Quantcast

ചാരിറ്റിക്ക് പിന്നിലെ അപകടങ്ങൾ

ഒരിക്കൽ കാനഡയിൽ ഒരു പാർക്കിൽ കുറച്ചു കോളജ് വിദ്യാർത്ഥികൾ ഒരു ടാബ്ലറ്റുമായി എന്‍റെ അടുത്തെത്തി

MediaOne Logo
ചാരിറ്റിക്ക് പിന്നിലെ അപകടങ്ങൾ
X

കാനഡയിലെത്തി ആദ്യ ജോലിയിൽ വച്ചാണ് സെർബിയൻ വനിതയായ ക്രിസ്റ്റീനിയെ ഞാൻ പരിചയപ്പെടുന്നത്. ബോസ്നീയൻ യുദ്ധ കാലത്ത് ഭർത്താവുമൊത്ത് യൂറോപ്പിലെ പല രാജ്യങ്ങളിലൂടെ സഞ്ചരിച്ചു കാനഡയിൽ നിയമപരമല്ലാതെ കൂടിയേറിയ ഒരു വനിതയാണ് അവർ. സെർബിയയിൽ വെറ്റിനറി ഡോക്ക്റ്റർ ആയിരുന്നു അവർ. അവർ അവരുടെ കഥ പറഞ്ഞപ്പോൾ അതൊരു സിനിമയാക്കാൻ മാത്രം ഉണ്ട് എന്ന് എനിക്ക് തോന്നി. അത്ര സംഭവ ബഹുലമാണ് അവരുടെ ജീവിതം. ഒരുപാട് കഷ്ടപ്പാടുകളിലൂടെയും ദുരിതങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും ഒക്കെ കടന്നുപോയ അവർ തന്നെ നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്തിട്ടുമുണ്ട്.

ചാരിറ്റി എന്നതിന്‍റെ മറുവശം അവർ പറഞ്ഞാണ് ഞാൻ അറിയുന്നത്. ചാരിറ്റിക്ക് വേണ്ടി കമ്പനി പണം പിരിക്കുന്ന ഒരു ദിവസം അവർ എന്നോട് ചോദിച്ചു. നമ്മൾ പത്ത് ഡോളർ ചാരിറ്റിക്ക് കൊടുക്കുമ്പോൾ വാസ്തവത്തിൽ എത്ര ഡോളർ കിട്ടേണ്ടവർക്ക് കിട്ടും എന്നാണ് നിങ്ങളുടെ വിചാരം? ഞാൻ പറഞ്ഞു 10 ഡോളർ നൽകിയാൽ ഒരുപക്ഷേ ഒൻപത് ഡോളർ എങ്കിലും അർഹതപ്പെട്ടവർക്ക് കിട്ടാൻ വഴിയുണ്ടല്ലോ. എന്നാൽ അവർ പറഞ്ഞു 10 ഡോളർ നൽകിയാൽ ഒരു ഡോളർ തികച്ച് ആളുകളിലേക്ക് എത്തില്ല എന്നുള്ളതാണ് സത്യം. അവർ പറഞ്ഞ കാര്യങ്ങൾ ഒന്നും അപ്പോൾ ഞാൻ വെള്ളം തൊടാതെ വിഴുങ്ങിയത് ഒന്നുമില്ല .പക്ഷേ പിന്നീട് പലതവണ പല രാജ്യങ്ങളിൽ വെച്ചിട്ട് ഇവർ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണെന്ന് അനുഭവപ്പെട്ടിട്ടുണ്ട്.

എന്‍റെ ഒരു സുഹൃത്ത് ഒരു അമേരിക്കൻ ചാരിറ്റബിൾ ഓർഗനൈസേഷനിൽ ജോലി ചെയ്യുന്ന സമയത്ത് അവിടുത്തെ ഉള്ളറ രഹസ്യങ്ങളെ പറ്റി പലപ്പോഴും പറഞ്ഞിട്ടുണ്ട് . അതിന്‍റെ തലപ്പത്തിരിക്കുന്ന ആളുകൾ വളരെയേറെ വിലകൂടിയ കാറുകൾ വാങ്ങുകയും അതുപോലെതന്നെ ചിന്തിക്കാവുന്നതിന് അപ്പറമുള്ള ജീവിതശൈലികൾ പിന്തുടരുകയും ചെയ്യുന്ന രീതി. ഒരിക്കൽ കാനഡയിൽ ഒരു പാർക്കിൽ കുറച്ചു കോളജ് വിദ്യാർത്ഥികൾ ഒരു ടാബ്ലറ്റുമായി എന്‍റെ അടുത്തെത്തി. ചാരിറ്റിക്ക് വേണ്ടി പണം പിരിക്കുന്ന ഇത്തരക്കാരെ അമേരിക്കയിലും കാനഡയിലും മൂക്കിനും മൂലയിലും കാണാം. ആ പെൺകുട്ടി എന്നോട് പറഞ്ഞു. നോക്കൂ ഇന്ത്യയിലും ആഫ്രിക്കയിലും ഉള്ള ഒരുപാട് ആളുകൾ പട്ടിണി കിടക്കുകയാണ്.അവർക്ക് ഭക്ഷണം എത്തിക്കാൻ വേണ്ടിയിട്ടാണ് ഞങ്ങൾ ഈ പണം പിരിക്കുന്നത്. ഞാൻ അവരോട് പറഞ്ഞു . നിങ്ങൾ ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും പണം അയയ്ക്കുന്നു വളരെ നല്ലത് തന്നെ . പക്ഷേ അതിനുമുമ്പ് നിങ്ങൾ കാനഡയിലെ വാൻകൂവർ ഡൌൺ ടൗണിലെ ഈസ്റ്റ് ഹേയ്സ്റ്റിംഗ് സീറ്റിലൂടെ നടന്നിട്ടുണ്ടോ? റോഡിൽ തുണി വിരിച്ച് കിടന്നുറങ്ങുന്നവരെ കണ്ടിട്ടുണ്ടോ? തെരുവ് നായ്ക്കളെക്കാൾ കഷ്ടമായി തണുപ്പത്ത് പനിച്ചു വിറച്ചു കിടക്കുന്ന നൂറുകണക്കിന് ഭവനരഹിതരായ നിങ്ങളുടെ നാട്ടുകാരെ കണ്ടിട്ടുണ്ടോ?

കൊടും തണുപ്പത്ത് റോഡിൽ കിടന്നുറങ്ങി മരിച്ചു പോകുന്നവരെയും കുപ്പത്തൊട്ടിയിൽ നിന്ന് ഭക്ഷണം വാരി കഴിക്കുന്നവരെയും നിങ്ങൾ കണ്ടിട്ടുണ്ടോ? ന്യൂയോർക്കിലെ പോർട്ട് യൂണിയൻ സ്റ്റേഷനിൽ ആ സ്റ്റേഷനും ചുറ്റും കൂടിയിരിക്കുകയും ബാത്റൂമിൽ വരെ കിടന്നുറങ്ങുകയും ചെയ്യുന്ന ഭവനരഹിതരെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇനി ഇന്ത്യയിലേക്ക് ഭക്ഷണം വാങ്ങാൻ വേണ്ടി പണം അയക്കുമ്പോൾ നിങ്ങൾക്കറിയാമോ, ലോകത്ത് ഏറ്റവും കൂടുതൽ അരിയും പാലും ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ് എന്നുള്ളത്? ലോകത്ത് ഏറ്റവും കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്. അതുപോലെ ഇന്ത്യയിൽ ഭക്ഷണ ദൗർലഭ്യം ഇല്ല എന്നും വിതരണത്തിന്റെ കുഴപ്പം മാത്രമാണ് ഉള്ളത് എന്നും യുണൈറ്റഡ് നേഷൻസ് ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. സമ്പന്ന രാജ്യമായ അമേരിക്കയിലും കാനഡയിലും ആയിരങ്ങൾ തെരുവിൽ അലയുന്നത് എങ്ങനെയാണോ അതുപോലെ തന്നെ, അതേ കാരണങ്ങൾ കൊണ്ട് തന്നെയാണ് ഇന്ത്യയിലും ഈ പറയുന്ന ആളുകൾ പട്ടിണിയിലും പരിവട്ടത്തിലും ദാരിദ്ര്യത്തിലും കഴിഞ്ഞുകൂടേണ്ടിവരുന്നത്.

ആഫ്രിക്കയിലെ പട്ടിണി മാറ്റുവാൻ വേണ്ടിയും അവിടുത്തെ രോഗങ്ങൾ നിർമാർജനം ചെയ്യാൻ വേണ്ടിയും അവിടുത്തെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടിയിട്ടും കോടി കണക്കിന്ന് ഡോളർ മുടക്കുന്ന ലീ ക്കാ ഷെങ്, ബിൽഗേറ്റ്സ്,വാറൻ ബാഫ്റ്റ്,അസിം പ്രേംജി ,സക്കർബർഗ്,സെറീന വില്യംസ്,ജെ കെ റൗളിംഗ്സ് അതുപോലെതന്നെ ആയിരക്കണക്കിന് സംഘടനകളുടെ പണമൊക്കെ എവിടെയാണ് പോകുന്നത്? അവർ മറുപടി ഒന്നും പറഞ്ഞില്ല. നാട്ടിലുള്ള എന്‍റെ പൂർവ പിതാക്കന്മാരെ അവർ കാനഡയിലേക്ക് ആവാഹിച്ച് വരുത്തിയിട്ടുണ്ടാവും.

കഴിഞ്ഞ ദിവസം മൈസൂരിൽ കർണാടകത്തിൽ പീഡനത്തിനിരയാകുന്ന തട്ടിക്കൊണ്ടുപോകുന്ന വിദ്യാർഥികൾക്ക് വേണ്ടിയിട്ട് പണം സ്വരൂപിക്കാൻ വേണ്ടിയിട്ട് ഒരാൾ നിൽക്കുകയാണ്. അയാൾ കാണിക്കുന്ന വീഡിയോകൾ ഒക്കെ ഒട്ടും ജനുവിൻ അല്ല എന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ ചോദിച്ചു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുനിത കൃഷ്ണൻ എന്ന ഒരാളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഏതു സുനിത? അയാൾ ചോദിച്ചു. കൂടുതൽ ചോദ്യം ചെയ്താൽ കാനഡയിൽ കിട്ടുന്ന നല്ല ട്രീറ്റ്മെന്‍റ് ഇവിടെ കിട്ടില്ല എന്നറിയാവുന്നതുകൊണ്ട് ഞാൻ മിണ്ടാതെ സ്ഥലം കാലിയാക്കി.

നമ്മൾ ഉണ്ണുന്നതിനും ഉറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും എല്ലാം ടാക്സ് കൊടുത്ത് സർക്കാരുകളെ തീറ്റിപ്പോറ്റുന്നത് ഗാന്ധിജി പറഞ്ഞപോലെ ഇവിടുത്തെ ഏറ്റവും സാധാരണക്കാരിൽ സാധാരണക്കാരന്‍റെ കണ്ണിലെ കണ്ണീരൊപ്പാൻ വേണ്ടി കൂടിയാണ്. തീർച്ചയായും നമ്മൾ നമുക്ക് പറ്റുന്ന രീതിയിൽ സഹ ജീവികളെ സഹായിക്കുക തന്നെ വേണം. അത് പക്ഷേ സീസണലായി അമ്പലത്തിലും പള്ളികളിലും തെണ്ടാൻ വരുന്നവരെ അല്ല.

അതുപോലെതന്നെയാണ് ഈ ക്രൗഡ് ഫണ്ടിംഗ് . അടുത്തിടെ ഒരു കുട്ടിക്ക് ചികിത്സയ്ക്ക് വേണ്ടിയിട്ട് കേരളം സമാഹരിച്ചു കൊടുത്തത് 13 കോടി രൂപയാണ്. ഈ 13 കോടി എന്ന് പറയുന്നതിന്‍റെ കണക്ക് സർക്കാരിനോ ജനങ്ങൾക്കോ ലഭ്യമാണോ? അത് എന്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്നു? അല്ലെങ്കിൽ ആ ചികിത്സയ്ക്ക് എങ്ങനെയാണ് ഇത്രയധികം പണം ആകുന്നത്? ഈ ചികിത്സയ്ക്ക് ആശുപത്രികൾ എത്രയാണ് ഈടാക്കുന്നത്? ഒരുപാട് ചിന്തിക്കേണ്ട ഒരു വിഷയമാണ്. പക്ഷേ സഹജീവികളെ സഹായിക്കുമ്പോൾ കൃത്യമായി ഒരു കാര്യം ഓർക്കുക .നമുക്ക് ചുറ്റും, നമുക്ക് അറിയാൻ പറ്റുന്നവരെ അറിഞ്ഞു സഹായിക്കുക. ഇങ്ങനെ ഓരോ വ്യക്തിയും ചെയ്താൽ മാത്രമേ പണം എത്തേണ്ട തരത്തിലേക്ക് എത്തുകയുള്ളൂ . ക്രൗഡ് ഫണ്ടിംഗ്,ചാരിറ്റി വ്യവസായം എന്നിവ കുതിരക്കച്ചവടത്തിലും തീവ്രവാദ പ്രവർത്തനത്തിനും വംശീയ വിദ്വേഷം പ്രചരിപ്പിക്കാനും ജനാധിപത്യം അട്ടിമറിക്കപ്പെടാനുമൊക്കെ ഉപയോഗിക്കപ്പെട്ടേക്കാം..

TAGS :

Next Story