വിശന്നൊട്ടിയ വയറുകള്‍ക്ക് അന്നം പകരുന്നവന്‍; ഹാബിലിന്റെ സ്നേഹപൊതികള്‍...
'വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ബാപ്പാന്റെ പ്രായമുള്ള ആ മനുഷ്യന്‍ പൊതിച്ചോര്‍ എന്റെ കയ്യിന്ന് വാങ്ങി. തിരിച്ച് അദ്ദേഹത്തോട് എന്തു പറയണമെന്ന് അറിയാതെ എനിക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു'

- Updated:
2025-08-27 10:27:36.0

'മോനെ... രണ്ട് ദിവസമായി ഞാന്‍ ഭക്ഷണം കഴിച്ചിട്ട്... വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ബാപ്പാന്റെ പ്രായമുള്ള ആ മനുഷ്യന്‍ പൊതിച്ചോര്‍ എന്റെ കയ്യിന്ന് വാങ്ങി. തിരിച്ച് അദ്ദേഹത്തോട് എന്തു പറയണമെന്ന് അറിയാതെ എനിക്ക് നോക്കി നില്‍ക്കാനെ കഴിഞ്ഞുള്ളു'
'വിശപ്പ്' എന്ന മൂന്ന് അക്ഷരത്തെക്കുറിച്ച് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹാബില്‍ അഹമ്മദിന് പറഞ്ഞാലും പറഞ്ഞാലും തീരാത്ത അനുഭവങ്ങള്‍ പറയാനുണ്ട്. എന്നും ഹാബില്‍ എത്തുന്നതും കാത്തിരിക്കുന്ന നൂറോളം മനുഷ്യരുണ്ട് കോഴിക്കോട്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ബസ് സ്റ്റാന്‍ഡിലും അങ്ങനെയങ്ങനെ കോഴിക്കോടിന്റെ തെരുവോരങ്ങളില്‍ ഹാബിലിന്റെ സ്‌കൂട്ടറും കാത്തിരിക്കുകയാണ് അവര്‍.
കോട്ടപ്പറമ്പത്തെ ജനകീയ ഹോട്ടലിന് മുന്നില്‍ ഹാബില്‍ അഹമ്മദ് സി.പി
2020 ലാണ് ആദ്യമായി വീട്ടില്‍ നിന്ന് ഉമ്മയുടെയും വല്യമ്മയുടെയും സ്‌നേഹം നിറഞ്ഞ പൊതിച്ചോര്‍ ഹാബില്‍ വിശന്നിരിക്കുന്നവരിലേക്ക് എത്തിച്ചത്. വിശപ്പിന്റെ വിളി കേള്‍ക്കുന്നിടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ചെത്തുന്ന ചെറുപ്പക്കാരന്‍ വേഗം തന്നെ ആളുകളുടെ മനസ്സിലേക്ക് എത്തി. പിന്നീട് വിശപ്പ് ശമിപ്പിക്കാനുള്ള ആ ഒറ്റയാള്‍ പോരാട്ടത്തിന് ചെറിയ ചെറിയ പിന്തുണ കിട്ടി തുടങ്ങി.
പണമായി പലരും സഹായിക്കാനെത്തി. എന്നാല്‍ പണം കൈനീട്ടി വാങ്ങാന്‍ ഹാബില്‍ തയ്യാറായില്ല. പകരം കോട്ടപറമ്പത്തെ ജനകീയ ഹോട്ടലിന്റെ നമ്പര്‍ നല്‍കി. പണം ഹോട്ടലിലെ ചേച്ചിമാരുടെ നമ്പറിലേക്ക് അയക്കാം. 30 രൂപയാണ് അവിടെ ഊണിന്. കാറ്ററിങ് ജോലിയുടെ ഇടവേളകളില്‍ പൊതിച്ചോറും ശേഖരിച്ച് വിശന്നിരിക്കുന്നവരെ തേടി ഹാബിലിറങ്ങും. ആദ്യ ഘട്ടത്തില്‍ ഒരുപാട് പേര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനൊന്നും ഹാബിലിനെ തളര്‍ത്താന്‍ കഴിഞ്ഞില്ല. വീട്ടുകാരും കുറെ നല്ല മനുഷ്യരും പിന്തുണ നല്‍കി. അങ്ങനെയങ്ങനെ കോഴിക്കോടിന്റ വിശപ്പ് ശമിപ്പിക്കാനുള്ള ഈ ചെറുപ്പക്കാരന്റ ഓട്ടത്തിന് ഇന്നേക്ക് അഞ്ചു വര്‍ഷമായി.
പ്രിയപ്പെട്ടവരുടെ പിറന്നാളിനും ഓര്‍മ ദിനത്തിലും വരെ ഇന്ന് പലരും ഹാബിലിനെ തേടിയെത്തുന്നു. അവര്‍ക്ക് എല്ലാം ഹാബില്‍ നല്‍കുന്നത് ജനകീയ ഹോട്ടലിലെ നമ്പര്‍. വിളിച്ചേല്‍പ്പിക്കുന്ന ഭക്ഷണം കൊണ്ട് ഇന്ന് വിശന്നിരിക്കുന്ന ഒരുപാട് മനുഷ്യരുടെ വയര്‍ നിറയ്ക്കാന്‍ കഴിഞ്ഞു. കൂടാതെ ഹോട്ടലിലും കല്യാണ വീടുകളിലും ബാക്കി വരുന്ന ഭക്ഷണവും ശേഖരിച്ച് സ്‌നേഹത്താല്‍ പൊതിഞ്ഞ് കാത്തിരിക്കുന്നവരുടെ കൈകളിലേക്കും എത്തിക്കുന്നു. സ്‌പോണ്‍സര്‍മാര്‍ കൂടിയ ശേഷം ഭക്ഷണം മാത്രമല്ല, നിര്‍ധനരായ കുടുംബങ്ങളിലേക്ക് ഭക്ഷണ കിറ്റുകളും മരുന്നുകളും ഹാബില്‍ എത്തിക്കുന്നുണ്ട്.
' അസുഖത്തിന്റെ വയ്യായ്മയില്‍ പോലും വീട്ടില്‍ എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല. എന്നെ കാത്തിരിക്കുന്ന മനുഷ്യരുടെ വിശപ്പ് എന്റെ അസുഖത്തിന്റെ അവശതകള്‍ക്ക് അപ്പുറമാണ്. അതെനിക്ക് നന്നായി അറിയാം. ലോകത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയാണ് വിശപ്പ്. ഞാന്‍ അതെന്റെ കുട്ടിക്കാലത്ത് അറിഞ്ഞതാണ്. അന്ന് എനിക്കും എന്റെ കുടുംബത്തിനും ആരുടെയൊക്കെയോ കരുണ ലഭിച്ചിരുന്നു. ഇന്ന് എന്നിലൂടെ അത് ഞാന്‍ മറ്റുള്ളവരിലേക്ക് തിരിച്ചു നല്‍കുന്നു'
ഹാബിലിന്റെ വണ്ടിയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ അവര്‍ക്ക് അറിയാം. എല്ലാവരും അനുസരണയോടെ ക്യൂവില്‍ നില്‍ക്കും. വെയിലെന്നോ മഴയെന്നോ അവര്‍ക്കില്ല. ഭക്ഷണപ്പൊതി കൈനീട്ടി വാങ്ങുമ്പോള്‍ ചിലരുടെ കണ്ണ് നിറയും. ഹാബിലിനെ നന്ദിയോടെ നോക്കും. ചിലര്‍ ഹാബിലിനായി പ്രാര്‍ത്ഥിക്കും. ഓരോ ഉരുള വായിലേക്ക് ഇടുമ്പോഴും ചിലര്‍ വാത്സല്യത്തോടെ ചോദിക്കും ' മോന്‍ കഴിച്ചതാണോ...' മതം, ജാതി, ഭാഷ, പ്രേദേശം എല്ലാത്തിനുമപ്പുറം വിശപ്പിന്റെ ശമനം.
'വിശപ്പിന്റെ വിളി അറിഞ്ഞവര്‍ക്ക് ഒരിക്കലും ഭക്ഷണം പാഴാക്കാന്‍ കഴിയില്ല. വിശന്നിരിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ നമ്മള്‍ വയറു നിറച്ച ഭക്ഷണം കഴിക്കരുത് എന്നാണ് കുഞ്ഞുന്നാള്‍ മുതല്‍ പഠിച്ചത്. ആരും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടരുത്. കോഴിക്കോട് നഗരത്തില്‍ മാത്രമല്ല, ലോകത്ത് എവിടെയും ഭക്ഷണം എത്തിക്കാന്‍ കഴിയണം എന്നാണ് എന്റെ ആഗ്രഹം. അതിനാല്‍ യുദ്ധകൊതിയാല്‍ വിറളിപൂണ്ടു നടക്കുന്ന മനുഷ്യര്‍ക്കിടയില്‍ വിശന്നു കരയുന്ന ഗസ്സയിലെ കുഞ്ഞുങ്ങള്‍ എന്റെ കണ്ണ് നിറയ്ക്കാറുണ്ട്. നാളെ നേരം പുലരുമ്പോള്‍ എല്ലാം അവസാനിച്ചു സമാധാനം പടരണമേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കും '
സ്വന്തമായി ഒരു ഫ്രീ ഫുഡ് റെസ്റ്റോറന്റ് തുടങ്ങണമെന്നാണ് ഹാബിലിന്റെ ആഗ്രഹം. ആശയം വളരെ കൃത്യമാണ്. ഒരുപാട് ഹോട്ടലുകള്‍ ഇന്ന് ഓരോ ജില്ലയിലും ഉണ്ട്. അവിടെ എല്ലാം ഭക്ഷണം ബാക്കി ആവാറുണ്ട്. അവ ശേഖരിച്ച് വിതരണം ചെയ്യുക. എന്നാല്‍ ഹാബിലിന് അറിയാം. ഈ ആഗ്രഹം പറയുന്ന പോലെ അത്ര എളുപ്പമല്ലെന്ന്. മത്സരാധിഷ്ഠിതമായ ഹോട്ടല്‍ വ്യവസായത്തിനു മുന്നിലേക്ക് ഫ്രീ ആയി ഭക്ഷണം നല്‍കുന്ന റെസ്റ്റോറന്റിന് എത്രത്തോളം നിലനില്‍പ്പ് ഉണ്ടാകുമെന്ന് പറയാന്‍ കഴിയില്ല.
കടമ്പകള്‍ എറെയാണ്. എന്നാല്‍ ആഗ്രഹം സഫലമാകുമെന്ന പ്രതിക്ഷ തന്നെയാണ് ഹാബിലിന്റെ മനസ്സില്‍. ആരുടെയും സഹായം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിട്ടല്ല. തന്റെ ഫ്രീ ഫുഡ് എന്ന ആശയം ഹാബില്‍ പ്രാവര്‍ത്തികമാക്കിയത്. എന്നാല്‍ ഇന്ന് ഹാബിലിനൊപ്പം ഒരുപാട് പേരുണ്ട്. വിശക്കുന്നവര്‍ക്കായി ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ഹാബിലിനൊപ്പം ചേരുന്നവരുണ്ട്. അതിനാല്‍ ഈ ആഗ്രഹവും സഫലമാകും എന്ന പ്രതീക്ഷ തന്നെയാണ് ഈ യുവാവിന്.
കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളിലോ കല്യാണ വീടുകളിലോ മറ്റ് ഫംഗ്ഷനുകളിലോ ബാക്കിയാകുന്ന ഭക്ഷണങ്ങള്‍ ഇനി ആരും പാഴാക്കരുത്. വിളിച്ചാല്‍ ഹാബില്‍ ഓടിയെത്തും, ഭക്ഷണം ശേഖരിച്ച് അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കും. അതുപോലെ ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്കും ഹാബിലിന്റെ നമ്പറിലേക്ക് വിളിക്കാം. (73063 47014)
Adjust Story Font
16
