Quantcast

2023 ഉം മമ്മൂട്ടിയുടേതായിരുന്നു; മലയാള സിനിമാ വ്യവസായത്തിലെ 'മാൻ ഓഫ് ദ ഇയർ' | Year Ender 2023

4 ചിത്രങ്ങൾ അതിൽ ഒരു സൂപ്പർഹിറ്റ് 2 ഹിറ്റ്, മികച്ച നടനുള്ള സംസ്ഥാന അവാർഡും

MediaOne Logo

അലി കൂട്ടായി

  • Updated:

    2024-01-01 09:47:09.0

Published:

1 Jan 2024 8:01 AM GMT

2023 ഉം മമ്മൂട്ടിയുടേതായിരുന്നു; മലയാള സിനിമാ വ്യവസായത്തിലെ മാൻ ഓഫ് ദ ഇയർ | Year Ender 2023
X

72 വയസ്, 50 വർഷമായി ആ കസേര‌ മാറിക്കൊടുത്തിട്ടില്ല. മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡുകൾ, ആ‌റ് തവണ സംസ്ഥാന അവാർഡ്. 2022 അപ്പാടെ തന്റേതാക്കിയാണ് ‌അദ്ദേഹം ചിത്രങ്ങളുമായി പുതുവർഷത്തിലേക്ക് പ്രവേശിച്ചത്. 2023 ഉം മമ്മൂട്ടിയുടേതായിരുന്നു. 2023 ൽ മമ്മൂട്ടിയുടേതായി ഇറങ്ങിയത് 4 ചിത്രങ്ങൾ അതിൽ ഒരു സൂപ്പർഹിറ്റ് 2 ഹിറ്റ് മികച്ച നടനുള്ള സംസ്ഥാന അവാർഡും. മലയാള സിനിമാ വ്യവസായത്തിലെ മാൻ ഓഫ് ദ ഇയർ.


കോവിഡാനന്തര മമ്മൂട്ടിയാണ് സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. അത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പിൽ കാണാനാവുന്നുമുണ്ട്. പരീക്ഷണ ചിത്രങ്ങളും വാണിജ്യ വിജയമാക്കുന്നതിലൂടെ ഒരു പ്രൊഡക്ഷൻ ഹൗസിനെ നയിക്കാനും അദ്ദേഹത്തിനാവുന്നു. നടനായും നിർമ്മാതാവായും മമ്മൂട്ടി ബോക്സ് ഓഫിസ് പിടിച്ചു കുലുക്കിയ ചലച്ചിത്ര വർഷമാണ് 2023. മമ്മൂട്ടി കമ്പനി നിർ‌മിച്ച ചിത്രങ്ങളുടെ പട്ടിക നോക്കിയാൽ മനസ്സിലാവും. കണ്ണൂർ സ്ക്വാഡ് പോലെയൊരു ആക്‌ഷൻ ത്രില്ലർ സിനിമയെ ബ്ലോക്ബസ്റ്ററിലേക്ക് ഉയർത്തിയതും നൻപകലും കാതലും വിജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറിയതിന് പിന്നിലും മമ്മൂട്ടി എന്ന ഒറ്റ പേര് തന്നെയാണ് പ്രവർത്തിച്ചത്.

നൻപകൽ നേരത്ത് മയക്കം

2022 ലെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള. നൻപകലിന്റെ പ്രദർ‌ശനത്തിന് മുന്നോടിയായി തിയറ്ററിന് മുന്നിലെ നീണ്ട ക്യൂവും തിരക്കും, അതിലുണ്ടായിരുന്നു പ്രേക്ഷകരുടെ ആവേശം. അതിന് മുൻപ് തന്നെ ലിജോയുമായി മമ്മൂട്ടി എന്ന നടൻ കൈകോർക്കുന്നു എന്ന് കേട്ടപ്പോൾ സിനിമാ പ്രേക്ഷകർക്കുണ്ടായ പ്രതീക്ഷയും നൻപകലിന്റെ ഹൈപ്പ് കൂട്ടിയിരുന്നു. അവിസ്മരണീയമായ പ്രകടനവുമായി മമ്മൂട്ടി ഞെട്ടിച്ചു. നിറഞ്ഞ സദസ്സിൽ ഹർഷാരവങ്ങളോടെ ആ ചിത്രം സ്വീകരിക്കപ്പെട്ടു.


ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർ‌ഡും മമ്മൂട്ടി സ്വന്തമാക്കി. 2023 ജനുവരിയിൽ ചിത്രം തിയറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു. ജയിംസായും സുന്ദരമായും അനായാസമായി വേഷപ്പകർച്ച നടത്തിയ മമ്മൂട്ടി തന്നെയായിരുന്നു സിനിമയുടെ ഹൈലൈറ്റ്. മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടിക്കമ്പനി ചിത്രത്തിന്റെ നിർമാണ പങ്കാളിയായി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. അതായത് ‌മലയാള സിനിമയിൽ നാഴികക്കല്ലാവുന്ന ചിത്രത്തിൽ അഭിനയിക്കുകയും നിർമിക്കുകയും ചെയ്തു എന്നതിൽ മമ്മൂട്ടി എന്ന നടൻ ചരിത്രത്തിൽ അടയാളപ്പെടുത്തും.


''മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്‌കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ’'- മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് ‌ജൂറി ചെയർ‌മാനായ ഗൗതം ഘോഷ് പറഞ്ഞത് ഇങ്ങനെയായിരുന്നു.

കണ്ണൂർ സ്ക്വാഡ്

പൊലീസ് വേഷങ്ങളിലെ മമ്മൂട്ടിയെ കാണാൻ ആരാധകർ‌ക്ക് ഏറെ ഇഷ്ടമാണ്. ജേക്കബ് ഈരാളി മുതൽ കഴിഞ്ഞ 50 വർഷത്തിനിടെ അദ്ദേഹം കെട്ടിയാടിയ പൊലീസ് കഥാപാത്രങ്ങൾ ഡസൻ കണക്കിനാണ്. ആ പട്ടികയില്‍ കണ്ണൂർ സ്ക്വാഡിന്റെ സ്ഥാനം മുൻപന്തിയിലാണ്. ചിത്രം അങ്ങനെ സ്വീകരിക്കപ്പെടുകയും ചെയ്തു. പുതുമുഖ സംവിധായകരെ പരിഗണിക്കുന്നതിന്‍റെ മികച്ച ഉദാഹരണം കൂടിയായിരുന്നു കണ്ണൂർ സ്ക്വാഡ്.


നടൻ റോണി ഡേവിഡ് രാജും സഹോദരനും ഛായാഗ്രാഹകനുമായ റോബി രാജും ചേർന്നൊരു പൊലീസ് സ്റ്റോറിയുമായി മമ്മൂട്ടിക്ക് മുന്നിലെത്തി. കഥ ഇഷ്ടപ്പെട്ട മമ്മൂട്ടി ‌പ്രൊഡ്യൂസറെ അന്വേഷിക്കേണ്ടെന്ന് അങ്ങോട്ട് പറയുകയായിരുന്നു. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ മറ്റൊരു ചിത്രം. ബ്ലോക്ബസ്റ്റർ വിജയമാണ് ചിത്രം നേടിയത്. റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നു തിരക്കഥയെഴുതിയ ചിത്രത്തിലൂടെ റോബി സ്വതന്ത്ര സംവിധായകനായി മലയാള സിനിമാ സംവിധായകരുടെ പട്ടികയിൽ മറ്റൊരു വാഗ്ദാനമായി. ഇമോഷനൽ രംഗങ്ങളിലും ആക്‌ഷൻ രംഗങ്ങളിലും ഒരുപോലെ മികവ് പുലർത്തി മമ്മൂട്ടി കയ്യടി നേടി. ഒടിടി റിലീസിലും ചിത്രത്തിനു വലിയ സ്വീകാര്യത ലഭിച്ചു.

കാതൽ‌ ദ കോർ

വലിയ വിവാദങ്ങൾക്കും ചർച്ചക‌ൾക്കും വഴിമാറിയേക്കാമെന്ന് മുൻകൂ‌ട്ടി അറിയുന്ന സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുക. ആ ചിത്രം നിർമിക്കുകയും ചെയ്യുക. കാതൽ ദ കോർ എന്ന ചിത്രത്തിന് അങ്ങനെയൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. കഥ കേട്ടപാടെ ചാടിപ്പിടിക്കുന്ന, അഭിനയദാഹിയായ മമ്മൂട്ടിയാണ് കാതൽ തിരഞ്ഞെടുത്തത്. വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് അദ്ദേഹം ഓരോ കഥ കേൾക്കുന്നതും. കാണേണ്ട മലയാള ചിത്രങ്ങളുടെ പട്ടികയിൽ കാതല്‍ സ്ഥാനം പിടിക്കുമെന്ന് ഉറപ്പിച്ച തെരഞ്ഞെടുപ്പ്.


ക്വീർ വിഷയങ്ങളെ വികലവും ദുർബലവുമായി അവതരിപ്പിച്ചു വന്ന മലയാള സിനിമകളിൽനിന്ന് വേറിട്ടൊരു സഞ്ചാരമാണ് ‘കാതൽ’ നടത്തിയത്. മമ്മൂട്ടിയെ പോലെ താരപരിവേഷമുള്ള, പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള ഒരു നടൻ സ്വവർഗാനുരാഗിയായ മാത്യു ദേവസിയുടെ കഥാപാത്രം ചെയ്യാൻ മുന്നോട്ടു വന്നപ്പോൾത്തന്നെ ചിത്രത്തിന്റെ ഗതി നിർണയിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കമ്പനിയിലൂടെ ചിത്രത്തിന്റെ നിർമാണ ദൗത്യവും മമ്മൂട്ടി ഏറ്റെടുത്തു. ചിത്രം സ്വീകരിക്കപ്പെട്ടു. തിയറ്ററിലും മികച്ച പ്രതികരണം നേടി. 2023 ലെ തിരുവനന്തപുരം രാജ്യന്തര ചലച്ചിത്രമേളയിലും മമ്മൂട്ടിയുടെ കാതല്‍ കയ്യടി നേടി.


ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾ, എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ, ഒരേ സമയം നായകനായും പ്രതിനായകനായും വിസ്മയിപ്പിക്കുന്ന പകർന്നാട്ടങ്ങൾ. വേറിട്ട വേഷങ്ങളുടെ തിരഞ്ഞെടുപ്പിലൂടെയും ഇന്ത്യൻ നായകൻമാർക്കിടയിൽത്തന്നെ വ്യത്യസ്തനാവുകയാണ് മമ്മൂട്ടി. ആ നടന ശരീരത്തിൽ നിന്ന് വിസ്മയിപ്പിക്കാൻ ഇനിയുമേറെയുണ്ട്. പുതുവർഷത്തിൽ ഭ്രമയുഗം, ബസൂക്ക, ടർബോ എന്നീ മലയാള ചിത്രങ്ങളും തെലുങ്ക് ചിത്രം യാത്രയുടെ രണ്ടാം ഭാഗവുമാണ് മമ്മൂട്ടിയുടേതായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ. ടർബോയിലെയും ഭ്രമയുഗത്തിലെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.


മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ബിലാലും പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ആവാസ വ്യൂഹവും പുരുഷപ്രേതവും ചെയ്ത കൃഷാന്തിന്റെ ചിത്രത്തിലും 2024 ൽ മമ്മൂട്ടി ഭാഗമാവും. രഞ്ജൻ പ്രമോദുമായും മമ്മൂട്ടി ഒരുമിക്കുന്നുണ്ട്. മഹേഷ് നാരായണന്റെ ചിത്രമാണ് മറ്റൊന്ന്. ജയറാം ചിത്രമായി എബ്രഹാം ഓസ്ലറിലെ അതിഥി താരമായാകും മമ്മൂട്ടിയെ 2024ല്‍ ആദ്യം കാണുക. ശേഷം യാത്ര 2 വിലൂടെ മമ്മൂട്ടി എത്തും.


എഴുപത്തിരണ്ടാം വയസ്സിലും, ആദ്യ സിനിമയിൽ അഭിനയിക്കുന്ന തുടക്കക്കാരന്റെ ആവേശവും അഭിനിവേശവും അയാൾക്കുണ്ട്. കാരണം നിരന്തരം തന്നിലെ നടനെ പുതുക്കിപ്പണിയാനും അനായാസം വേഷപ്പകർച്ച നടത്താനും ആ താര ശരീരത്തിന് കഴിയുന്നു. കാത്തിരിക്കാം ആ ഭാവപ്പകര്‍ച്ചയുടെ ആവിഷ്കാരങ്ങള്‍ക്കായി.


TAGS :

Next Story