Quantcast

വി എസ്; സമരപോരാട്ടത്തിന്റെ മനുഷ്യരൂപം

വിഎസ്, കേരള രാഷ്ട്രീയത്തിലെ അപൂർവതയായിരുന്നു, കമ്മ്യൂണിസ്റ്റെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും. പുന്നപ്ര വയലാർ സമരത്തിനിടെ ഭരണകൂടം ബയണറ്റ് കുത്തി കയറ്റിയ കാലുമായി ആ സഖാവ് നടന്ന നടപ്പ് രാഷ്ട്രീയ കേരള ചരിത്രത്തിലെ വലിയൊരേടാണ്

MediaOne Logo
വി എസ്; സമരപോരാട്ടത്തിന്റെ മനുഷ്യരൂപം
X

തീഷ്ണമായ രാഷ്ട്രീയ അനുഭവങ്ങളായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. പാർട്ടിക്കുള്ളിലും, പാർട്ടിക്ക് പുറത്തുമുള്ള തന്റെ എതിരാളികളെ വി എസ് നിശ്ചയിച്ചതും ആ അനുഭവ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. കർക്കശക്കരാനായ പാർട്ടി നേതാവായിരിക്കുമ്പോഴും പാർട്ടിയിലെ അധികാര മൽസരത്തിൽ തന്ത്രങ്ങൾ പയറ്റുമ്പോഴും സ്ഥാപിത താൽപര്യക്കാരെ എതിരിടുമ്പോഴും വിഎസ്സിന്റെ പ്രത്യയശാസ്ത്രം പുന്നപ്ര വയലാർ സമരം മുതൽ ആർജ്ജിച്ചെടുത്ത അനുഭവങ്ങളായിരുന്നു. ആ അനുഭവങ്ങളെ, പോരാട്ട വീര്യങ്ങളെ ജ്വലിപ്പിച്ചത് സമത്വം ഉള്ള ഒരു സമൂഹം ഉടലെടുക്കുമെന്ന മാർകിസ്റ്റ് ദർശനം നൽകിയ പ്രതീക്ഷകളുമായിരുന്നു.

വിഎസ്, കേരള രാഷ്ട്രീയത്തിലെ അപൂർവതയായിരുന്നു, കമ്മ്യൂണിസ്റ്റെന്ന നിലയിലും ഭരണാധികാരിയെന്ന നിലയിലും. പുന്നപ്ര വയലാർ സമരത്തിനിടെ ഭരണകൂടം ബയണറ്റ് കുത്തി കയറ്റിയ കാലുമായി ആ സഖാവ് നടന്ന നടപ്പ് രാഷ്ട്രീയ കേരള ചരിത്രത്തിലെ വലിയൊരേടാണ്. ആവർത്തിക്കാൻ ഇടയില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് ജീവിതം കുറിച്ചിട്ട അസാധാരണമായ ചരിത്രം

പന്ത്രണ്ട് വർഷം സിപിഎം പാർട്ടി സെക്രട്ടറി, ഒന്നരദശാബ്ദം പ്രതിപക്ഷ നേതാവ് അഞ്ചുവര്ഷക്കാലം മുഖ്യമന്ത്രി... ഇങ്ങനെ വേണമെങ്കിൽ വിഎസ്സിന്റെ രാഷ്ട്രീയ ജീവിതത്തെ ചുരുക്കിയെഴുതാം. എന്നാൽ ഈ പദവികളിൽ ഇരുന്ന് അദ്ദേഹം പറഞ്ഞതും ചെയ്തതും, ചെയ്യാൻ ആഗ്രഹിച്ചതുമായ കാര്യങ്ങൾ ഉണ്ട്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഗതി നിർണയിച്ച കാര്യങ്ങൾ.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം 90കൾ വരെയെങ്കിലും വിഎസ് കർക്കശക്കാരനായ പാർട്ടിക്കാരനായിരുന്നു. പാർട്ടിയിലെ അധികാരമൽസരത്തിൽ ഒരുവശത്ത് എന്നും പോരടിച്ചുകൊണ്ടിരുന്ന നേതാവ്. രാഷ്ട്രീയ എതിരാളികൾക്കും വിമർശകർക്കും ഒരു പരിഗണനയും നൽകാത്ത കർക്കശക്കാരൻ. മുഖ്യമന്ത്രിയായേക്കുമെന്ന് കരുതിയ ഒരു തിരഞ്ഞെടുപ്പിൽ മാരാരിക്കുളത്ത് നേരിട്ട തോൽവി, വിഎസ്സിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. തിരിച്ചടികളോ പിന്നിൽ നിന്നുള്ള കുത്തുകളോ മറക്കാത്ത വിഎസ് പാലക്കാട് സിപിഎം സമ്മേളനത്തിൽ സിഐടിയു നേതാക്കളെ 'തോൽപ്പിച്ചാണ്' പകരം വീട്ടിയത്.

പാർട്ടിയിലെ സർവാധികാരിയായി വിഎസ് തുടർന്ന കാലം. എന്നാൽ ചടയൻ ഗോവിന്ദന് ശേഷം പിണറായി വിജയനെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കിയതോടെ എല്ലാ അർത്ഥത്തിലും സിപിഎം മാറി. വിഎസ്സിന്റെ പാർട്ടിയിലെ സ്വാധീനവും കുറഞ്ഞു. അക്കാലത്ത് പാർട്ടിയിലെ പുതിയ എതിരാളികൾക്കെതിരെ യുദ്ധത്തിന് വി എസ്സിന് വീണു കിട്ടിയ പ്രത്യയശാസ്ത്രായുധമായിരുന്നു 'നാലാം ലോകം'. ഡോ. എം പി പരമേശ്വരന്റെ ആശയത്തിന് പാർട്ടിയിലും ആരാധകരുണ്ടെന്ന് തിരിച്ചറിഞ്ഞ വിഎസ് യുദ്ധം ശക്തമാക്കി. അതൊരു മറയുദ്ധമായിരുന്നു. ലക്ഷ്യം പാർട്ടി നേതൃത്വമായിരുന്നു. മലപ്പുറം സമ്മേളനത്തിൽ പക്ഷെ ഹർകിഷൻസിങ് സുർജിത്തിന്റെ കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ വിഎസ്സിന്റെ ചിറകരിയപ്പെട്ടു. വി എസ് പാർട്ടി കമ്മിറ്റിയിലേക്ക് മൽസരിപ്പിച്ച ഒമ്പതു പേരും തോറ്റു. പിണറായി പാർട്ടിയിലെ സർവാധികരിയായി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉൾപാർട്ടി സമരത്തിൽ തോറ്റാൽ, ജീവിതത്തിൽനിന്ന് പുറത്താക്കപ്പെട്ടതിന് സമാനമാണ്. അതാണ് ആ പാർട്ടി രൂപത്തിന്റെ ആഗോള ചരിത്രം. എന്നാൽ അത് ബാധകമാക്കാൻ വിഎസ് തയ്യാറായിരുന്നില്ല. പോരാട്ടത്തിന്റെ മറ്റൊരു വഴി അദ്ദേഹം വെട്ടിയുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പ്രദായിക രീതികളിൽനിന്ന് വിഎസ് പുറത്തുകടന്നു. അന്വേഷണങ്ങളുടെയും പോരാട്ടങ്ങളുയുടെയും പുതിയ വഴികൾ കണ്ടെത്തി, പാർട്ടി നേതൃത്വത്തെ നിരന്തരം വിചാരണ ചെയ്തു. അങ്ങനെ കേരളത്തിൽ ഒരു മുഖ്യധാര കമ്മ്യൂണിസ്റ്റുകാരൻ സാമ്പ്രദായിക വർഗ സങ്കൽപങ്ങൾക്കപ്പുറമുള്ള സമര മേഖലകൾ കണ്ടെത്തി.

കുത്തകകളുടെ കൈയറ്റ ഭൂമിയിലേക്ക് നടന്ന അദ്ദേഹം കേരളത്തിലെ അധികാര രാഷ്ട്രീയത്തെ വെല്ലുവിളിച്ചു. ടാറ്റ കൈയേറിയ ഭൂമിയിലേക്ക് നടന്നു കയറി, ഇത് പൊതു സ്വത്തെന്ന് പറഞ്ഞു. സ്ത്രീ പീഢകരാൽ ജീവിതം താളം തെറ്റി പോയ പെൺകുട്ടികളെയും കുടുംബത്തെയും ചേർത്തു നിർത്തി. ജനങ്ങൾ വിഎസ്സിനൊപ്പം കാടുകളും മലകളും കയറിയപ്പോഴും ഇതൊന്നും കമ്മ്യൂണിസ്റ്റ് രീതിയില്ലെന്ന് സ്ഥാപിക്കാനായിരുന്നു പാർട്ടിക്ക് താൽപര്യം. മുണ്ടിന്റെ കോന്തല അൽപം ഉയർത്തിപ്പിടിച്ച് മതികെട്ടാൻ ചോലയും, മൂന്നാറിന്റെ തേയിലക്കാടുകളിലേക്കും സമരപോരാട്ടത്തിന്റെ ആ മനുഷ്യരൂപം നടന്നുകയറി.




2006ൽ അവർ വിഎസിനെ മൽസരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. ജനം തെരുവിലിറങ്ങി. ഉരുക്കുമുഷ്ടിയുടെ പ്രതിരൂപങ്ങളായ നേതാക്കളെ ജനം തിരുത്തി. വിഎസ് മൽസരിച്ചു. ഈ പാർട്ടിയെക്കുറിച്ച് ജനങ്ങൾക്കൊന്നും അറിയില്ലെന്ന് മേനി പറഞ്ഞ നേതാവിനെയും ജനം തിരുത്തിച്ചു കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. വി എസ് പോരാട്ടം തുടർന്നു.

തടസ്സം സൃഷ്ടിച്ച, ഉള്ളിലും പുറത്തുമുള്ളവരെ അദ്ദേഹം നേരിട്ടു. മൂന്നാറിലെ കൈയറ്റം കുടിയൊഴിപ്പിക്കാൻ ഉദ്യോഗസ്ഥരെ വിട്ടത് കേരള ചരിത്രത്തിലെ അത്യപൂർവതയായിരുന്നു. ഭരണത്തിലിരിക്കുമ്പോഴും കയ്യേറ്റക്കാരോട് യാതൊരു സന്ധിക്കും വി എസ് തയാറായിരുന്നില്ല. സുരേഷ്‌കുമാറും ഋൃഷിരാജ് സിംഗും കലക്ടറായിരുന്ന രാജു നാരായണ സ്വാമിയും അടങ്ങുന്ന ദൗത്യസംഘത്തിനൊപ്പം മൂന്നാറിലേക്ക് വി എസ് ഇറങ്ങിത്തിരിച്ചത് അങ്ങനെയാണ്. കുടിയേറ്റക്കാർക്ക് എതിരെ ആയിരുന്നില്ല, ടാറ്റ അടക്കമുള്ള കുത്തകകൾക്കെതിരെ ആയിരുന്നു വി എസിന്റെ ജെ സി ബി ഇരച്ചുകയറിയത്. പതിനറായിരത്തോളം ഏക്കറാണ് അന്ന് വി എസ് സർക്കാർ പിടിച്ചെടുത്തത്. എന്നാൽ സംഘടിതമായി എല്ലാവരും എതിർത്തു. സിപിഐയും സിപിഎം നേതൃത്വവും എല്ലാം ചേർന്ന് മുന്നാറിനെ അട്ടിമറിച്ചു.

അതേസമയം, വിഎസ്സിന് വലിയ എതിർപ്പുണ്ടാക്കികൊടുത്ത സംഭവങ്ങളും ഉണ്ടായി. ചെങ്ങറ ഭൂസമരക്കാരെ വി എസ് 'റബ്ബർ കള്ളന്മാർ' എന്നും മൂലമ്പള്ളിയിലെ കുടിയിറങ്ങേണ്ടി വന്നവരെ മാവോയിസ്റ്റുകളെന്ന് വിളിച്ചതും വി എസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിരുന്നു.

വിഎസ്സിന്റെ കാലത്താണ് നീർത്തട സംരക്ഷണ നിയമം കൊണ്ടുവരുന്നത്. എന്നാൽ പിന്നീട് പിണറായി സർക്കാർ അത് തിരുത്തി.

എൻഡോസൾഫാനെതിരായ പോരാട്ടമായിരുന്നു വി എസ് ഭരണകാലത്തെ മറ്റൊരു പ്രധാന ജനകീയ പോരാട്ടം. എൻഡോസൾഫാൻ നിരോധിക്കണമെന്നും കീടനാശിനിയുടെ ഇരകൾക്ക് കേന്ദ്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ട് ഒരു മുഖ്യമന്ത്രി ഉപവാസസമരം നടത്തുന്നതിനും കേരളം അക്കാലത്ത് സാക്ഷ്യം വഹിച്ചു. ആ പോരാട്ടം പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി എസ് തുടർന്നിരുന്നു.

ഇടമലയാർ അഴിമതിക്കേസിൽ വി എസ് നടത്തിയ 25 വർഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടവും സ്മാർട്ട് സിറ്റി പദ്ധതിയിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകളും വലിയ ചർച്ചയായിരുന്നു. സംസ്ഥാന താത്പര്യത്തിന് അനുസൃതമായി പ്രവർത്തിച്ചാൽ മതിയെന്ന് നിലപാടെടുത്ത വി എസ് ഐ ടി കമ്പനികളെ അന്ന് വരച്ച വരയിൽ നിർത്തി. അങ്ങനെ അഴിമതി വിരുദ്ധതയും സുസ്ഥിര വികസനവുമെല്ലാം മുഖമുദ്രയാക്കിയ കാലഘട്ടം കൂടിയായിരുന്നു 2006-11 ലെ വി എസിന്റെ ഭരണകാലം.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിലിരിക്കെ, 2015-ലാണ് മൂന്നാറിൽ പൊമ്പിളൈ ഒരുമൈ സമരം നടക്കുന്നത്. കൂലി വർദ്ധനവ്, ലയങ്ങളിലെ ശോച്യാവസ്ഥ അടക്കമുള്ള വിഷയങ്ങളായിരുന്നു സമരാവശ്യങ്ങൾ. രാഷ്ട്രീയക്കാരെ പടിക്കുപുറത്തുനിർത്തിയായിരുന്നു സമരം. എല്ലാവരും ഒറ്റുകാരാണെന്ന് അനുഭവം ആ പാവപ്പെട്ട തൊഴിലാളികളെ പഠിപ്പിച്ചിരുന്നു. എന്നാൽ വിഎസിനെ അവർ വരവേറ്റു. ഏറ്റവും നിസ്വരായ തൊഴിലാളികൾക്കിടയിൽ ആ കമ്മ്യൂണിസ്റ്റിനുള്ള സ്വീകരാത്യ ബോധ്യപെടുത്തുന്നതായിരുന്നു ആ സംഭവം. സ്ഥലം എംഎൽഎയായിരുന്ന സിപിഎം നേതാവിനെ തെറിവിളിച്ചകറ്റിയ തൊഴിലാളികളാണ് വിഎസ്സിനെ ചേർത്തുപിടിച്ചത്.

എ കെ ജിക്ക് ശേഷം കേരളം കണ്ട ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവായി വി എസ് ഉയർന്നത് ഈ ജനകീയ പോരാട്ടങ്ങളുടെ പിൻബലത്തിൽ കൂടിയായിരുന്നു. വിഎസ്സിന്റെ യാത്രകൾ ബദൽ രാഷ്ട്രീയപ്രവർത്തനമായിരുന്നു. ടിപി ചന്ദ്രശേഖരനെ കൊലപെടുത്തിയപ്പോൾ ഒഞ്ചിയത്ത് കെ കെ രമയെ ചേർത്തുപിടിക്കാൻ അദ്ദേഹം പോയി, താരാപ്പുരിലെ ആണവ നിലയത്തെ എതിർക്കുകയും കുടംകുളത്ത് അനുകൂലിക്കുകയും ചെയ്ത സിപിഎമ്മിന്റെ വിചിത്രമായ വൈരുദ്ധ്യത്തെ അദ്ദേഹം തള്ളി. കൂടംകുളത്തേക്ക് പോകാൻ തുനിഞ്ഞു. മുന്നാറിലും മതികെട്ടാനിലും പോയി. അത്തരം എല്ലാ യാത്രകളും കേരളത്തിലെ സ്ഥാപിത താൽപര്യകാർക്കെതിരായിരുന്നു. ആ യാത്രകളിൽ വലതുപക്ഷവും പാർട്ടിയുടെ നേതൃത്വവും അസ്വസ്ഥമാകുന്നത് കേരളം കണ്ടു.

വികസനത്തിന് രാഷ്ട്രീയം വേണ്ടെന്ന് കമ്മ്യൂണിസ്റ്റ്കാർ പറയുന്ന സമയത്താണ് വിഎസ് വികസനത്തിലെ രാഷ്ട്രീയത്തെ മുഖ്യ അജണ്ടയാക്കിയത്. പ്രത്യയശാസ്ത്രം ബാധ്യതയായി കാണുന്ന പ്രായോഗികവാദികൾക്കെതിരെ സാധ്യമായപ്പോഴെല്ലാം അദ്ദേഹം തന്റെ ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്ത് തെളിയിച്ചു. കേരള ജനത ആ കമ്മ്യൂണിസ്റ്റ് നേതാവിനെ ക്‌ണ്ണേ കരളേ എന്ന് വിളിച്ചു ചേർത്തു പിടിച്ചു. അദാനിമാരെ പാർടണർമാരായി കാണുന്ന 'കമ്മ്യൂണിസ്റ്റ്' യുക്തികൾക്കിടയിൽ വിഎസ്സിന് സ്ഥാനമുണ്ടാവില്ല. ജനങ്ങൾ പക്ഷെ ആ കമ്മ്യൂണിസ്റ്റിനെ പ്രതിരോധത്തിന്റെ മാതൃകയായി എക്കാലവും ചേർത്തുപിടിക്കും.

TAGS :

Next Story