എൻസിപി പിടിക്കാൻ നീക്കങ്ങൾ, കളത്തിലേക്ക് ശരത് പവാറും: മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്...
എൻസിപി ലയന ചർച്ചകളെക്കുറിച്ച് പറയാൻ ഫഡ്‌നാവിസിന് എന്ത് അധികാരമെന്നായിരുന്നു ശരത് പവാറിന്റെ ചോദ്യം.

- Updated:
2026-02-09 07:37:21.0

മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം തികയുന്നതിന് മുൻപേ തന്നെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) നേതാക്കളെല്ലാം ലയന കാര്യത്തിൽ ഒരേ നിലപാടിലല്ലെന്ന് വ്യക്തമായിരുന്നു. ഒരു വിഭാഗം ശരത് പവാര്‍ വിഭാഗവുമായുള്ള ലയനത്തിനായി പരസ്യമായി രംഗത്തുവന്നപ്പോൾ, മറുവിഭാഗം ലയനം വേണ്ടെന്നും ഇപ്പോള്‍ എങ്ങനെയാണോ, എവിടെയാണോ നില്‍ക്കുന്നത് അങ്ങനെ തന്നെ നിന്നാല്‍ മതിയെന്നുമായിരുന്നു.
സത്യത്തില്‍ ശരത് പവാറുമായി സഹോദര പുത്രന്‍ കൂടിയായ അജിത് പവാര്‍ ലയനം ആഗ്രഹിച്ചിരുന്നുവെന്നത് സത്യമാണ്. മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞടുപ്പില്‍ ശരത് പവാര്‍ വിഭാഗവുമായി കൈകോര്‍ത്ത് തന്നെ ഇതിന്റെ സൂചനകളായിരുന്നു. എന്നാല്‍ പരസ്പരം ലയിച്ചാല്‍ തന്നെ ഏത് മുന്നണിയുടെ ഭാഗമാകും എന്നതില്‍ ഒരു തീര്‍പ്പിലെത്തിയിരുന്നില്ല. ഏതായാലും ബിജെപിയുടെ ഭാഗമായ മഹായുതി സഖ്യത്തില്‍ അജിത് പവാര്‍ അധികകാലം നില്‍ക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയിലാണ് ദാരുണമായ വിമാനാപകടം സംഭവിക്കുന്നതും അജിത് പവാര്‍ ലോകത്തോട് വിടപറയുന്നതും.
അജിത് പവാറിന്റെ മരണത്തോടെ ആ പാര്‍ട്ടിയിലിപ്പോള്‍ എന്തൊക്കെയോ സംഭവിക്കുകയാണ്. വീണ്ടുമൊരു പിളര്‍പ്പിലേക്കാണോ പോകുന്നത് എന്ന തരത്തിലുള്ള സൂചനകളും വരുന്നു. ലയനത്തെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്ന് എൻസിപി സ്ഥാപകൻ കൂടിയായ ശരത് പവാര്‍ തന്നെ വ്യക്തമാക്കി. എന്നാൽ അത്തരമൊരു സാധ്യതയെ തള്ളിക്കളഞ്ഞാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്ത് എത്തിയിരുന്നത്. ഇതോടെ എന്‍സിപിയുടെ കടിഞ്ഞാണ്‍ ആര് സ്വന്തമാക്കുമെന്ന് നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
ശരത് പവാര്‍ തിരിച്ചുവരുന്നു
കുറച്ചുനാളായി തിരശ്ശീലയ്ക്ക് പിന്നിലേക്ക് മാറിയിരുന്ന ശരത് പവാർ വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ്. വാർത്താ സമ്മേളനങ്ങൾ നടത്തിയും, വിവിധ കേന്ദ്രങ്ങള്‍ സന്ദർശിച്ചും, മഹായുതിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കുമെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ചും അദ്ദേഹം ഒരിക്കൽ കൂടി രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിലെയും മുന്‍സിപ്പല്‍ കോര്‍പറേഷനിലെയും പരാജയങ്ങളില്‍ തളര്‍ന്നിരിക്കുകയായിരുന്നു ശരത് പവാര്‍.
ഏപ്രിലിൽ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ, രാഷ്ട്രീയ കരിയര്‍ തന്നെ അവസാനിപ്പിച്ചേക്കുമെന്ന ചർച്ചകളും സജീവമായിരുന്നു. എന്നാല്‍ തിരിച്ചുവരവിന്റെ സൂചനകളാണ് അദ്ദേഹം നല്‍കുന്നത്. അതിന് കാരണമായത് സഹോദര പുത്രന്റെ മരണവും. എൻസിപി ലയന ചർച്ചകളെക്കുറിച്ച് പറയാൻ ഫഡ്‌നാവിസിന് എന്ത് അധികാരമെന്നായിരുന്നു ശരത് പവാറിന്റെ ചോദ്യം. ലയന ചർച്ചകളിൽ ഫഡ്‌നാവിസിന് യാതൊരു പങ്കുമില്ലെന്നും അതുകൊണ്ട് ലയനം സംബന്ധിച്ച് പ്രതികരിക്കാൻ അദ്ദേഹത്തിന് അവകാശമില്ലെന്നും ശരത് പവാർ വ്യക്തമാക്കുകയും ചെയ്തു. ലയന ചർച്ചകൾ ശരിക്കും നടക്കുന്നുണ്ടായിരുന്നെങ്കിൽ അജിത് പവാർ ആ വിവരങ്ങൾ തന്നോട് പങ്കുവെക്കുമായിരുന്നു എന്ന് ഫഡ്നാവിസ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് ശരത് പവാറിനെ ചൊടിപ്പിച്ചത്.
അതായത് എന്‍സിപിയിലെ പ്രശ്‌നങ്ങള്‍ കണ്ട് ബിജെപി കൊതിക്കേണ്ടെന്നും അത് ഇവിടെ നോക്കാനും ശരിയാക്കാനും അളുണ്ടെന്ന ശക്തമായ സന്ദേശം തന്നെയായിരുന്നു ശരത് പവാറിന്റേത്. ഇതിനിടെ ബിജെപി സര്‍ക്കാരുകളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്യുന്നു. കേന്ദ്ര ബജറ്റിനെ വിമർശിച്ച ശരത് പവാര്‍, ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഇന്ത്യൻ കർഷകരിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു.
വ്യാപാര കരാർ ഒപ്പിട്ടതിന് എൻസിപി ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചതിന് തൊട്ടുപിന്നാലെയാണ് ശരത് പവാർ വ്യാപാര കരാറിനെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത് എന്നതും ശ്രദ്ധേയമാണ്. ശരത് പവാറിന്റെ പരാമർശങ്ങൾ എൻഡിഎയോടുള്ള അദ്ദേഹത്തിന്റെ ശക്തമായ വിയോജിപ്പാണ് കാണിക്കുന്നത്. ലയനം ഉണ്ടായാലും ഇല്ലെങ്കിലും, താൻ പ്രതിപക്ഷ നിരയിൽ തന്നെ ഉറച്ചുനിൽക്കുമെന്നും ബിജെപിക്ക് വഴങ്ങില്ലെന്നമുള്ള സൂചനയാണ് ശരത് പവാറിന്റെ വാക്കുകളിലുള്ളത്. ഇനി ലയിച്ചാലും പ്രതിപക്ഷ സഖ്യത്തോടൊപ്പം തന്നെയാകും എന്നും.
എളുപ്പമാകില്ല ലയനം
എന്‍സിപി വിഭാഗങ്ങളുടെ ലയനം എന്നത് എളുപ്പത്തില്‍ നടക്കുന്ന കാര്യമല്ല. നേരത്തെ പറഞ്ഞപോലെ ലയനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും അവിടെയുണ്ട്. എതിര്‍ക്കുന്നവരില്‍ മുമ്പന്തിയിലാണ് സംസ്ഥാന പ്രസിഡന്റ് സുനില്‍ തത്കരെ. ലയനം സംഭവിക്കില്ലെന്നും ബിജെപി സഖ്യത്തോടൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്നുമാണ് തത്കരെ വ്യക്തമാക്കുന്നത്.
എന്നാല്‍ പവാർ കുടുംബം മുഴുവൻ അജിത് പവാറിന്റെ അവസാന ആഗ്രഹം നിറവേറ്റുമെന്നും ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനമെടുത്തെന്നുമാണ് അജിത് പവാറിന്റെ അടുത്ത സഹായി കിരണ്‍ ഗുജാര്‍ അവകാശപ്പെടുന്നത്. ഇദ്ദേഹമാകട്ടെ പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്കൊപ്പം പോകണമെന്ന നിലപാടുകാനുമാണ്. അതേസമയം തത്കരെ നിലപാട് അല്‍പം മയപ്പെടുത്തിയിട്ടുണ്ട്. ലയനത്തെക്കുറിച്ച് സുനേത്ര പവാറുമായി ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ആ പറച്ചിലിന് ആത്മാർഥത ഇല്ലെന്നാണ് അകത്തെ സംസാരം.
ഛഗൻ ഭുജ്ബൽ, സുനേത്ര പവാര്‍, സുനില്‍ തത്കരെ
സുനില്‍ തത്കരെക്ക് പുറമെ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ എന്നിവരാണ് അജിത് വിഭാഗത്തിലെ കൊമ്പന്മാര്‍. ബിജെപിയുടെ ആശീര്‍വാദത്തോടെ സുനേത്രയെ വേഗത്തില്‍ മുഖ്യമന്ത്രി പദത്തിലെത്തിച്ചും ഇവരാണ്. ഇവര്‍ക്കാകട്ടെ ശരത് പവാര്‍ വരുന്നതിനോട് അത്ര താത്പര്യവുമില്ല. കാരണം മറ്റൊന്നുമല്ല, വേറൊരു അധികാര കേന്ദ്രം കൂടി വരുന്നത് തന്നെയാണ്. അതും ശരത് പവാറിനെപ്പോലൊരു നേതാവ്.
എന്‍സിപിയില്‍ വേറെയും നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഉപമുഖ്യമന്ത്രിയായുള്ള സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മൂത്ത മകന്‍ പാര്‍ഥ് പവാര്‍ വിട്ടുനിന്നതാണ് അതിലൊന്ന്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ പാര്‍ഥ് പവാര്‍ പോയത് ശരത് പവാറുമായും സുപ്രിയ സുലെയുമായും ചര്‍ച്ച നടത്താന്‍. അടച്ചിട്ട മുറിയിൽ പാർത്ഥ് പവാർ ചർച്ച നടത്തുകയും ചെയ്തു. പാർത്ഥിന്റെ ഈ നീക്കത്തിന് പിന്നിലെന്തെന്ന് വ്യക്തമല്ലെങ്കിലും ഒരു പിളര്‍പ്പിന് സാധ്യത കാണുന്നവരും കുറവല്ല.
Adjust Story Font
16
