ജെഫ്രി എപ്സ്റ്റീന്‍ ഇന്നും ജീവിച്ചിരിപ്പുണ്ടോ? ജീവിതം പോലെ ദുരൂഹം 'മരണവും'
എപ്സ്റ്റീന്‍ ജയിലില്‍ കഴിയവേ ആത്മഹത്യ ചെയ്തതാണോ, കൊലപ്പെടുത്തിയതാണോ, അതോ ഇന്നും ജീവനോടെയുണ്ടോ എന്നത് സജീവ ചര്‍ച്ചയാണ്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ 2019 ആഗസ്റ്റ് 10ന് പുലര്‍ച്ചെ 6.30ന് എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

- Updated:
2026-02-19 16:58:01.0

2009 ജനുവരിയില്‍ മെക്‌സിക്കോയിലെ മോണ്ടറേയിലെ ഒരു ആഢംബര ഹോട്ടലില്‍ നിന്ന് 21കാരിയായ ഒരു മോഡല്‍ പരിഭ്രാന്തയായി ഇറങ്ങിവന്നു. ഹോട്ടലിന് പുറത്ത് അവര്‍ മാനസികനില തെറ്റിയതുപോലെ പലതും പുലമ്പിക്കൊണ്ടിരുന്നു. 'അവര്‍ മനുഷ്യ മാംസം തിന്നുന്നവരാണ്' എന്ന് ഗബ്രിയേല റികോ ജിമെനസ് എന്ന ആ യുവതി പറയുന്നുണ്ടായിരുന്നു. അധികൃതര്‍ ആ യുവതിയെ കസ്റ്റഡിയിലെടുത്തു. അവര്‍ക്ക് മാനസിക പ്രശ്‌നമാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍, പിന്നീട് എവിടെയെന്ന് കണ്ടെത്താനാകാത്ത വിധം ആ യുവതി അപ്രത്യക്ഷയായി. ആ സംഭവം വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയായത് കുപ്രസിദ്ധമായ എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ്. മനുഷ്യമാംസം ഭക്ഷിക്കുന്ന ക്രൂരന്മാരാണ് എപ്സ്റ്റീനും കൂട്ടരുമെന്ന് സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ചിലര്‍ നടത്തി. എപ്സ്റ്റീന്‍ ഫയലുകളില്‍ നിന്നും ഇതിന്റെ ചില തെളിവുകള്‍ ലഭിച്ചു. ഇതോടെ, 17 വര്‍ഷം മുമ്പ് ഗബ്രിയേല നടത്തിയ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയായി. അവര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. എപ്സ്റ്റീന്റെ വലയില്‍ പെട്ട നിരവധി പെണ്‍കുട്ടികള്‍ അപ്രത്യക്ഷമായതിന് സമാനമായിരുന്നു ഇതും.
അറിയപ്പെടാത്ത ഗബ്രിയേലയുടെ കഥയാണ് ഇതെങ്കില്‍ മറ്റൊന്ന് ലോകം അറിയുന്ന സൂപ്പര്‍ മോഡലിന്റെ കഥയാണ്. ഒരുകാലത്ത് ഫാഷന്‍ ലോകത്തെ മിന്നുംതാരമായിരുന്ന കാരന്‍ മോള്‍ഡര്‍ എന്ന ഡച്ച് സൂപ്പര്‍മോഡലിന്റെ അനുഭവം. 1990കളില്‍ മോഡലിങ് മേഖലയിലെ ഏറ്റവും തിരക്കുള്ള വ്യക്തിയായിരുന്ന അവര്‍ 2001ല്‍ ഫ്രഞ്ച് ടിവിയില്‍ ഒരു അഭിമുഖം നല്‍കി. മോഡലിങ് ലോകം പുറമേ കാണുന്നത് പോലെയല്ലെന്നും തന്നെ പൊലീസുകാരും രാഷ്ട്രീയക്കാരും രാജകുടുംബാംഗങ്ങളും ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, ആരും അന്ന് അവരെ വിശ്വസിച്ചില്ല. ഇതിന് പിന്നാലെ കാരന്‍ മോള്‍ഡര്‍ കടുത്ത വിഷാദത്തിലേക്ക് കൂപ്പുകുത്തി. മോഡലിങ് മേഖല തന്നെ വിടേണ്ടിവന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം എപ്സ്റ്റീന്റെ ഇരകള്‍ ഒന്നൊന്നായി തങ്ങളുടെ ദുരനുഭവം പുറത്തുപറയാന്‍ തയാറായപ്പോള്‍ ഫാഷന്‍ ലോകത്ത് അധികാരവും സമ്പത്തുമുള്ളവര്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെയും കൊടുംക്രൂരതകളുടെയും വിവരങ്ങള്‍ ലോകം കേള്‍ക്കാന്‍ തയാറായി.
ഉന്നതരുടെ ഉറ്റ ചങ്ങാതി, ലൈംഗികക്കുറ്റവാളി
രാഷ്ട്രത്തലവന്മാര്‍, ലോക കോടീശ്വരന്മാര്‍, ചിന്തകന്മാര്‍, ശാസ്ത്രജ്ഞര്‍, സിനിമാതാരങ്ങള്‍, സാഹിത്യപ്രതിഭകള്‍... ഏതെങ്കിലും ആഗോള ഉച്ചകോടിയില്‍ പങ്കെടുത്തവരുടെ പട്ടികയല്ലാ ഇത്. ജെഫ്രി എപ്സ്റ്റീന്‍ എന്ന അമേരിക്കന്‍ ലൈംഗികക്കുറ്റവാളിയുടെ സൗഹൃദവലയത്തിലുള്ളവരും അയാളുടെ മൃഗയാവിനോദങ്ങളില്‍ പങ്കുകൊണ്ടവരുമാണ്. എപ്സ്റ്റീന്‍ ചെയ്തുകൂട്ടിയ ക്രൂരതകളുടെ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയല്‍സിലൂടെ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ലോകമാകെ ഞെട്ടുകയാണ്. കാരണം, ലോകത്തിന്റെ ഗതിയെ തന്നെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള രാഷ്ട്രീയക്കാരും തലമുറയെയാകെ സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രഗത്ഭരുമെല്ലാം ആ കൊടുംകുറ്റവാളിയുടെ ഉറ്റസുഹൃത്തുക്കളാണെന്ന വിവരമാണ് പുറത്തുവന്നത്. എപ്സ്റ്റീന്റെ വിരുന്നുമുറികളില്‍ നടന്നതാവട്ടെ, ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ലൈംഗിക കുറ്റകൃത്യങ്ങള്‍. കുഞ്ഞുങ്ങളെ ലൈംഗിക അടിമകളാക്കി ആഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തവരുടെ പട്ടിക കണ്ട് ഞെട്ടുകയാണ് ലോകം. വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ നാം ജീവിക്കുന്ന ഈ ലോകം നിയന്ത്രിക്കുന്നത് ഒരു കൂട്ടം ചെകുത്താന്മാരാണോയെന്ന ചോദ്യമാണുയരുന്നത്. വില്യം ഷേക്‌സ്പിയര്‍ പറഞ്ഞതുപോലെ, 'നരകം ശൂന്യമാണ്, എല്ലാ പിശാചുക്കളും ഇവിടെയുണ്ട്'.
1953ല്‍ ന്യൂയോര്‍ക്കില്‍ ഒരു മധ്യവര്‍ഗ ജൂത കുടുംബത്തിലാണ് ജെഫ്രി എപ്സ്റ്റീന്റെ ജനനം. ഒരു ബിരുദം പോലുമില്ലാത്ത എപ്സ്റ്റീന്‍ ന്യൂയോര്‍ക്കിലെ അതിസമ്പന്നരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനായി. അവിടം മുതല്‍ ആരംഭിക്കുന്നു എപ്സ്റ്റീന്റെ ജീവിതത്തിലെ ദുരൂഹത. പിന്നീട് അമേരിക്കയിലെ പ്രശസ്തമായ ബാങ്കിന്റെ പാര്‍ട്ണര്‍ സ്ഥാനത്തെത്തുന്നു. 1988ല്‍ ജെഫ്രി എപ്സ്റ്റീന്‍ ആന്‍ഡ് കോ എന്ന സ്വന്തം ധനകാര്യ സ്ഥാപനം തുടങ്ങിയതോടെയാണ് അതിസമ്പന്നരുമായുള്ള ബന്ധം തുടങ്ങുന്നത്. ഇതോടെ എപ്സ്റ്റീന്‍ അളവറ്റ സമ്പത്ത് സ്വന്തമാക്കി. പലരും തങ്ങളുടെ സ്വത്തിന്റെ നിയന്ത്രണം എപ്സ്റ്റീനെ ഏല്‍പ്പിച്ചു. കരീബിയന്‍ കടലിലെ ഒരു ദ്വീപ് സ്വന്തമായി വിലയ്ക്ക് വാങ്ങിയ എപ്സ്റ്റീന്‍ അവിടെ ഒരു സാമ്രാജ്യം തന്നെ സ്ഥാപിക്കുകയായിരുന്നു. പിന്നീട്, എപ്സ്റ്റീന്റെ ദുരൂഹ ജീവിതത്തിന്റെ പ്രധാന കേന്ദ്രമായി ലിറ്റില്‍ സെന്റ് ജെയിംസ് എന്ന ഈ ദ്വീപ്.
ആദ്യ പരാതി 2005ല്‍, ജയിലിലെ വിവിഐപി
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തും കാഴ്ചവെച്ചും ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിച്ചും എപ്സ്റ്റീന്‍ വര്‍ഷങ്ങളോളം തന്റെ സാമ്രാജ്യത്തിന്റെ അധിപനായി വിലസി. തങ്ങള്‍ ഇരയാക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ പോലും ഒന്നും പുറത്തുപറയാത്ത വിധത്തിലുള്ള ഭീഷണിയായിരുന്നു എപ്സ്റ്റീന്‍ നല്‍കിയിരുന്നത്. കുടുംബത്തോടെ നശിപ്പിക്കും എന്ന് എപ്സ്റ്റീന്‍ പറഞ്ഞതായി പല ഇരകളും പിന്നീട് വെളിപ്പെടുത്തി. ക്രൂരതകള്‍ക്കൊടുവില്‍ ആദ്യമായി എപ്സ്റ്റീനെതിരെ പരാതി ഉയരുന്നത് 2005ലാണ്. മകളെ എപ്സ്റ്റീന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാട്ടി 14കാരിയുടെ രക്ഷിതാക്കളാണ് പരാതി നല്‍കിയത്. ഇതോടെ പൊലീസിന് എപ്സ്റ്റീന് നേരെ അന്വേഷണത്തിന് ഇറങ്ങേണ്ടിവന്നു. ഈ കുട്ടിയെ കൂടാതെ 35ഓളം പെണ്‍കുട്ടികളെ അയാള്‍ ഇരകളാക്കിയതായി പൊലീസ് കണ്ടെത്തി. എപ്സ്റ്റീന്‍ കുറ്റക്കാരനാണെന്ന് ഫ്ലോറിഡ സ്റ്റേറ്റ് കോടതി വിധിച്ചു. കുട്ടികളെ പീഡിപ്പിച്ചതും വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതുമായിരുന്നു കുറ്റം. എന്നാല്‍, തന്റെ സ്വാധീനം ഉപയോഗിച്ചും നിയമത്തിലെ ലൂപ്ഹോളുകള്‍ ഉപയോഗിച്ചും കേസ് ഒതുക്കിത്തീര്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. 2008ല്‍ കേവലം 18 മാസം മാത്രം തടവുശിക്ഷ ലഭിക്കുന്ന ഒരു 'സീക്രട്ട് ഡീല്‍' യുഎസ് അധികൃതരുമായി ഉണ്ടാക്കിയത് വഴി എപ്സ്റ്റീന്‍ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷപെട്ടു. ജയിലില്‍ വിവിഐപി പരിഗണനയാണ് ലഭിച്ചത്. പകല്‍ സമയം തന്റെ ആഡംബര ഓഫീസില്‍ ജോലി ചെയ്യാനും എപ്സ്റ്റീന് അനുവാദം ലഭിച്ചു.
ലോകം ഞെട്ടിയ വെളിപ്പെടുത്തല്‍, നല്‍കിയത് ജീവന്റെ വില
എപ്സ്റ്റീന്റെ ഇരകളിലൊരാളായ വിര്‍ജീനിയ ജിഫ്രെ 2009ല്‍ നടത്തിയ വെളിപ്പെടുത്തലാണ് ക്രൂരതകളുടെ അധോലോകങ്ങളിലേക്ക് വെളിച്ചം വീശിയത്. എപ്സ്റ്റീന്റെ സൗഹൃദ വലയത്തില്‍പെട്ട ഉന്നതരുടെ പങ്കും പുറത്തുവരുന്നത് ഇതോടെയാണ്. 17ാം വയസ്സില്‍ എപ്സ്റ്റീനും ഇയാളുടെ പെണ്‍സുഹൃത്തായ ഗിസ്ലെയ്ന്‍ മാക്‌സ് വെല്ലും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയെന്നും വര്‍ഷങ്ങളോളം ലൈംഗികപീഡനത്തിന് ഇരയാക്കിയെന്നുമാണ് വിര്‍ജീനിയ ജിഫ്രെ പരാതിപ്പെട്ടത്. ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍ തുടങ്ങിയവര്‍ തന്നെ ബലാത്സംഗം ചെയ്തതായി ഇവര്‍ വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് ക്രൂരതയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവന്നത്. എപ്സ്റ്റീനുമായുള്ള ബന്ധത്തിനും, എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലിനും പിന്നാലെ ആന്‍ഡ്രൂവിന് രാജപദവികള്‍ പിന്നീട് നഷ്ടമായി. എന്നാല്‍, വെളിപ്പെടുത്തലിന് പിന്നാലെ വിര്‍ജീനിയ ജിഫ്രെയുടെ ജീവിതം ദുരന്തമായി മാറി. യുഎസില്‍ ജനിച്ച വിര്‍ജീനിയ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം ഓസ്‌ട്രേലിയയിലെ നോര്‍ത്ത് പെര്‍ത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍, പിന്നീട് ദമ്പതിമാര്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ നേരിട്ടിരുന്ന വിര്‍ജീനിയ 2025 ഏപ്രിലില്‍ ജീവനൊടുക്കുകയായിരുന്നു. എപ്സ്റ്റീന്റെ ക്രൂരതകള്‍ക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക കണ്ണിയായാണ് വിര്‍ജീനിയയെ വിശേഷിപ്പിക്കുന്നത്. ഇവരുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ക്രൂരതകള്‍ തുറന്നുപറയാന്‍ തയാറായത്.
വലവീശിപ്പിടിക്കാന്‍ വലംകൈയ്യായതും ഒരു സ്ത്രീ
എപ്സ്റ്റീന് വേണ്ടി പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാനുള്ള ചുമതല അടുത്ത അനുയായിയും ലൈംഗിക ഇടപാടുസംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയുമായിരുന്ന ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിവെച്ച് ഉന്നതര്‍ക്ക് കൈമാറിയതുള്‍പ്പെടെ എപ്സ്റ്റീനുമായി ബന്ധപ്പെട്ട കേസുകളില്‍ ഗിസ്ലെയ്ന്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ഇവര്‍ നിലവില്‍ ടെക്‌സസ് ജയിലിലാണുള്ളത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ പാവപ്പെട്ട സാഹചര്യങ്ങളില്‍ നിന്ന് കണ്ടെത്തി, അവര്‍ക്ക് പണമോ ജോലിയോ വാഗ്ദാനം ചെയ്ത് വീട്ടിലെത്തിക്കുകയായിരുന്നു എപ്സ്റ്റീന്റെ രീതി. പിന്നീട് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും തന്റെ അതിസമ്പന്നരായ സുഹൃത്തുക്കള്‍ക്ക് 'സമ്മാനമായി' നല്‍കുകയും ചെയ്യും. തന്റെ എല്ലാ വീടുകളിലും ലിറ്റില്‍ സെന്റ് ജെയിംസ് എന്ന സ്വകാര്യ ദ്വീപിലും അദ്ദേഹം സകലയിടത്തും രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. അവിടെ എത്തുന്ന പ്രമുഖരായ രാഷ്ട്രീയക്കാര്‍, ബിസിനസ്സുകാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി അവരെ ഭീഷണിപ്പെടുത്താനും തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നതായാണ് പറയപ്പെടുന്നത്. എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപിലും ന്യൂയോര്‍ക്കിലെ ബംഗ്ലാവിലും വസതികളിലുമെല്ലാം കിടപ്പുമുറികളിലും ശുചിമുറികളിലും വരെ ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ഇവ നിയന്ത്രിക്കാന്‍ പ്രത്യേകമായി രഹസ്യ മീഡിയാ റൂം ഉണ്ടായിരുന്നെന്നും വെളിപ്പെടുത്തപ്പെട്ടു.
'മസാജ് തെറാപ്പിസ്റ്റ്' ജോലിക്ക് പരിശീലിപ്പിക്കാമെന്നും മോഡലിങ് രംഗത്ത് ഉയരത്തിലെത്തിക്കാമെന്നും വാഗ്ദാനം നല്‍കിയാണ് എപ്സ്റ്റീനും ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലും പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നത്. ഒരിക്കല്‍ വലയില്‍ അകപ്പെട്ടാല്‍ പിന്നീട് പുറംലോകം കാണാത്ത വിധത്തില്‍ അവരെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും തളച്ചിടുന്നതായിരുന്നു രീതി. തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയോ ആരോടെങ്കിലും വെളിപ്പെടുത്തുകയോ ചെയ്താല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
2019ല്‍ വീണ്ടും അറസ്റ്റിലാകുന്നു
വിര്‍ജീനിയ ജിഫ്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി സ്ത്രീകള്‍ എപ്സ്റ്റീനെതിരെ രംഗത്തെത്തി. ഇതോടെ യുഎസ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. നിരവധി അഭിമുഖങ്ങളും അന്വേഷണ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു. 2019 ജൂലൈ ആറിന് എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. ഇത്തവണ കൂടുതല്‍ തെളിവുകളുടെ പിന്‍ബലത്തോടെയായിരുന്നു അറസ്റ്റ്. എപ്സ്റ്റീന്റെ ബംഗ്ലാവ് റെയ്ഡ് ചെയ്ത എഫ്ബിഐ ഏജന്റുമാര്‍ക്ക് നൂറുകണക്കിന് തെളിവുകള്‍ ലഭിച്ചു. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ജയിലിലായിരുന്നു എപ്സ്റ്റീനെ പാര്‍പ്പിച്ചത്. തന്നെ 100 മില്യണ്‍ ഡോളര്‍ ബോണ്ടിന്റെ പുറത്ത് ജയിലില്‍ നിന്ന് പുറത്തുവിടാന്‍ അനുവദിക്കണമെന്ന് എപ്സ്റ്റീന്‍ അഭ്യര്‍ഥിച്ചെങ്കിലും ഇത്തവണ കോടതിയെ പണം കൊടുത്ത് വാങ്ങാന്‍ കഴിഞ്ഞില്ല. അറസ്റ്റ് ചെയ്ത് ഒരു മാസത്തിന് ശേഷം, 2019 ആഗസ്റ്റ് 10ന് ന്യൂയോര്‍ക്ക് ജയിലില്‍ എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തി.
പുതിയ മനുഷ്യ വംശം സൃഷ്ടിക്കാന്‍ പദ്ധതി
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകള്‍ ജെഫ്രി എപ്സ്റ്റീന്റെ ക്രൂരതകള്‍ മാത്രമല്ല, വികൃതമായ താല്‍പ്പര്യങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്തുവിടുന്നുണ്ട്. തന്റെ ഡിഎന്‍എ ഉപയോഗിച്ച് ലോകത്ത് ഒരു പുതിയ 'സൂപ്പര്‍ മനുഷ്യ വംശത്തെ' സൃഷ്ടിക്കാന്‍ എപ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഇതിനായി ന്യൂ മെക്സിക്കോയിലെ തന്റെ 'സോറോ റാഞ്ച്' എസ്റ്റേറ്റ് ഒരു ബേസ് ആക്കി മാറ്റാനും അവിടെ സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കാനും എപ്സ്റ്റീന്‍ ലക്ഷ്യമിട്ടിരുന്നു. യൂജെനിക്സ്, ട്രാന്‍സ്ഹ്യൂമനിസം എന്നീ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായിരുന്ന എപ്സ്റ്റീന്‍, ശാസ്ത്രീയമായ ഇടപെടലുകളിലൂടെ മനുഷ്യവംശത്തെ നിയന്ത്രിക്കാന്‍ ആഗ്രഹിച്ചിരുന്നു. പല ശാസ്ത്രപ്രതിഭകളുമായും എപ്സ്റ്റീന്‍ അടുത്ത ബന്ധം സ്ഥാപിച്ചെടുത്തതിന് പിന്നില്‍ ഇത്തരം നിഗൂഢ താല്‍പര്യങ്ങള്‍ കൂടി ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. 2002ല്‍ താന്‍ എപ്സ്റ്റീന്റെ കുഞ്ഞിന് ജന്മം നല്‍കിയെന്നും എന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ അത് തന്നില്‍ നിന്ന് മാറ്റപ്പെട്ടുവെന്നും ഒരു പെണ്‍കുട്ടിയുടെ ഡയറിയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ പറയുന്നുണ്ട്. തന്റെ മരണശേഷം തലയും ജനനേന്ദ്രിയവും ശീതീകരിച്ച് സൂക്ഷിക്കാനും എപ്സ്റ്റീന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും പറയപ്പെടുന്നു.
എപ്സ്റ്റീന്‍ മൊസ്സാദ് ഏജൻ്റോ?
എപ്സ്റ്റീന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസ്സാദിന്റെ ഏജന്റാണെന്ന് വാദിക്കുന്നവര്‍ നിരവധിയുണ്ട്. ജൂതനായ എപ്സ്റ്റീന് ഇസ്രായേലുമായി പല വിധത്തില്‍ ബന്ധമുണ്ട്. മൊസ്സാദിന് വേണ്ടിയാണ് എപ്സ്റ്റീന്‍ ലോക നേതാക്കളെ തന്റെ സൗഹൃദവലയത്തിലാക്കിയതെന്നും അവര്‍ക്ക് പെണ്‍കുട്ടികളെ കാഴ്ചവെച്ചതെന്നും ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നു. മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ബരാക്ക് എപ്സ്റ്റീന്റെ അടുത്ത സുഹൃത്തായിരുന്നു. ഈയിടെ പുറത്തുവന്ന എഫ്ബിഐ രേഖയിലും ജെഫ്രി എപ്സ്റ്റീന്‍ മൊസാദ് ഏജന്റ് ആയിരുന്നുവെന്ന വിവരമുണ്ട്. എഹുദ് ബരാക്കിന്റെ കീഴില്‍ എപ്സ്റ്റീന്‍ പരിശീലനം നേടിയതായും രേഖയില്‍ പറയുന്നു. 2007നും 2013നും ഇടയില്‍ പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ച എഹൂദ് ബരാക്കും എപ്സ്റ്റീനും തമ്മില്‍ ദീര്‍ഘകാല ബന്ധമുണ്ടെന്ന് അടുത്തിടെ പുറത്തിറങ്ങിയ മറ്റ് ഫയലുകളും വെളിപ്പെടുത്തുന്നു. ടെക് സ്ഥാപനമായ പാലന്തിറില്‍ വെച്ച് എപ്സ്റ്റീന്‍ ബരാക്കിന് ഉപദേശം നല്‍കിയതായും, മുന്‍ ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് പീറ്റര്‍ മണ്ടല്‍സണിന് ഒരു ഊര്‍ജ കമ്പനിയില്‍ ജോലി നല്‍കാന്‍ മുന്‍ ഇസ്രായേലി നേതാവിനോട് ആവശ്യപ്പെട്ടതായും, മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കേണ്ട കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും രേഖകള്‍ വ്യക്തമാക്കുന്നു. ബ്ലാക്ക്‌മെയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്സ്റ്റീന്‍ മൊസാദിന്റെ തുറുപ്പ് ചീട്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. 1980കള്‍ മുതല്‍ എപ്സ്റ്റീനും കാമുകി ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലും ഇസ്രായേലി ഇന്റലിജന്‍സിനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന മുന്‍ ഇസ്രായേലി ഇന്റലിജന്‍സ് ഓഫീസര്‍ അരി ബെന്‍-മെനാഷെയുടെ വാക്കുകളും ഈ അവകാശവാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
നിര്‍ണായകമായ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമം
എപ്സ്റ്റീന്റെ നിഗൂഢ സാമ്രാജ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാനിടയാക്കിയ നിയമനിര്‍മാണമാണ് 2025ല്‍ യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമം. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ താന്‍ പുറത്തുവിടുമെന്ന് 2024ല്‍ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ വാഗ്ദാനം ചെയ്തിരുന്നു. എപ്സ്റ്റീന്റെ അടുത്ത സുഹൃത്തെന്ന നിലയില്‍ ട്രംപിനെതിരെയും ആരോപണങ്ങളുണ്ടായിരുന്നു. എന്നാല്‍, എപ്സ്റ്റീന്‍ കുറ്റവാളിയാണെന്ന് അറിഞ്ഞതോടെ ബന്ധം അവസാനിപ്പിച്ചതായാണ് ട്രംപിന്റെ വാദം. 2024 ജനുവരിയില്‍ എപ്സ്റ്റീന്‍ കേസിലെ ഏതാനും നിര്‍ണായക കോടതി രേഖകള്‍ പുറത്തുവന്നതോടെ പൊതുസമൂഹത്തിന് കേസിലുള്ള താല്‍പര്യം ഏറെ വര്‍ധിച്ചു. 60 ലക്ഷത്തിലേറെ ഫയലുകളാണ് എപ്സ്റ്റൈനുമായി ബന്ധപ്പെട്ട് അധികൃതര്‍ ശേഖരിച്ചിരുന്നത്. 2025 ജൂലൈ 15ന് കൊണ്ടുവന്ന എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ ബില്‍ നവംബറില്‍ സെനറ്റ് ഏക്യകണ്ഠേന പാസ്സാക്കി. ഇതോടെ, ബില്ലില്‍ ഒപ്പിടാന്‍ ഡോണള്‍ഡ് ട്രംപ് നിര്‍ബന്ധിതനായി. 2025 നവംബര്‍ 19ന് പ്രസിഡന്റ് ഒപ്പിട്ടതോടെ എപ്സ്റ്റീന്‍ ഫയല്‍ സുതാര്യതാ നിയമം നിലവില്‍ വന്നു. ഇതുപ്രകാരം, എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട എല്ലാ രേഖകളും യുഎസ് അറ്റോര്‍ണി ജനറല്‍ 30 ദിവസത്തിനകം പ്രസിദ്ധീകരിക്കണം. ഒരു മാസം തികയുന്ന ഡിസംബര്‍ 19ന് യുഎസ് നീതിന്യായ വകുപ്പ് ആദ്യ ബാച്ച് രേഖകള്‍ പുറത്തുവിട്ടു. മുഴുവന്‍ രേഖയും പ്രസിദ്ധീകരിക്കണമെന്ന നിബന്ധന ലംഘിക്കപ്പെട്ടു. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് എപ്സ്റ്റീനുമായുള്ള ബന്ധം മറച്ചുവെക്കുന്നതാണ് നടപടിയെന്ന് ആരോപണമുയര്‍ന്നു. 2026 ജനുവരി 30ന് 35 ലക്ഷത്തോളം രേഖകള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍, ഇരയാക്കപ്പെട്ടവരുടെ സ്വകാര്യത സൂക്ഷിക്കാനെന്ന പേരില്‍ പല നിര്‍ണായക ഭാഗങ്ങളും മറച്ചാണ് ഫയലുകള്‍ പ്രസിദ്ധീകരിച്ചത്. പല അതിജീവിതകളുടെയും വിവരങ്ങള്‍ പരസ്യമാക്കിയപ്പോള്‍ കുറ്റകൃത്യത്തിന്റെ ഭാഗമായവരുടെ പേരുകള്‍ മറച്ചുവെച്ചു. ഇത് കടുത്ത വിമര്‍ശനം വിളിച്ചുവരുത്തി.
എപ്സ്റ്റീന്‍ മരിച്ചോ? ഒരു ദിവസം മുന്നേ മരണക്കുറിപ്പ് വന്നതെങ്ങിനെ
എപ്സ്റ്റീന്‍ ജയിലില്‍ കഴിയവേ ആത്മഹത്യ ചെയ്തതാണോ, കൊലപ്പെടുത്തിയതാണോ, അതോ ഇന്നും ജീവനോടെയുണ്ടോ എന്നത് സജീവ ചര്‍ച്ചയാണ്. എപ്സ്റ്റീന്റെ ജീവിതം പോലെ ദുരൂഹമാണ് മരണവും. എപ്സ്റ്റീനുള്ള ബന്ധങ്ങളും ഉന്നത സ്വാധീനവും കണക്കാക്കുമ്പോള്‍ മരണം പോലും ഒരു നാടകമാണെന്ന് വിശ്വസിക്കുന്നവര്‍ അനവധിയാണ്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ജയിലില്‍ 2019 ആഗസ്റ്റ് 10ന് പുലര്‍ച്ചെ 6.30ന് എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ എടുത്തില്ല. എപ്സ്റ്റീന്‍ ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നെന്ന് നീതിന്യായ വകുപ്പ് പറയുന്നു. എന്നാല്‍, എപ്സ്റ്റീന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മൈക്കല്‍ ബേഡന്‍ അടുത്തിടെ വെളിപ്പെടുത്തിയത് എപ്സ്റ്റീന്റെ തൂങ്ങിമരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായാണ് കരുതുന്നത് എന്നുമാണ്. എപ്സ്റ്റീന്റെ കഴുത്തില്‍ പൊട്ടലുകളുണ്ടായിരുന്നു. എന്നാല്‍, ഇത് തൂങ്ങിമരിക്കുന്നതിന്റെ പൊട്ടലുകളല്ലെന്നും കഴുത്ത് ഞെരിച്ചതിന്റെയാണെന്നുമാണ് ഡോക്ടര്‍ വെളിപ്പെടുത്തിയത്. മരണകാരണത്തെ കുറിച്ച് അന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ താന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കവേ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ മരണം ആത്മഹത്യ തന്നെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നെന്നും ബേഡന്‍ വെളിപ്പെടുത്തി.
ബെഡ്ഷീറ്റ് കൊണ്ട് കുരുക്കുണ്ടാക്കി അതില്‍ തൂങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എപ്സ്റ്റീന്റെ കഴുത്തിലെ അടയാളങ്ങളും കണ്ടെടുത്ത തുണിയും തമ്മില്‍ യാതൊരു പൊരുത്തവുമുണ്ടായിരുന്നില്ല. ഇതിന് പുറമേ നിഗൂഢമായ പലതും എപ്സ്റ്റീനെ പാര്‍പ്പിച്ച സെല്ലിന് മുന്നില്‍ തലേന്ന് രാത്രി അരങ്ങേറി. സെല്ലിന് മുന്നിലെ രണ്ട് പ്രധാന സിസിടിവി കാമറകള്‍ അന്ന് തകരാറിലായി. ഇത് ഏറെ സംശയത്തിന് വഴിവെച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും നടത്തേണ്ടിയിരുന്ന പരിശോധനകള്‍ അന്ന് ഗാര്‍ഡുമാര്‍ നടത്തിയില്ല. പിന്നീട് അധികൃതര്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ എപ്സ്റ്റീന്റെ സെല്ലിന് അടുത്തുള്ള ഗോവണിപ്പടിയിലൂടെ ഒരു 'ഓറഞ്ച് നിഴല്‍രൂപം' നീങ്ങുന്നത് കാണാം. ഇത് മറ്റൊരു തടവുകാരനാണെന്ന് എഫ്ബിഐ സംശയിക്കുമ്പോഴും ആ രൂപം ആരുടേതെന്ന കാര്യത്തില്‍ ഇന്നും ദുരൂഹത തുടരുന്നു.
എപ്സ്റ്റീന്റെ മൃതദേഹം എന്തുചെയ്തു എന്നതുപോലും ദുരൂഹതയാണ്. എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ളയാള്‍ മൃതദേഹം ഏറ്റുവാങ്ങി എന്നാണ് പുറത്തറിയുന്നത്. ഇത് അദ്ദേഹത്തിന്റെ സഹോദരന്‍ മാര്‍ക്ക് എപ്സ്റ്റീന്‍ ആണെന്ന് പിന്നീട് വെളിപ്പെട്ടു. എപ്സ്റ്റീന്റെ മൃതദേഹം ഫ്‌ലോറിഡയിലെ പാംബീച്ചിലെ അടയാളപ്പെടുത്താത്ത കല്ലറയില്‍ അടക്കംചെയ്തു എന്നാണ് പറയുന്നത്. ഇത് കല്ലറയെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ വേണ്ടിയാണത്രെ. എപ്സ്റ്റീന്റെ പേരോ മാതാപിതാക്കളുടെ പേരോ രേഖപ്പെടുത്തിയില്ല.
ആഗസ്റ്റ് 10നാണ് എപ്സ്റ്റീന്‍ മരിച്ചതായി പറയുന്നത്. എന്നാല്‍, പുറത്തുവന്ന രേഖകളില്‍ എപ്സ്റ്റീന്‍ മരിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം യുഎസ് നീതിന്യായ വകുപ്പ് എപ്സ്റ്റീന്റെ മരണക്കുറിപ്പ് തയാറാക്കിയതായി വ്യക്തമായി. അതായത്, ആഗസ്റ്റ് ഒമ്പതിന് മരണക്കുറിപ്പ് തയാറാക്കി. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് എപ്സ്റ്റീന്റെ മരണം പോലും ഒരു ഗൂഢാലോചനയാണ് എന്നതിലേക്കാണെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍, മരണക്കുറിപ്പിലെ തീയതി വ്യത്യാസം ടൈപ്പിങ്ങിലുണ്ടായ തെറ്റാണെന്നാണ് അധികൃതര്‍ വിശദീകരിച്ചത്.
മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥാപിക്കാനായാണ് 2025 ജൂലൈയില്‍ എഫ്ബിഐ എപ്സ്റ്റീനെ പാര്‍പ്പിച്ച ജയിലിലെ മരണദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍ നിന്ന് 62 സെക്കന്‍ഡുകള്‍ മുറിച്ചുമാറ്റിയിരുന്നു. രാത്രി 11.58 മുതലുള്ള രണ്ട് മിനിറ്റാണ് ഒഴിവാക്കിയത്. എന്നാല്‍, ഇത് ജയിലിലെ സമയം റീസെറ്റ് ചെയ്യാനുള്ള സാധാരണ നടപടിയെന്നാണ് അധികൃതര്‍ പറഞ്ഞത്. വിവാദമായതോടെ എഫ്ബിഐ അന്വേഷിച്ചെങ്കിലും വീഡിയോയുടെ മാസ്റ്റര്‍ കോപ്പി 2024 ജൂണില്‍ നശിപ്പിച്ചുവെന്ന വിവരമാണ് പുറത്തുവന്നത്. ഇതെല്ലാം എപ്സ്റ്റീന്റെ മരണത്തിലെ ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. യുഎസില്‍ നടത്തിയ ഒരു സര്‍വേയില്‍ 45 ശതമാനം പേരും വിശ്വസിക്കുന്നത് എപ്സ്റ്റീനെ ജയിലില്‍ കൊലപ്പെടുത്തിയെന്നാണ്. 16 ശതമാനം പേര്‍ മാത്രമാണ് എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതായി കരുതുന്നത്.
എപ്സ്റ്റീന്റെ മരണം മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്നും ഇസ്രായേലില്‍ എപ്സ്റ്റീന്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും പലരും വാദിക്കുന്നുണ്ട്. പ്രത്യേകിച്ചും എപ്സ്റ്റീന് ഇസ്രായേലുമായും മൊസ്സാദുമായുമുള്ള ബന്ധം ചൂണ്ടിക്കാട്ടി. ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ഇതിനൊന്നും സ്ഥിരീകരണമില്ല. എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തതാണോ, കൊലപാതകമാണോ, അല്ലെങ്കില്‍ ഇന്നും ജീവനോടെയുണ്ടോ എന്നൊന്നും സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എപ്സ്റ്റീന്റെ ജീവിതം പോലെ തന്നെ ദുരൂഹമായി തുടരുകയാണ് മരണവും.
Adjust Story Font
16
