Quantcast

ആ വിമാനത്തിനും 239 പേര്‍ക്കും എന്ത് സംഭവിച്ചു? നിഗൂഢതയുടെ വ്യാഴവട്ടം പിന്നിടുമ്പോള്‍

ആധുനിക മനുഷ്യനെ വെല്ലുവിളിക്കുന്ന ഉത്തരമില്ലാത്ത ചോദ്യമായി എംഎച്ച് 370 വിമാനം അപ്രത്യക്ഷമായ സംഭവം തുടരുകയാണ്. ബഹിരാകാശം പിന്നിട്ട് സൗരയൂഥത്തിൻ്റെ അതിര്‍ത്തികള്‍ക്കപ്പുറം പോലും സാങ്കേതിക വിദ്യകള്‍ നീളുന്ന കാലത്ത്, റഡാര്‍ കണ്ണുകള്‍ക്കും ഭൂമിക്ക് കാവല്‍ നില്‍ക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ നിരീക്ഷണങ്ങള്‍ക്കും പിടികൊടുക്കാതെ, ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കാര്യമായ അവശിഷ്ടങ്ങള്‍ ലഭിക്കാതെ, ഒരു പ്രഹേളിക പോലെ ആ വിമാനം എങ്ങോട്ടാണ് അപ്രത്യക്ഷമായത്?

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-22 11:52:17.0

Published:

22 March 2026 5:21 PM IST

The mystery of missing flight MH370
X

2014 മാര്‍ച്ച് 8. ഫ്രഞ്ച് സ്വദേശിയായ ഗിസ്ലെയ്ന്‍ വാട്രെലോസ് ഏറെ സന്തോഷത്തിലായിരുന്നു. ചൈനീസ് തലസ്ഥാനമായ ബൈജിങ്ങില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബിസിനസ് എക്‌സിക്യൂട്ടീവായി ആറ് വര്‍ഷമായി ജോലി ചെയ്യുകയാണ് വാട്രെലോസ്. ഭാര്യ ലോറെന്‍സും 20ഉം 17ഉം വയസുള്ള ആണ്‍മക്കളും 13 വയസുള്ള ഒരു മകളുമാണ് വാട്രെലോസിനുള്ളത്. കുടുംബത്തോടൊപ്പം ബൈജിങ്ങിലാണ് താമസം. ഭാര്യയും മകളും ഇളയ മകനും മലേഷ്യയിലെ ഒരാഴ്ചത്തെ അവധിക്കാല ട്രിപ്പിന് പോയിരിക്കുകയായിരുന്നു. അതേസമയം വാട്രെലോസും മൂത്ത മകനും സ്വദേശമായ ഫ്രാന്‍സിലേക്ക് വന്നു. മാര്‍ച്ച് എട്ടിന് എല്ലാവരും ഒരുമിച്ച് തിരികെ ബൈജിങ്ങിലേക്ക് വരാനായിരുന്നു തീരുമാനം. ഏറെ ദിവസത്തിനു ശേഷം അച്ഛനെ കാണാന്‍ പോകുന്നതിന്റെ സന്തോഷം മകള്‍ തലേന്ന് രാത്രിയും ഫോണിലൂടെ പറഞ്ഞിരുന്നു. പാരീസില്‍ നിന്ന് വാട്രെലോസും, ക്വാലാലംപൂരില്‍ നിന്ന് കുടുംബവും ഒരേസമയം ബൈജിങ് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന വിധത്തിലായിരുന്നു ഇവര്‍ വിമാനങ്ങള്‍ ബുക്ക് ചെയ്തത്. ബൈജിങ്ങില്‍ വിമാനമിറങ്ങിയ വാട്രെലോസിനെ ഫ്രഞ്ച് എംബസിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ കാത്തിരിപ്പുണ്ടായിരുന്നു. അവര്‍ അറിയിച്ച വിവരം കേട്ട് വാട്രെലോസ് ആകെ തകര്‍ന്നുപോയി. 'നിങ്ങളുടെ ഭാര്യയും കുടുംബവും സഞ്ചരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായിരിക്കുന്നു' എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. പിന്നൊയൊരിക്കലും വാട്രെലോസ് തന്റെ ഭാര്യയെയും രണ്ട് മക്കളെയും കണ്ടില്ല. അവര്‍ സഞ്ചരിച്ച വിമാനത്തിന് എന്തുപറ്റിയെന്ന് വിവരമില്ല. അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.

ഗിസ്ലെയ്ന്‍ വാട്രെലോസും കുടുംബവും

'ലോകം നിശ്ചലമായത് പോലെയാണ് എനിക്ക് തോന്നിയത്' -എംഎച്ച് 370നെ കുറിച്ച് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഡോക്യുമെന്ററിയില്‍ വാട്രെലോസ് പറയുന്നു. 'ഒരു വിമാനം അപ്രത്യക്ഷമാകുക! അതെങ്ങനെ സാധ്യമാകുമെന്നാണ് ഞാന്‍ ആലോചിച്ചത്. ആദ്യം കരുതിയത് സ്വപ്‌നം കാണുകയാണെന്നാണ്. സ്വപ്‌നത്തില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പലവട്ടം ശ്രമിച്ചു' -അദ്ദേഹം പറഞ്ഞു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് ഉദ്യോഗസ്ഥരോട് ചോദിച്ചു. അക്കാര്യത്തില്‍ ഒരു വ്യക്തതയുമില്ല, വിമാനം കാണാതായിരിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്. പാരീസില്‍ തുടരുന്ന മൂത്ത മകനെ എങ്ങനെ വിവരമറിയിക്കുമെന്നറിയാതെ ആ പിതാവ് കുഴങ്ങി. 'അവര്‍ ആ വിമാനത്തിലല്ല പറന്നത് എന്ന് പറയൂ എന്നോട്, പ്ലീസ്' എന്നായിരുന്നു മകനെ വിളിച്ചപ്പോള്‍ കരഞ്ഞുകൊണ്ടുള്ള പ്രതികരണം. അതിന് ശേഷം വാട്രെലോസിന്റെ ജീവിതത്തില്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഭാര്യയും മക്കളും മരിച്ചിട്ടില്ല എന്ന് വിശ്വസിപ്പിക്കാന്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് അയാള്‍ എന്നും അവരുടെ ഫോണിലേക്ക് ഗുഡ് നൈറ്റ് അയക്കുമായിരുന്നു. വാട്രെലോസിനെ പോലെ 200ലേറെ കുടുംബങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ ഇന്നും നീറിക്കഴിയുന്നു. ലോകത്തിന് ഇന്നും അജ്ഞാതമാണ്, ആ വിമാനത്തിന് എന്ത് സംഭവിച്ചു എന്നത്.

ഒരു തെളിവും ശേഷിക്കാതെ ഒരു അപ്രത്യക്ഷമാകല്‍

2014 മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12.42. ചൈനയിലെ ബൈജിങ് കാപ്പിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 നമ്പറിലുള്ള ബോയിങ് 777 വിമാനത്തിന് ക്വാലാലംപൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി കൊടുത്തു. അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളും അതില്‍ ഉണ്ടായിരുന്നു. സഹരി അഹ്മദ് ഷാ ആയിരുന്നു പൈലറ്റ് ഇന്‍ കമാന്‍ഡ്. മലേഷ്യന്‍ എയര്‍ലൈന്‍സിലെ ഏറ്റവും മുതിര്‍ന്ന ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഫാരിഖ് ഹമീദ് എന്ന 27കാരനായിരുന്നു ഫ്‌ലൈറ്റിലെ ഫസ്റ്റ് ഓഫിസര്‍. ആറ് മണിക്കൂര്‍ യാത്രക്ക് ശേഷം പുലര്‍ച്ചെ 6.30ഓടെയാണ് വിമാനം ബൈജിങ്ങില്‍ ഇറങ്ങേണ്ടത്. ക്വാലാലംപൂരില്‍ നിന്ന് പറന്നുയര്‍ന്ന് 40ാം മിനിട്ടില്‍ വിമാനം മലേഷ്യന്‍ വ്യോമാതിര്‍ത്തി പിന്നിട്ടു. ദക്ഷിണ ചൈനാ കടലിന് മുകളില്‍ വിയറ്റ്‌നാമിന്റെ വ്യോമാതിര്‍ത്തിയിലേയ്ക്ക് പ്രവേശിക്കവേ ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായുടെ സന്ദേശം ലഭിച്ചു. 'ഗുഡ് നൈറ്റ്, മലേഷ്യന്‍ ത്രീ സെവന്‍ സീറോ' എന്നു പറഞ്ഞായിരുന്നു അദ്ദേഹം സൈന്‍ഓഫ് ചെയ്തത്. അല്‍പ്പസമയത്തിനുള്ളില്‍ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. ട്രാന്‍സ്പോണ്ടര്‍ ഓഫായി. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന സൂചനകളൊന്നും എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ചിരുന്നില്ല. കാലാവസ്ഥ പൊതുവില്‍ ശാന്തവുമായിരുന്നു. പുലര്‍ച്ചെ 1.30ഓടെ മലേഷ്യന്‍ സൈന്യവും സിവില്‍ റഡാറും ചേര്‍ന്ന് വിമാനത്തെ ട്രാക്ക് ചെയ്യാന്‍ ശ്രമിച്ചു. വിമാനം ദിശമാറി പറക്കുന്നതാണ് റഡാറില്‍ പതിഞ്ഞത്. വടക്കു കിഴക്കുള്ള ബൈജിങ്ങിന്റെ ഭാഗത്തേക്കു പോകാതെ തെക്കു പടിഞ്ഞാറു മലേഷ്യന്‍ അര്‍ധദ്വീപിന്റെ ഭാഗത്തേക്കു തിരിഞ്ഞു. പിന്നീട് വടക്കു പടിഞ്ഞാറു ഭാഗത്തേക്കു മാറി മലാക്ക കടലിടുക്കിനു മുകളിലൂടെ മുന്നോട്ടു പോവുകയും ചെയ്തു. പുലര്‍ച്ചെ 2.22ന് ആന്‍ഡമാന്‍ കടലിന് മുകളില്‍ വെച്ച് മലേഷ്യന്‍ മിലിട്ടറിയുടെ റഡാറില്‍ നിന്നും വിമാനം മാഞ്ഞു.

വ്യാപക തെരച്ചില്‍, നിരാശ മാത്രം ഫലം

വിമാനം അപ്രത്യക്ഷമായതോടെ മലേഷ്യന്‍ അധികൃതര്‍ വ്യാപക തെരച്ചലിന് നിര്‍ദേശം നല്‍കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. എന്ത് സംഭവിച്ചതാണെന്ന് ഉടന്‍ കണ്ടെത്തണം. ദക്ഷിണ ചൈനാക്കടലില്‍ വിമാനത്തിനായി ആദ്യ തിരച്ചിലുകള്‍ക്ക് തുടക്കമിട്ടു. ഇത് ആന്‍ഡമാന്‍ കടലിലേക്കും മലാക്ക കടലിടുക്കിലേക്കും വ്യാപിപ്പിച്ചു. എന്നാല്‍, നിരാശ മാത്രമായിരുന്നു ഫലം. ഇന്‍മാര്‍സാറ്റ് എന്ന സാറ്റലൈറ്റില്‍ വിമാനത്തിന്റെ അവസാന സ്ഥാനം അതിനിടെ കണ്ടെത്തി. അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് വിമാനം ഉണ്ടായിരുന്നത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലായിരുന്നു എന്നാണ് ഈ വിവരം വ്യക്തമാക്കിയത്. ഇതോടെ, വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണിരിക്കാമെന്ന നിഗമനത്തിലെത്തി അധികൃതര്‍. വിമാനം സഞ്ചരിക്കാന്‍ സാധ്യതയുള്ള ദിശകളിലേക്കെല്ലാം തെരച്ചില്‍ വ്യാപിപ്പിച്ചു. ജാവയില്‍ നിന്ന് തെക്കോട്ട് ആസ്‌ത്രേലിയയുടെ തെക്കു പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും മറ്റൊന്ന് വിയറ്റ്‌നാമില്‍ നിന്ന് തുര്‍ക്ക്‌മെനിസ്താന്‍ വരെയും അവിടെനിന്ന് ഏഷ്യയുടെ വടക്ക് ഭാഗത്തേക്കും ആയിരുന്നു അത്. തുടര്‍ന്ന് തിരച്ചില്‍ മേഖല ആസ്ത്രേലിയയുടെ തെക്കു പടിഞ്ഞാറ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും തെക്കുകിഴക്കന്‍ ഏഷ്യയിലേക്കും, പടിഞ്ഞാറന്‍ ചൈനയിലേക്കും, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും, മധ്യേഷ്യയിലേക്കും വ്യാപിപ്പിച്ചു. 26 രാജ്യങ്ങള്‍ തെരച്ചിലിന്റെ ഭാഗമായി. കപ്പലുകളും വിമാനങ്ങളും സമുദ്രം അരിച്ചുപെറുക്കി. കാര്യമായ തെളിവുകളൊന്നും ലഭിക്കാതെ അവയെല്ലാം അവസാനിപ്പിക്കേണ്ടിവന്നു. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തെരച്ചിലായിരുന്നു എംഎച്ച് 370ന് വേണ്ടി നടത്തിയത്. ആകെ 150 ദശലക്ഷം യുഎസ് ഡോളര്‍ തെരച്ചിലിനായി ചെലവാക്കിയെന്നാണ് കണക്കാക്കുന്നത്.

ദുരൂഹതകള്‍, ഗൂഢാലോചനാ കഥകള്‍

വിമാനം അപ്രത്യക്ഷമായതിന് പിന്നാലെ ഒട്ടനവധി കഥകള്‍ പ്രചരിച്ചു. വിമാനം സ്‌ഫോടനത്തില്‍ തകര്‍ത്തിരിക്കാമെന്നതു തൊട്ട് അന്യഗ്രഹ ജീവികള്‍ തട്ടിക്കൊണ്ടുപോയതാവാം എന്നുവരെ കഥകള്‍ വന്നു. വിമാനം മിസൈല്‍ പ്രയോഗം നടത്തി വീഴ്ത്തിയതാണെന്നും ഹൈജാക്ക് ചെയ്ത് ഇടിച്ചിറക്കിയതാണെന്നും ഇന്ധനം തീര്‍ന്നതാണെന്നുമൊക്കെ 'സിദ്ധാന്തങ്ങളും' അതിനിടെ ഉയര്‍ന്നു വന്നു. ഒന്നിനും അടിസ്ഥാനമുണ്ടായിരുന്നില്ല. മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു. പൈലറ്റ് മനഃപൂര്‍വം വിമാനത്തിന്റെ ഗതിമാറ്റിയതായിരിക്കുമെന്ന് വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റുമാരുടെ പശ്ചാത്തലവും സാമ്പത്തിക ഇടപാടുകളും പരിശീലന ചരിത്രവും മാനസിക നിലയുമടക്കം പഠനവിധേയമാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ അത് തള്ളി. വിമാനം അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് 2015ലും 2016ലും ഇടക്കാല റിപ്പോര്‍ട്ട് പുറത്തുവിട്ട മലേഷ്യന്‍ സര്‍ക്കാര്‍ 2018 ജൂലൈ 30ന് അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. വിമാനം മനഃപൂര്‍വം ദിശമാറ്റിയതാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്. എന്നാല്‍, ഇത് പൈലറ്റ് ചെയ്തതാണോ അതോ മറ്റൊരു മൂന്നാംകക്ഷി ചെയ്തതാണോയെന്ന് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൈലറ്റുമാര്‍ക്ക് ബോധം നഷ്ടപ്പെടുന്ന ഫ്ലൈറ്റ് ഹൈപോക്‌സിയ എന്നൊരു സാഹചര്യമുണ്ടായിരിക്കാമെന്നും തുടര്‍ന്ന് വിമാനം ഓട്ടോ പൈലറ്റ് മോഡില്‍ സഞ്ചരിച്ചതാകാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.





പലയിടങ്ങളിലായി അവശിഷ്ടങ്ങള്‍

എംഎച്ച് 370ന്റേത് ആണെന്നു കരുതുന്ന 62 അവശിഷ്ടങ്ങളാണ് സമുദ്രത്തില്‍ നിന്ന് കണ്ടെത്തിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് 2015ല്‍ പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപിനരികില്‍ കണ്ടെത്തിയ വിമാനച്ചിറകിലെ ഭാഗമാണ്. പിന്നീട് മൊസാംബിക്, മൗറീഷ്യസ്, ടാന്‍സാനിയ, ദക്ഷിണാഫ്രിക്ക, മഡഗാസ്‌കര്‍ തുടങ്ങിയ മേഖലയില്‍ നിന്നെല്ലാം അവശിഷ്ടങ്ങള്‍ ലഭിച്ചു. ഇതില്‍ 43 എണ്ണം എംഎച്ച് 370ന്റേത് ആണെന്ന് സ്ഥിരീകരിച്ചപ്പോള്‍ 19 എണ്ണം ഇതിന്റേതാകാന്‍ സാധ്യത മാത്രമാണുള്ളത്. രണ്ട് അവശിഷ്ടങ്ങള്‍ വിമാനത്തിന്റെ കാബിനില്‍ നിന്നുള്ളതായിരുന്നു. ഇത് വിമാനം തകര്‍ന്നതാകാമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ വായുവില്‍ നിന്ന് തകര്‍ന്ന് സമുദ്രത്തില്‍ വീണതാണോ അതേ സമുദ്രത്തില്‍ വീണ് തകര്‍ന്നതാണോ എന്ന വ്യക്തതയുണ്ടായില്ല. റീയൂണിയന്‍ ദ്വീപില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ലഭിച്ച അവശിഷ്ടങ്ങളുടെ പഠനത്തില്‍ വിമാനം സമുദ്രത്തിലേക്ക് കുത്തനെ ഇടിച്ചിറങ്ങിയെന്ന നിഗമനത്തിലേക്കാണ് അധികൃതര്‍ എത്തിയത്. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്നെ വീണിരിക്കാമെന്നും ശക്തമായ ഒഴുക്ക് അവശിഷ്ടങ്ങളെ ആഫ്രിക്കന്‍ ഭാഗങ്ങളിലേക്ക് കൊണ്ടുപോയതാകാമെന്നും വിലയിരുത്തലുണ്ടായി. ചില നിഗമനങ്ങളിലേക്ക് എത്തിയതല്ലാതെ ഇതുവരെയും വിമാനത്തിന് യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാവുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല.

വോയിസ് 370 കൂട്ടായ്മ

ഒരു അടയാളം പോലും അവശേഷിക്കാതെ കാണാതായ 239 പേരുടെ കുടുംബങ്ങളും സുഹൃത്തുക്കളും ചേര്‍ന്നുള്ള കൂട്ടായ്മയാണ് വോയിസ് 370. ഓരോ തവണ അന്വേഷണം അവസാനിപ്പിക്കുമ്പോഴും വീണ്ടും നടത്താന്‍ സമ്മര്‍ദം ചെലുത്തുന്നതും ഇവര്‍ തന്നെ. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്തുസംഭവിച്ചെന്ന് അറിയണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഓരോ മാര്‍ച്ച് എട്ടിനും ഇവര്‍ കാണാതായവരുടെ ഓര്‍മപുതുക്കുന്നു. വിമാനത്തിന്റെ കാണാതാകലിനെക്കുറിച്ച് സര്‍ക്കാരുകളും വിമാനക്കമ്പനികളും തുറന്നുപറയണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഔദ്യോഗിക തെരച്ചില്‍ അവസാനിച്ചിട്ടും, പുതിയ അന്വേഷണങ്ങള്‍ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ഒപ്പം, കാണാതായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ഉറപ്പാക്കുന്നു.

ഒടുവില്‍ തെരച്ചില്‍ അവസാനിപ്പിച്ച് ഓഷ്യന്‍ ഇന്‍ഫിനിറ്റിയും

യുഎസിലെ ടെക്‌സസ് ആസ്ഥാനമായുള്ള സമുദ്ര പര്യവേഷണ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി 2018 മുതലാണ് എംഎച്ച് 370ക്ക് വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായത്. കോടികള്‍ ചെലവഴിച്ചുള്ള തെരച്ചിലുകള്‍ക്കൊടുവില്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റിക്ക് മുന്നില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഒരു നിബന്ധന വെച്ചിരുന്നു. കടലില്‍ തിരച്ചിലിന് അനുമതി നല്‍കാം, എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ മാത്രമേ പ്രതിഫലം നല്‍കൂ എന്നായിരുന്നു അത്. ആ വെല്ലുവിളി അവര്‍ ഏറ്റെടുത്തു. ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) 1.2 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രത്തില്‍ തെരഞ്ഞിട്ടും ഒന്നും കണ്ടെത്തിയിരുന്നില്ല. സോണാര്‍ മാപ്പിങ്, റോബോട്ടിക് സെര്‍ച് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഓഷ്യന്‍ ഇന്‍ഫിനിറ്റി 1.4 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സമുദ്രത്തില്‍ അരിച്ചുപെറുക്കി. ആര്‍മാഡ എന്ന കപ്പലും ഹഗിന്‍ എന്ന റോബോട്ടും ഉപയോഗിച്ചായിരുന്നു തെരച്ചില്‍. വിമാനം കണ്ടെത്താന്‍ ഏറെ സാധ്യതയുള്ള തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെവന്‍ത് ആര്‍ക് എന്ന് വിളിക്കുന്ന മേഖലയിലായിരുന്നു തെരച്ചില്‍. എന്നാല്‍, കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന്, എംഎച്ച് 370 അപ്രത്യക്ഷമായതിന്റെ 12ാം വാര്‍ഷികത്തില്‍ കാര്യമായ തെളിവൊന്നും ലഭിക്കാതെ തങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി സിഇഒ ഒലിവര്‍ പ്ലങ്കറ്റ് പ്രഖ്യാപിച്ചു.

ആധുനിക മനുഷ്യനെ വെല്ലുവിളിക്കുന്ന ഉത്തരമില്ലാത്ത ചോദ്യമായി എംഎച്ച് 370 വിമാനം അപ്രത്യക്ഷമായ സംഭവം തുടരുകയാണ്. ബഹിരാകാശം പിന്നിട്ട് സൗരയൂഥത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് വരെ സാങ്കേതിക വിദ്യകള്‍ നീളുമ്പോഴും റഡാര്‍ കണ്ണുകള്‍ക്കും ഭൂമിക്ക് കാവല്‍ നില്‍ക്കുന്ന നൂറുകണക്കിന് ഉപഗ്രഹങ്ങളുടെ നിരീക്ഷണങ്ങള്‍ക്കും പിടികൊടുക്കാതെ, ഒരു വ്യാഴവട്ടം പിന്നിട്ടിട്ടും കാര്യമായ അവശിഷ്ടങ്ങള്‍ ലഭിക്കാതെ, ഒരു പ്രഹേളിക പോലെ ആ വിമാനം എങ്ങോട്ടാണ് അപ്രത്യക്ഷമായത്?

TAGS :

Next Story