Quantcast

ദൈവങ്ങൾ ബൈക്കിലും വരാം...

'ഇന്നലെ ഉറങ്ങാൻ കിടക്കുന്നത് വരെ ആ ചെറുപ്പക്കാരെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്'

MediaOne Logo

മഹേഷ് പൊലൂര്‍

  • Updated:

    2022-07-20 05:12:01.0

Published:

20 July 2022 5:07 AM GMT

ദൈവങ്ങൾ ബൈക്കിലും വരാം...
X

മഴയും തിരക്കും കാരണം കുടുംബത്തെ കൂട്ടി പുറത്തിറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായിരുന്നു. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ കറങ്ങി വെള്ളിമാടുകുന്നെത്തി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് പുറത്തിറങ്ങി ബൈക്കിൽ കയറി. ബൈക്ക് സ്റ്റാർട്ടാവുന്നതേയില്ല. സമയം 10 മണി കഴിഞ്ഞു. ഒന്നൊന്നര കിലോമീറ്റർ കഴിഞ്ഞ് പാറോപ്പടിയിൽ വർക്ക്‌ ഷോപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നറിഞ്ഞു വണ്ടി തള്ളാൻ തീരുമാനിച്ചു. ചേവായൂർ പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വരെ എത്തിയതേ ഉള്ളൂ,

രണ്ട് ചെറുപ്പക്കാർ ബൈക്ക് നിർത്തി കാര്യങ്ങൾ അന്വേഷിച്ചു, നിമിഷനേരത്തിനുള്ളിൽ പറഞ്ഞതിങ്ങനെ "ഇങ്ങള് കുടുംബത്തെ കൂട്ടി ഞങ്ങളെ ബൈക്കുമായിട്ട് പൊക്കോ.... വണ്ടി ഞങ്ങൾ എത്തിച്ചോളാം" മനസ്സില്ലാമനസോടെ നില്‍ക്കുമ്പഴാ പിന്നേം പറഞ്ഞത് "ഞങ്ങൾ കൊണ്ടുവന്നോളാന്നെ.... " അവരുടെ വണ്ടിയിൽ കയറി സ്റ്റാർട്ടാകുമ്പോൾ ദൂരെ ഇലക്ട്രിക് പോസ്റ്റിലെ ബൾബിന്റെ വെട്ടത്തിൽ ആ രണ്ട് ചെറുപ്പക്കാർ... ഞങ്ങളുടെ വാഹനം തള്ളികൊണ്ടുപോകുന്നത് ആശ്ചര്യത്തോടെയാണ് ഞങ്ങൾ കണ്ടത്. അവരുടെ ബൈക്കിൽ കുടുംബസമേതം മുന്നോട്ടുപോയി.

പാറോപ്പടിയിൽ ഞങ്ങളെ കാത്തെന്നപോലെ വർക്ക് ഷോപ്പ് തുറന്നു കിടക്കുന്നുണ്ടായിരുന്നു. അവർ വാഹനം അവിടേക്ക് എത്തിച്ചു. അധികം വൈകാതെ ബൈക്കിന്റെ പ്രശ്നം പരിഹരിച്ചു. എന്‍റെ നിർബന്ധത്തിനു വഴങ്ങി ഒരു ഫോട്ടോ എടുത്തു. അർദ്ധരാത്രിയിൽ ഈ ചിരിക്ക് അത്രയേറെ സന്തോഷമുണ്ട്. വഴിയരികിൽ സഹായം ലഭിക്കേണ്ട ഒട്ടനവധി പേരുണ്ട്. ഇന്നലെ രാത്രി അക്കൂട്ടത്തിലായിരുന്നു ഞങ്ങളും. ഇന്നലെ ഉറങ്ങാൻ കിടക്കുന്നത് വരെ ആ ചെറുപ്പക്കാരെ കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. അതെ ദൈവങ്ങൾ പല രൂപത്തിലും വരും.

TAGS :

Next Story