഞാന്‍ സ്വതന്ത്ര സംവിധായകനാകാന്‍ കാരണം. അതായത് ഒരു ഒന്നര വര്‍ഷത്തെ ബ്രേക്ക് വന്നപ്പോള്‍ ആ സമയത്താണ് സ്ക്രിപ്റ്റ് എഴുതുന്നതും പ്രോജ്കടാക്കുന്നതും. കൊറോണ വന്നില്ലായിരുന്നെങ്കില്‍ ഈ ഒരു സിനിമ ഉണ്ടാകില്ലായിരുന്നു. ഈ ചിത്രവും കോവിഡിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതുവരെ മലയാളത്തില്‍ പൂര്‍ണമായും കൊറോണയെ ആസ്പദമാക്കി ഒരു ചിത്രം വന്നിട്ടുണ്ടോ എന്നറിയില്ല.

കൊറോണക്കാലത്തെ കഥയാണ് ചിത്രം പറയുന്നത്. കോളേജ് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും നല്ല കാലമാണ് കോളേജ് പഠനകാലം. കോവിഡ് വന്നതില്‍ പിന്നെ അവര്‍ക്ക് കോളേജില്‍ പോകാന്‍ സാധിച്ചില്ല, ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നല്ലോ.. നാലു ചുവരുകള്‍ക്കുള്ളില്‍ ഇരുന്ന പഠിക്കേണ്ടി വന്ന കൗമാരക്കാരുടെയും യുവാക്കളുടെയും നിരാശയും അതു മറികടക്കാന്‍ അവരെന്താണ് ചെയ്തത് എന്നൊക്കെയാണ് ഈ സിനിമ പറയുന്നത്. ചുരുക്കത്തില്‍ കാമ്പസ് ജീവിതം നഷ്ടപ്പെട്ട യുവാക്കളുടെ കൊറോണക്കാലത്തെ ലൈഫ് എന്നു പറയാം. എന്നാല്‍ ഇതൊരു കോമഡി ചിത്രം കൂടിയാണ്.

സിനിമയില്‍ ഇത്രയും വര്‍ഷം എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ടും ബന്ധങ്ങളുള്ളതുകൊണ്ടുമാണ് വളരെ പെട്ടെന്നു തന്നെ ഈ പ്രോജക്ട് നടന്നത്. 12 വര്‍ഷങ്ങള്‍ കൊണ്ടു ഉണ്ടാവുന്ന ബന്ധങ്ങള്‍ വലുതാണ്. ആ ബന്ധങ്ങള്‍ തന്നെയാണ് ഈ ചിത്രം പൂര്‍ത്തീകരിക്കാന്‍ എന്നെ സഹായിച്ചത്. സിനിമയില്‍ മുന്‍പരിചയമില്ലാത്തവരും സിനിമ ചെയ്യുന്നുണ്ട്, വിജയിക്കുന്നുണ്ട്. ഈ സിനിമ വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം 12 വര്‍ഷത്തെ എന്‍റെ അനുഭവ സമ്പത്തും ഈ സിനിമയിലും പുറത്തും എന്നെ സഹായിച്ചിട്ടുണ്ടെന്നു തന്നെയാണ് വിശ്വസിക്കുന്നത്. എന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളത് ജി.പ്രജിത്ത് എന്ന സംവിധായകനാണ്(വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?). ഞാന്‍ അദ്ദേഹത്തിന്‍റെ ഒപ്പം ചീഫ് അസോസിയേറ്റായി ജോലി ചെയ്തിരുന്നു. അദ്ദേഹത്തോടാണ് ഈ സിനിമയുടെ കഥയെക്കുറിച്ച് ആദ്യം പറയുന്നത്. ഇതു സിനിമയാക്കിക്കൂടെ എന്നു ചോദിക്കുന്നതും പ്രോജ്കടാക്കാന്‍ സഹായിക്കുന്നതും അദ്ദേഹമാണ്.


മേയ് 13ന് റിലീസ്, ടെന്‍ഷനുണ്ട്

വലിയ സിനിമകളോടൊപ്പമാണ് ജോ&ജോയും റിലീസ് ചെയ്യുന്നത്. ടെന്‍ഷനുണ്ട്, എല്ലാ സിനിമകളുടെ സംവിധായകര്‍ക്കും ആ ടെന്‍ഷനുണ്ടായിരിക്കും. ഒറ്റക്ക് റിലീസ് ചെയ്താലും കൂട്ടമായിട്ടു റിലീസ് ചെയ്താലും ടെന്‍ഷന് കുറവൊന്നുമുണ്ടാകില്ല. കാരണം ഒരാളുടെ മാത്രം അധ്വാനത്തിന്‍റെ ഫലമല്ല സിനിമ. ഒരു കളക്ടീവ് പ്രോസസാണ് ഫിലിം മേക്കിംഗ്. എല്ലാവര്‍ക്കും അതിന്‍റേതായ ടെന്‍ഷനുണ്ടാകും. സ്ഥിരം രീതിയില്‍ നിന്നും മാറിയുള്ള ഒരു പരീക്ഷണം കൂടിയാണ് ജോ&ജോ.

ജോ&ജോ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ കാരണമുണ്ട്

ജോ&ജോ ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയറ്റര്‍ റിലീസാക്കിയതിനു രണ്ടു കാരണങ്ങളുണ്ട്. ഈ സിനിമ ശരിക്കും തിയറ്റര്‍ വാച്ചിംഗ് മൂവിയാണ്. പ്രധാനമായും യുവാക്കള്‍ എന്ന ഓഡിയന്‍സിനെയാണ് ടാര്‍ഗറ്റ് ചെയ്തിരിക്കുന്നത്. പക്ഷെ അതിനപ്പുറത്തേക്ക് ഇതിന്‍റെ കഥ പോകുന്നുണ്ട്, അത് സെക്കന്‍ഡറിയാണ്. പ്രൈമറി ഓഡിയന്‍സ് എന്നു പറയുന്നത് 2000ത്തിനു ശേഷം ജനിച്ച ഇപ്പോള്‍ കോളേജുകളില്‍ പോയ്ക്കൊണ്ടിരിക്കുന്ന കുട്ടികളാണ്. ഏതു സിനിമ റിലീസായാലും ആദ്യം തിയറ്ററില്‍ പോകുന്നത് യുവാക്കളാണ്. അപ്പോള്‍ അവര്‍ക്കു വേണ്ടി ഒരു സിനിമ ചെയ്യുമ്പോള്‍ അതു ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനു പകരം തിയറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നി.


എന്നാല്‍ ഒടിടി തീര്‍ച്ചയായിട്ടും സിനിമക്ക് ഗുണകരമാണ്. കാരണം സിനിമകള്‍ തിയറ്ററുകളില്‍ വിജയിക്കുന്നതിന് ഒരു ഫോര്‍മുലയുണ്ട്. മാര്‍ക്കറ്റ് വാല്യൂ ഉള്ള താരങ്ങളെ വച്ചു ചെയ്യണം, ഇനിഷ്യല്‍ കളക്ഷന്‍ കിട്ടുന്ന താരങ്ങള്‍ വേണം എന്നൊക്കെ നോക്കുമ്പോള്‍ നിര്‍മിക്കപ്പെടുന്ന സിനിമകള്‍ക്ക് പരിധിയുണ്ട്. അവര്‍ ചിന്തിക്കുന്ന കഥകള്‍ക്കും പരിധിയുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകള്‍ വന്നതിനു ശേഷം വ്യത്യസ്തമായ തോട്ടുകള്‍ നമുക്ക് അപ്ലൈ ചെയ്യാന്‍ പറ്റും. അതിനു പ്രമുഖരായ താരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല. നല്ലൊരു സിനിമയാണെങ്കില്‍ അതു ബിസിനാകുമെന്ന കാര്യം ഉറപ്പാണ്. എല്ലാവര്‍ക്കും എല്ലാ സിനിമയും ഇഷ്ടപ്പെടണമെന്നില്ല, എന്നാല്‍ ഒടിടിയില്‍ ഒരു സിനിമ റിലീസ് ചെയ്യുമ്പോഴുള്ള ഗുണം അവരുടെ ടാര്‍ഗറ്റ് ഓഡിയന്‍സുണ്ടാകും. അവര്‍ക്കത് വര്‍ക്കാവും. ഒടിടിയില്‍ റിലീസ് ചെയ്യുന്ന ഒരു സിനിമ വിജയമാണോ, പരാജയമാണോ എന്നു പറയാന്‍ സാധിക്കില്ല. നിര്‍മാതാവിന് അതിനോടകം തന്നെ അതിന്‍റെ ഫണ്ട് കിട്ടിയിട്ടുണ്ടാകും.

തിയറ്ററിലാണ് ഒരു സിനിമ റിലീസ് ചെയ്യുന്നതെങ്കില്‍ ഒരു സാധാരണക്കാരന്‍ ബൈക്കോ,കാറോ എടുത്ത്, പെട്രോളടിച്ച് അര മണിക്കൂര്‍ ഡ്രൈവ് ചെയ്തു വേണം തിയറ്ററിലെത്താന്‍. പിന്നെ ക്യൂ നിന്ന്..അവരുടെ ജീവിതത്തിലെ രണ്ടോ മൂന്നു മണിക്കൂറുകള്‍ സിനിമക്കായി മാറ്റിവയ്ക്കുകയാണ്. ആ സിനിമ നല്ലതല്ലെങ്കില്‍ സ്വഭാവികമായും ആ പ്രേക്ഷകന് ദേഷ്യം വരും. മിനിമം 500-600 രൂപ സിനിമ കാണാന്‍ ചെലവാകും. പക്ഷെ ഒടിടിയില്‍ വരുമ്പോള്‍ നമുക്ക് ഇഷ്ടമുള്ള സമയത്ത് സിനിമ കാണാം. ആ സമയത്ത് വേറെ ജോലികളൊന്നുമുണ്ടാകില്ല. അതുകൊണ്ടു തന്നെ കുറച്ചു കൂടുതല്‍ ആസ്വദിക്കാന്‍ പറ്റും. അതിന്‍റെ കുറവുകള്‍ വലിയ കുറവുകളായിട്ട് തോന്നില്ല. ആ ഒരു വ്യത്യാസം ഒടിടി സിനിമകള്‍ക്കും തിയറ്റര്‍ സിനിമകള്‍ക്കുമുണ്ട്.


ഗോവിന്ദ് വസന്തയുടെ സംഗീതം

ഞാനും ഗോവിന്ദും തമ്മില്‍ അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു റാപ്പോ ഉണ്ട്. ഗോവിന്ദുമായി വര്‍ക്ക് ചെയ്യാന്‍ കുറച്ചു കൂടി കംഫര്‍ട്ടാണ്. ഗോവിന്ദ് അദ്ദേഹത്തിന്‍റെ മാക്സിമം ഇന്‍പുട്ട് എടുത്ത് ചെയ്ത ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ചിത്രത്തിനു വേണ്ടി ഒരുപാട് സമയം അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്. യുട്യൂബില്‍ റിലീസ് ചെയ്ത പാട്ടുകള്‍ക്ക് പോസിറ്റീവായ പ്രതികരണമാണ് ലഭിക്കുന്നത്. അതു ചിത്രത്തിന്‍റെ കാര്യത്തിലുമുണ്ടാകട്ടെ എന്നു പ്രതീക്ഷിക്കുന്നു.

TAGS :

Next Story